പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾക്കും സ്ഥിരം കുറ്റവാളികൾക്കുമെതിരെ നടപടി കടുപ്പിച്ച് കേരള പോലീസ്. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആരംഭിച്ച പ്രത്യേക പരിശോധനാ ഡ്രൈവായ 'ഓപ്പറേഷൻ ഗ്രിപ്പ്' സംസ്ഥാനത്തുടനീളം ശക്തമായി മുന്നേറുകയാണ്. ഓഗസ്റ്റ് എട്ട് മുതൽ 20 വരെയുള്ള ദിവസങ്ങളിലായി 10,519 സാമൂഹികവിരുദ്ധരെയാണ് പോലീസ് കർഷന നിരീക്ഷണ വലയത്തിലാക്കിയത്.
ആഭ്യന്തര വകുപ്പ് മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ഭീഷണി മുഴക്കി ഒളിവിലായിരുന്ന അർജുൻ ആയങ്കിയെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡ്രൈവിലൂടെ 48 മണിക്കൂറിനുള്ളിൽ ഇയാളെ വലയിലാക്കിയിരുന്നു. തുടർന്ന് സംസ്ഥാനത്തെ ക്രിമിനൽ മാഫിയകളെ അമർച്ച ചെയ്യുന്നതുവരെ ഓപ്പറേഷൻ തുടരാൻ എഡിജിപി നിർദേശം നൽകുകയായിരുന്നു.
ഓപ്പറേഷന്റെ ഭാഗമായി കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലയച്ചു. കൂടാതെ 20 പേരെ കാപ്പ നിയമപ്രകാരം തടങ്കലിലാക്കുകയും 18 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന 158 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതിനൊപ്പം, ജാമ്യവ്യവസ്ഥ ലംഘിച്ച രണ്ടുപേരുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ തുടര്‍നടപടി ഉണ്ടാകുമെന്ന് എഡിജിപി അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash