രാജുവും കുടുംബവും
ഹൈദരാബാദ്: തെലുങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ബൽവന്ത്പൂർ സ്വദേശികളായ ദാന്തുഗുല രാജു (30), ഭാര്യ ഭാഗ്യ (22), മകൻ നിഹാൻഷ് (അഞ്ച്), മകൾ ഷാൻവിക (മൂന്ന്) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി സിദ്ദിപേട്ടിലേക്ക് പോയതായിരുന്നു കുടുംബം. ചടങ്ങുകൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് കാറിൽ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപ്പനപള്ളിക്ക് സമീപം എത്തിയപ്പോൾ കാറിന്റെ നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന് കിണറ്റിലേക്ക് മറിയുകയായിരുന്നു.
കുടുംബം, വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്തറിയുന്നത്. ദമ്പതികളുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കാർ കിണറ്റിൽ വീണ വിവരം കണ്ടെത്തിയത്.
പോലീസും അഗ്നിശമന സേനയും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്തെങ്കിലും നാലുപേരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Family Car Well