മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ താൻ പ്രസംഗിച്ച വേദിയിൽ ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയ സംഭവത്തിൽ പാർട്ടി സഹപ്രവർത്തകരിൽനിന്നു പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജാതിവിവേചനത്തിനെതിരേയും സാമൂഹികനീതി വിഷയങ്ങളിലും കോണ്ഗ്രസ് നേതാക്കൾ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച ചേർന്ന കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ, വിഷയത്തിൽ ശക്തമായി പ്രതികരിച്ച ഉത്തരാഖണ്ഡ് കോണ്ഗ്രസ് ഘടകത്തെ ഖാർഗെ അഭിനന്ദിച്ചു. ശക്തമായി പിന്തുണയ്ക്കാതിരുന്ന മുതിർന്ന നേതാക്കളെ പരാമർശിച്ച് “നന്നായി എഴുതുകയും നന്നായി കാണപ്പെടുകയും ചെയ്യുന്നവർ’’ പോലും വിഷയത്തിൽ ശബ്ദമുയർത്തിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ഈമാസം എട്ടിന് ഖാർഗെ പ്രസംഗിച്ചതിനു പിന്നാലെയാണ് ‘ശുദ്ധീകരണ’ ചടങ്ങ് നടന്നത്. സംഭവത്തെ കോൺഗ്രസ് പ്രവർത്തകസമിതി അപലപിച്ചതായി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.
ചടങ്ങിന് പിന്നിൽ ബിജെപി-ആർഎസ്എസ് അനുകൂലികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടു.സംഭവത്തിന് പിന്നിൽ ബിജെപിയുമായി ബന്ധമുള്ള ശ്രീറാം സേനയാണെന്ന് ഉത്തരാഖണ്ഡ് കോണ്ഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയാൽ ആരോപിച്ചെങ്കിലും ബിജെപി നിഷേധിച്ചു.
Tags : MallikarjunKharge Party PurificationControversy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs