മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: നവംബർ ഒന്നിലെ മഹാറാലിയിൽ ഉറച്ച് കോൺഗ്രസ്. റാലി മാറ്റണമെന്ന ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രീസിന്റെ കത്ത് തള്ളിയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്. റാലിയിൽ 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.
ഒക്ടോബർ 30 മുതൽ ഡൽഹിയിലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും സഖ്യകക്ഷി നേതാക്കൾക്കും മല്ലികാർജുൻ ഖാർഗെ കത്ത് നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ 30ന് പ്രതീകാത്മക വിചാരണയിൽ മുൻ ജഡ്ജിമാരെയടക്കം പങ്കെടുപ്പിക്കും.
ശൈത്യകാല സമ്മേളനത്തിൽ ഇംപീച്ച്മെന്റ് നോട്ടിസ് നൽകും. വിദേശത്തുള്ള രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ തുടർ സമര പരിപാടികൾ സംബന്ധിച്ച് പുതിയ തീരുമാനങ്ങളുണ്ടാകുമെന്നാണ് വിവരം.
അതേസമയം സിഖ് കലാപത്തിന്റെ വാർഷിക ദിനത്തിൽ മഹാറാലി പ്രഖ്യാപിച്ച കോൺഗ്രസ് മുറിവിൽ ഉപ്പ് തേക്കുകയാണെന്ന വിമർശനമാണ് ബിജെപി ഉയർത്തിയത്. പ്രതിപക്ഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമരം തുടങ്ങാനിരിക്കേയാണ് സിഖ് വികാരം ഉണർത്തി വിമർശനം കടുപ്പിക്കാനുള്ള ബിജെപി ശ്രമം.
Tags : MallikarjunKharge Congress RahulGandhi AICC NewDelhi NewsUpdate Headlines