പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് 'കേരളം മെട്രോ റെയിൽ ലിമിറ്റഡ്' എന്ന് പുനർനാമകരണം ചെയ്യാനുള്ള ശിപാർശയ്ക്കെതിരെ കടുത്ത എതിർപ്പുമായി എറണാകുളം എംപി ഹൈബി ഈഡൻ. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ സർക്കാരിന് സമർപ്പിച്ച ഈ നിർദ്ദേശത്തിൽ അഭിപ്രായ ഐക്യമില്ലാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൊച്ചിക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലെ ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് പേര് മാറ്റാൻ കെഎംആർഎൽ സർക്കാരിനോട് തത്ത്വത്തിലുള്ള അംഗീകാരം തേടിയത്. അഹമ്മദാബാദ് മെട്രോ 'ഗുജറാത്ത് മെട്രോ' ആയും, നാഗ്പൂർ മെട്രോ 'മഹാരാഷ്ട്ര മെട്രോ' ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടർന്നാണ് ഈ നിർദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ അനുമതിക്ക് ശേഷം ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം എന്നിവയുടെ അംഗീകാരങ്ങളോടെ മാത്രമായിരിക്കും അന്തിമ മാറ്റം.
എന്നാൽ, ചരിത്രബോധമില്ലാതെ എടുക്കുന്ന വിചിത്രമായ തീരുമാനമാണിതെന്നും കൊച്ചി മെട്രോയുടെ ബ്രാൻഡ് മൂല്യത്തെയും വൈദഗ്ധ്യത്തെയും നിലനിർത്തിക്കൊണ്ടുതന്നെ മറ്റ് പദ്ധതികൾ നടപ്പിലാക്കാമെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ഭാവിയിലെ പദ്ധതികൾക്ക് എന്ത് പേരിടണമെന്ന് അത് പൂർത്തിയാകുന്ന ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണെന്നും തിടുക്കത്തിൽ എടുത്തുചാടി പേര് മാറ്റരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Tags : KochiMetro Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash