National
ന്യൂഡൽഹി: ബിജെപി നേതാവിന്റെ 'ലുങ്കിവാല' അധിക്ഷേപ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ എംപിമാർ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള പ്രമുഖ നേതാക്കൾ സ്ഥിരം ശൈലിയിൽ നിന്ന് മാറി കേരളീയ ശൈലിയിൽ മുണ്ടുടുത്ത് സഭയിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സംഭവത്തിന്റെ വീഡിയോ ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
'ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്കാരമാണ്, ഞങ്ങളുടെ അഭിമാനമാണ്' എന്ന് കുറിച്ചുകൊണ്ടാണ് ജോൺ ബ്രിട്ടാസ് ഈ പ്രതിഷേധം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ, വി. ശിവദാസ്, ഹാരിസ് ബീരാൻ, ക്രിസ്റ്റഫർ തിലക് എന്നിവർ മുണ്ടുടുത്തും, ജെബി മേത്തർ കേരളീയ ശൈലിയിലുള്ള സാരിയുടുത്തുമാണ് സഭയിലെത്തി ശ്രദ്ധേയരായത്.
ബിജെപി നേതാവ് സുഷ്മിത ദേവാണ് ദക്ഷിണേന്ത്യൻ വേഷത്തെ അവഹേളിച്ചുകൊണ്ട് 'ലുങ്കിവാല' പരാമർശം നടത്തിയത്. ഇത് സഭയുടെ അന്തസിനും ദക്ഷിണേന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി, സംഭവത്തിൽ അവകാശലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷന്‍ നോട്ടീസ് നൽകിയിട്ടുണ്ട്.
National
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഇന്നലെ രാവിലെ ശൂന്യവേളയില്‍ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ നടന്നത് രൂക്ഷമായ വാക്പോര്.
വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയെക്കുറിച്ചും അയോധ്യയിലെ ക്ഷേത്രക്കൊള്ളയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളികളോടെ ഇന്നലെയും പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇരുവരുടെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍.
മുദ്രാവാക്യം മുഴക്കി അംഗങ്ങൾ
ഖാര്‍ഗെയുടെ പ്രസംഗം ബിജെപി എംപിമാര്‍ എഴുന്നേറ്റ് ബഹളം വച്ചു തടസപ്പെടുത്തി. അധ്യക്ഷന്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും ബഹളം തുടര്‍ന്നു. ബഹളത്തിനിടയില്‍, സഭാനടപടികള്‍ തടസപ്പെടുത്തുന്നതിനെതിരായ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി റിജിജു രംഗത്തെത്തി. ഖാര്‍ഗെയുടെ തുടര്‍ച്ചയായ ഇടപെടലുകളെ മന്ത്രി വിമര്‍ശിച്ചു.
എല്ലാ ദിവസവും ഖാര്‍ഗെ എഴുന്നേറ്റുനിന്ന് താന്‍ എഴുതിവച്ചിട്ടുള്ള കാര്യങ്ങള്‍ വായിക്കുന്നു. ഓരോ തവണയും ചെയര്മാന് അദ്ദേഹത്തിനു സംസാരിക്കാന്‍ അവസരം നല്കുമ്പോഴും അദ്ദേഹം പറയുന്നത് ഒരേ കാര്യമാണ്. ഇതൊരു ആവര്‍ത്തനമാണെന്നു റിജിജു പറഞ്ഞു.
എന്നാല്‍, വാദങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നു താന്‍ തീരുമാനിക്കുമെന്ന് ഖാര്‍ഗെ തിരിച്ചടിച്ചു. മന്ത്രി പറയുന്നതുപോലെ പ്രവര്‍ത്തിക്കാനല്ല താന്‍ പ്രതിപക്ഷ നേതാവായിരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
ബഹളത്തിൽ നിർത്തിവച്ച് സഭ
ഖാര്‍ഗെയുടെ പ്രസ്താവനയ്ക്കെതിരേ ഭരണപക്ഷം ബഹളം തുടങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. ഉച്ചകഴിഞ്ഞു സഭ വീണ്ടും ചേര്‍ന്നപ്പോള്‍ റിജിജുവിനുള്ള മറുപടി നല്കാന് ഖാര്‍ഗെയെ ചെയര്മാന് അനുവദിച്ചു. സഭയില്‍ എന്തു പറയണമെന്ന് റിജിജുവില്‍നിന്നു പഠിക്കേണ്ടതില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. റിജിജുവില്നിന്നാണോ ഇനി ഞാന്‍ ചട്ടങ്ങള്‍ പഠിക്കേണ്ടത്? ചട്ടങ്ങളോ എന്റെ കൈവശമുള്ള വിഷയമോ വായിച്ചില്ലെങ്കില്‍, പിന്നെ നിങ്ങള്‍ തന്നതാണോ ഞാന്‍ വായിക്കേണ്ടത്? എന്താണു പറയേണ്ടത്, എപ്പോള്‍ പറയണം, എങ്ങനെ പറയണം എന്നത് എന്റെ അവകാശമാണ്- ഖാര്‍ഗെ പറഞ്ഞു.
രാജ്യസഭയിലെ പുതിയ അംഗമായ കോണ്‍ഗ്രസിലെ പവന് ഖേര മുദ്രാവാക്യം വിളിച്ചതിനെ റിജിജു നേരത്തേ വിമര്‍ശിച്ചിരുന്നു. ഇതിനെതിരേയും ഖാര്‍ഗെ പ്രതികരിച്ചു.
ചർച്ചയ്ക്കു തയാറെന്ന് പ്രതിപക്ഷം
തടസപ്പെടുത്തലുകള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നെന്ന് ബിജെപി നേതാവും രാജ്യസഭയുടെ മുന്‍ നേതാവുമായ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിട്ടുണ്ട്. രാജ്യത്തെയും 140 കോടി ജനങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് ഞങ്ങള്‍ ഉന്നയിച്ചത്. പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാണ്. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും സഭയില്‍ വരണമെന്നാണ് ആവശ്യപ്പെടുന്നത്. ആഭ്യന്തരമന്ത്രിയോട് ഇവിടെ വന്നു പ്രസ്താവന നടത്താന്‍ നിര്‍ദേശിക്കണമെന്ന് സഭാധ്യക്ഷനോട് അഭ്യര്‍ഥിക്കുന്നു. -ഖാർഗെ പറഞ്ഞു.
ഖാര്‍ഗെയുടെ ഈ അഭ്യര്‍ഥനയ്ക്കു പിന്നാലെയാണ് ആഭ്യന്തരമന്ത്രി സഭയില്‍ വരണമെന്ന പ്രതിപക്ഷത്തിന്റെ വികാരം അദ്ദേഹത്തെ അറിയിക്കണമെന്നു പാര്‍ലമെന്ററികാര്യ മന്ത്രിയോട് സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണന് നിര്‍ദേശിച്ചത്.
National
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ വലിയ തോതിലുള്ള തട്ടിപ്പും മോഷണവും നടന്നെന്ന ഗുരുതര ആരോപണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ മറുപടി പറയണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. ചൊവ്വാഴ്ച രാജ്യസഭയിലാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്.
വിഷയത്തിൽ പ്രധാനമന്ത്രിയുടെ പങ്ക് വ്യക്തമാക്കണമെന്നും പൊതുജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും ഖാർഗെ ആരോപിച്ചു. രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സംഭാവനകളുടെ വിനിയോഗത്തിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ശക്തമാക്കിയത്.
National
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശത്തെച്ചൊല്ലി പാർലമെന്റിൽ വൻ പ്രതിഷേധം. പൊതുപരീക്ഷാ ഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖാർഗെ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. നീറ്റ് പരീക്ഷാ ചോർച്ചയുമായും വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകളുമായും ബന്ധപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ നടപടി ഉയർത്തിക്കാട്ടിയാണ് ഖാർഗെ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ഖാർഗെ, "നിങ്ങൾക്ക് എന്നേക്കുമായി അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കാൻ കഴിയില്ലെന്നും ഒരു ദിവസം ഞങ്ങൾ നിങ്ങളെ പുറത്തേക്ക് വലിച്ചിഴക്കുമെന്നും" പ്രസ്താവിച്ചു. ഖാർഗെയുടെ പരാമർശം അക്രമ ഭീഷണിയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കളും സഭാനേതാവ് ജെ.പി. നദ്ദയും രംഗത്തെത്തി. ഖാർഗെയുടെ പരാമർശങ്ങൾ പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.
തുടർന്ന് താൻ ഭീഷണിപ്പെടുത്തിയതല്ലെന്നും, ജനശക്തിയും (ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ശക്തി) പ്രതിഷേധവുമാണ് ഉദ്ദേശിച്ചതെന്നും ഖാർഗെ വ്യക്തത വരുത്തി. എന്നാൽ ഇതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയിൽ വാക്പോര് കടുത്തു.