National
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിൽ കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. ഡ്രൈവറായ ലിംഗത്തിന്റെ (30) മകൻ യുവരാജാണ് കൃഷിയിടത്തിലെ കിണറ്റിൽ വീണ് മരിച്ചത്.
യുവരാജ് മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയതായിരുന്നു. കൂടെയുണ്ടായിരുന്നവർ മടങ്ങിപോയതിന് പിന്നാലെ ആടുകളെ മേയിക്കാൻ പോയ അമ്മയെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു യുവരാജ്. ഇതിനിടെ കാൽ വഴുതി കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.
യുവരാജിനെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ഒരു കളിപ്പാട്ടം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: നാദാപുരം തൂണേരിയില്‍ ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം നിക്ഷേപിച്ചു. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് ശുചിമുറി മാലിന്യം തള്ളിയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
വേനൽ സമയത്ത് പ്രദേശവാസികൾ ആകെ ആശ്രയിക്കുന്ന കിണറ്റിലാണ് മനുഷ്യ വിസർജ്യം ഇട്ടത്. മനോജനും അടുത്തുള്ള സഹോദരന്റെ കുടുംബവും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചതിലെ രാഷ്ട്രീയ വിരോധമാണ് കാരണമെന്ന് യുഡിഎഫും കെകെ രമ എംഎല്‍എയും പ്രതികരിച്ചു. ആർഎംപി രൂപീകരണം മുതല്‍ സംഘടനയുടെ ഭാഗമായ മനോജന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
തനിക്കോ, തന്നോടോ ആർക്കും എതിർപ്പ് ഇല്ലെന്നും എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് അറിയില്ലെന്നുമാണ് മനോജ് പറയുന്നത്. പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ കിണറിലെ വെള്ളം ഉപയോഗിക്കാനാകൂ. അതുവരെ വെള്ളത്തിന് വേറെ വഴി നോക്കേണ്ട അവസ്ഥയിലാണ് ഈ വീട്ടുകാർ.
District News
പുനലൂര്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍ തിരുവഴിമുക്ക് പുല്ലരിമുക്ക് കടയ്ക്കോട് അനുപമ ഭവനില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ സരള (70)യെയാണ് വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ ഉപയോഗശൂന്യമായി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുനലൂര്‍ ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കൾ: സ്മിത,മോനിമ. മരുമക്കൾ: വിജു, സജിത്ത്.
Kerala
കോഴിക്കോട്: ചെലവൂർ മൂഴിക്കലില്‍ യുവതിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകള്‍ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഈസ്റ്റ് മൂഴിക്കൽ പൂതംകുഴി വീട്ടിൽ നസ്രീനയുടെ(16) രണ്ടു ഫോണും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ നല്ലളം കൊളത്തറ മാവത്തിനിലം കെ.പി.ഹൗസിൽ അദ്നാന്റെ (20) ഫോണുമാണ് കിണറ്റില്‍നിന്ന് പോലീസ് കണ്ടെത്തിയത്.
മാതൃസഹോദരിയുടെ മകൾ നസ്രീനയെ കൊലപ്പെടുത്തിയ നിലയിലും യുവാവായ അദ്നാനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ എങ്ങനെയെത്തി എന്നത് ദുരൂഹമാണ്. നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോണുകള്‍ കണ്ടെടുത്തത്. തെളിവു നശിപ്പിക്കാന്‍ ശ്രമം നടന്നതായാണ് സൂചന. അദ്നാൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരു ഫോൺ ലഭിച്ചിരുന്നു. പ്രതിയാണ് തെളിവു നശിപ്പിക്കാൻ ശ്രമിച്ചതെങ്കിൽ ഈ ഫോണും നശിപ്പിക്കേണ്ടതായിരുന്നു എന്നാണ് നിഗമനം.
അദ്നാനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി ഉള്ളിൽനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പ്രതി മരിച്ച ശേഷം ഫോണുകൾ കിണറ്റിൽ എങ്ങനെ എത്തിയെന്നതാണ് ദുരൂഹത ഉണർത്തുന്നത്. കുടുംബാംഗങ്ങളിൽ ആരെങ്കിലും ആസൂത്രിതമായി തെളിവു നശിപ്പിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തുവരുമെന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് നസ്രീനയെയും മാതൃസഹോദരിയുടെ മകൻ അദ്നാനെയും ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിൽ താമസിച്ചു വന്ന അദ്നാനെ അടുത്തകാലത്ത് വീട്ടിലുണ്ടായ ചില പ്രശ്നങ്ങൾക്കു പിന്നാലെ ഡിസംബറിൽ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ചതാണ് നസ്രീനയുടെ മരണത്തിന് ഇടയാക്കിയതെന്നും ടേപ്പ് ഉപയോഗിച്ച് മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസം മുട്ടിയാണ് അദ്നാൻ മരിച്ചതെന്നുമാണ് സൂചന.
National
അഹമ്മദാബാദ്: ഗുജറാത്തിൽ കിണറിനുള്ളിൽ കുടുങ്ങിയ സിംഹത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ഉന താലൂക്കിലെ നവബന്ധറിലെ വനപ്രദേശത്തിന് സമീപം 15 അടി താഴ്ചയുള്ള കിറണിനുള്ളിലാണ് സിംഹം കുടുങ്ങിയത്.
ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ വെള്ളം നിറഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. പുറത്ത് കടക്കാൻ പറ്റാതെ കിണറ്റിൽ കുടുങ്ങിയ സിംഹത്തെ പ്രദേശവാസികൾ കണ്ടു. തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ജസധർ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുൽദീപ് ചൗഹാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് ധാരാളം ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു.
ശരീരത്ത് കയർ കുടുക്കിട്ടാണ് സിംഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. രക്ഷാപ്രവർത്തനം ഏകദേശം 30 മിനിട്ടോളം നീണ്ടു.
Kerala
കണ്ണൂർ: മയ്യിൽ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപം കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൾ ഗഫൂർ, കണ്ണൂർ അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണർ നിർമാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കയർപൊട്ടി താഴേക്ക് വീഴുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Kerala
പാലക്കാട്: കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി മാരാത്തുകുന്ന് ഉന്നതി വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ഏഴിനായിരുന്നു അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന് അരുഷ് കിണറ്റിലേക്ക് കാല്‍തെന്നി വീഴുകയായിരുന്നു. മകന് കിണറ്റില്‍ വീണതറിഞ്ഞ വിഷ്ണു ഉടന്‍തന്നെ രക്ഷിക്കാനായി താഴേക്ക് ചാടി.
ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിശമനസേന കുട്ടി സുരക്ഷിതനാണെന്ന് കണ്ട് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയിക്കുന്നത്.
തുടര്‍ന്ന് സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ കിണറ്റിലെ ചേറില്‍ കുടുങ്ങിയ നിലയില്‍ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കിണറ്റിനുള്ളിലെ ഓക്സിജന്‍ കുറവും ശ്വാസതടസവുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. പരിക്കേറ്റ അരുഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. നിര്‍മാണത്തൊഴിലാളിയാണ് മരിച്ച വിഷ്ണു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മൂന്ന് വയസുകാരനായ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണുവാണ് (33) മരിച്ചത്.
അയൽവാസിയായ യുവാവ് പിന്നീട് കുട്ടിയെ കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വിഷ്ണുവിന്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പുറത്തെടുത്തത്.
District News
പൂക്കോട്ടുംപാടം: വയോധികയെ വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടേക്കര പരേതനായ തോട്ടുങ്ങൽ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കദീജ (86) യെയാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വീടിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയ്ക്ക് വീട്ടുകാർക്കൊപ്പം ഉറങ്ങാൻ കിടന്ന കദീജയെ മൂന്ന് മണിയോടെ കാണാതായി. തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാർധക്യസഹചമായ മാനസിക പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇതേത്തുടർന്ന് കിണറ്റിൽ ചാടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് ഫയർ ഫോഴ്സിനെ വിവരമറിയിച്ചു.
അഞ്ചുമണിയോടെ നിലന്പൂരിൽനിന്നെത്തിയ അഗ്നിശമന സേനയിലെ ഓഫീസർമാരായ റൂമേഷ്, ശ്രീരാജ് എന്നിവർ 60 അടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫയർ സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ മാർക്കോസ്, ഫയർ ഓഫീസർമാരായ ഫിറോസ്, റജിൻരാജ്, അഖിൽ, സൂരജ്, ഹോം ഗാർഡ് രവീന്ദ്രൻ എന്നിവരും പൂക്കോട്ടുംപാടം പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ഹഫ്സത്ത്, പരേതരായ മുഹമ്മദാലി, സുലൈഖ എന്നിവരാണ് കദീജയുടെ മക്കൾ. മരുമക്കൾ: പോക്കർ, ബേബി.
Kerala
പേരൂര്‍ക്കട: കുടപ്പനക്കുന്നിൽ കാണാതായ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ. ദര്ശന് നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി (85) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു.
മകന് ഷെറിയുടെ വീട്ടുവളപ്പിലുണ്ടായിരുന്ന 45 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പീറ്റര്‍ വര്‍ക്കി ചാടിയത്. കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു. രാവിലെ പിതാവിനെ അന്വേഷിച്ചിട്ടു കാണാതായതോടെ കിണര്‍ പരിശോധിച്ചപ്പോഴാണ് വീണുകിടക്കുന്നതായി കണ്ടെത്തിയത്.
തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ അനീഷ്, ജിതേഷ്, സേനാംഗങ്ങളായ വിമല്‍രാജ്, അഖില്‍, വിഷ്ണുമോഹന് എന്നിവരുടെ നേതൃത്വത്തില്‍ ഡ്രൈവര്‍ എസ്.പി. സജിയാണ് കിണറ്റിലിറങ്ങി പീറ്റര്‍ വര്‍ക്കിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
രോഗാവസ്ഥയെത്തുടര്ന്നുള്ള മനോവിഷമമാണ് പീറ്റർ കിണറ്റില്‍ ചാടാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം മോര്‍ച്ചറിയില്‍.
Kerala
ഗൂഡല്ലൂര്‍: ജനവാസ കേന്ദ്രത്തില്‍ കിണറ്റില്‍ വീണ കടുവ ചത്തു. മുതുമല കടുവാസങ്കേതത്തിലെ നെല്ലാക്കോട്ട റേഞ്ച് പരിധിയിലുള്ള മുക്കട്ടി പൊന്നമൂലയിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്.
ആറു വയസ് മതിക്കുന്ന കടുവയാണ് ചത്തത്. ഇന്നു രാവിലെയാണ് ജഡം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
മുതുമല കടുവാസങ്കേതം ഡയറക്ടര്‍ കൃപാശങ്കര്‍, നെല്ലാക്കോട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
കടുവകള്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ കാല്‍തെറ്റി കിണറ്റില്‍ വീണതാണെന്നാണ് വനസേനാംഗങ്ങളുടെ അനുമാനം.
Kerala
കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ മ്ലാവിനെ സാഹസികമായി രക്ഷിച്ച് ഫയര്‍ ഫോഴ്സ്. കോതമംഗലം നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപത്തെ നജീബിന്റെ വീട്ടിലെ കിണറ്റിലാണ് ബുധനാഴ്ച മ്ലാവ് വീണത്.
കിണറിന്റെ ചുറ്റും കെട്ടിയിരുന്ന ഷീറ്റ് കീറിക്കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് മ്ലാവ് കിണറ്റില്‍ വീണത് കണ്ടത്. കാട് പിടിച്ചു കിടന്നിരുന്ന പറമ്പ് വൃത്തിയാക്കാന്‍ എത്തിയവരാണ് മ്ലാവ് കിണറ്റില്‍ വീണത് ആദ്യം കണ്ടത്.
ഉടനെ വനം വകുപ്പ് അധികൃതരെയും ഫയര്‍ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് വടം ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങിയാണ് മ്ലാവിനെ വലിച്ചു മുകളിലേക്ക് കയറ്റിയത്. തുടര്‍ന്ന് ഇതിനെ കാട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടു.
District News
കല്ലൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ആള്‍മറ ഇടിഞ്ഞുവീണ് കല്ലൂര്‍ സ്വദേശി മരിച്ചു. അയ്യങ്കോട് വട്ടപുള്ളി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ശാന്തയുടെയും മകന് ജയനാണ് (47) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപത്തുള്ള പറമ്പിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ആള്‍മറ ഇടിയുകയായിരുന്നു. ഇതോടെ ആള്‍മറയില്‍ പിടിച്ചു നിന്നിരുന്ന ജയന് കിണറ്റിലേക്ക് വീഴുകയായിരുന്നു.
പുതുക്കാട് അഗ്നിരക്ഷയേന എത്തിയാണ് ജയനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. പരിക്കേറ്റ ജയനെ ആദ്യം വെണ്ടോരിലെ സ്വകാര്യആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍: ഷാബു, രജീന്ദ്രന്‍, പരേതനായ മോഹനന്.
Kerala
കാട്ടാക്കട: പൂജാരി കിണറ്റിൽ വീണ് മരിച്ചു. മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്.
പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാട്ടാക്കട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
District News
ചങ്ങരംകുളം: ഒതളൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒതളൂർ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന കൊടക്കാട്ടുവളപ്പിൽ ചന്ദ്രന്റെ മകൻ ഷിജുകൃഷ്ണ(22)നെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്കൂൾ ബസിൽ ജീവനക്കാരനായിരുന്ന ഷിജു കൃഷ്ണനെ ഞായറാഴ്ച രാത്രി എട്ടോടെയാണ് വീട്ടിൽ നിന്ന് കാണാതായത്.
നാട്ടുകാർ ഏറെ നേരം തെരഞ്ഞെങ്കിലും ഫലമുണ്ടാകാത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നലെ രാവിലെ പത്തോടെ സ്വന്തം വീടിന് പിറകിലുള്ള കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും സഹോദരിമാരും വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ഷിജു കൃഷ്ണനെ വീട്ടിൽ നിന്ന് കാണാതായത്.
താഴ്ച കൂടുതലുള്ള കിണറ്റിൽ വെള്ളം കുറവായിരുന്നു. കുന്നംകുളം ഫയർഫോഴ്സും ചങ്ങരംകുളം പോലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചങ്ങരംകുളം എസ്ഐ ശ്രീലേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: സീത. സഹോദരങ്ങൾ: ഷിജിത, വിജിത.
Kerala
കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ കാട്ടുമറ്റത്തില്‍ ഡോ. കെ.സി. ജോയ് (75) ആണ് മരിച്ചത്. വൈകിട്ട് ആറോടെയാണ് സംഭവം.
തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കിണര്‍ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കിണര്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തില്‍ കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആള്‍മറയില്ലാത്ത കിണറായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കിണറ്റില്‍ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടന്‍ തന്നെ കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യനായ ജോയ് എറണാകുളത്തായിരുന്ന താമസം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
പാലക്കാട്: പട്ടാമ്പിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്.
ശനിയാഴ്ച ഉച്ച മുതൽ ഇയാളെ കാണാതായിരുന്നു. പട്ടാമ്പി വീരമണിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Chocolate
പണ്ടൊരു സുൽത്താൻ തന്റെ സാമ്രാജ്യ പരിസരങ്ങളിൽ നിന്നകന്ന് മരുഭൂമിയിൽ ഒറ്റപ്പെട്ടപ്പോൾ ഒരു സഞ്ചാരിയെകണ്ടുമുട്ടി. ദാഹിച്ചുവലഞ്ഞ സുൽത്താന്റെ യാചനയ്ക്കു മുന്നിൽ സഞ്ചാരി ഒരു ചോദ്യമിട്ടു. ഈയൊരു കവിൾവെള്ളത്തിന് എനിക്കെന്തു വിലതരും? സുൽത്താൻ തെല്ലുനേരവും ആലോചിക്കാതെ പറഞ്ഞു. "എന്റെ രാജ്യം മുഴുവൻ’ ഒരു കവിൾ വെള്ളത്തിന്റെ വിലയേ... കഥയാണ്... കഥയിൽ ചോദ്യമില്ലെന്നൊക്കെ പറയും. പക്ഷേ, വെള്ളത്തിന്റെ വില അത് നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. ഭൂമിയിലെ സകല മനുഷ്യർക്കും ആവശ്യമായത്ര കുടിവെള്ളം ഉണ്ടായിരിക്കെ ഇനിയുള്ള യുദ്ധം വെള്ളത്തിനുവേണ്ടിയായിരിക്കും എന്ന് നിരീക്ഷകർ മുന്നറിയിപ്പു തരുന്നു. മൂവായിരം മില്ലി മീറ്ററിലധികമാണ് കേരളത്തിലെ മഴ. അതായത് ദേശീയ ശരാശരിയുടെ രണ്ടരയിരട്ടി. എന്നിട്ടും കേരളീയർ വേനലിൽ കുടിവെള്ള ടാങ്കറുകൾക്ക് പിന്നാലെയാണ്. കേരളത്തിൽ കിട്ടുന്ന മഴയുടെ അറുപത് ശതമാനമേ നാം ഉപയോഗപ്പെടുത്തുന്നുള്ളു. ബാക്കി കടലിലേക്ക് ഒഴുകിപോവുകയാണ്. എട്ടാം തരത്തിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിലെ ഭൂമിയിലെ ജലം, എന്ന പന്ത്രണ്ടാം പാഠത്തിൽ മലിനമാകുന്ന ജലവും അനുബന്ധ കാര്യങ്ങളും വിശദമായി പഠിക്കാനുണ്ട്. അധികവിവരങ്ങൾ വായിക്കാം...
വെള്ളം, വായു, ആഹാരം, പാർപ്പിടം എന്നീ അടിസ്ഥാനസൗകര്യങ്ങളില്ലാതെ നമുക്കും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ പ്രയാസമാണല്ലോ. ഇതിൽ ഭൂമിയിൽ നിന്നും സൗജന്യമായി ലഭിച്ചിരുന്ന ജലം ഇന്ന് ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നായി മാറിയിരിക്കുന്നു. വെള്ളമില്ലാതെ ജീവനോ, വികസനമോ, ഉത്പന്നങ്ങളോ ഇല്ല. നമുക്കാവശ്യമായ ശുദ്ധജലത്തിന്റെ തോത് നാൾക്കുനാൾ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ അന്‍പത് ശതമാനം ജനങ്ങളുടെയും കുടിവെള്ളം ഭൂഗർഭജലമാണ്(Ground Water). എഴുപത് ശതമാനം ഭൂജലം കൃഷിക്കായാണ് ഉപയോഗിക്കുന്നത്. നഗരവത്കരണവും വ്യവസായ വത്കരണവും മൂലം ലോകത്തിലെ ജല ആവശ്യം 2050 ആകുന്പോഴേക്കും 55 ശതമാനം കണ്ട് ഉയരുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. കാലാവസ്ഥാ വ്യതിയാനം മൂലം വരൾച്ച രൂക്ഷമാകുന്നതോടെ 20 ശതമാനം വെള്ളം കൂടുതലായി വേണ്ടി വരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂമിയിലെ 97 ശതമാനം ജലവും ലവണ ജലമാണ് അതായത് സമുദ്ര ജലമാണ്. 2.67 ശതമാനം ജലം മനുഷ്യർക്ക് നേരിട്ട് ലഭ്യമല്ല. ശുദ്ധജലമായി ഉള്ളത് 0.33 ശതമാനം ജലം മാത്രമാണ്.
നാനൂറ് കോടി ആളുകൾ, ലോക ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ടു ഭാഗവും ഓരോ വർഷവും കുറഞ്ഞത് ഒരു മാസമെങ്കിലും കടുത്ത ജലക്ഷാമം അനുഭവിക്കുന്നു. ജലവിതരണം അപര്യാപ്തമായ രാജ്യങ്ങളിൽ ഇരുനൂറ് കോടിയിലധികം ആളുകൾ താമസിക്കുന്നു. 2025 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയും ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാകും ജീവിക്കുന്നത്.
2030 ആകുമ്പോഴേക്കും 700 ദശലക്ഷം ആളുകൾ കടുത്ത ജലക്ഷാമം മൂലം കുടിയിറക്കപ്പെടും. 2040 ആകുമ്പോഴേക്കും, ലോകമെമ്പാടുമുള്ള 4 കുട്ടികളിൽ നാലിൽ ഒരാൾ വളരെ ഉയർന്ന ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലായിരിക്കും ജീവിക്കുന്നത്.
കുടിവെള്ളമില്ലാത്ത ലോകം
മഴയിൽ ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിവെള്ളമാണ് കിണറുകളിലൂടെയും കുഴൽ കിണറുകളിലൂടെയും ഊറ്റിയെടുക്കുന്നത്. ഇതിനാൽ ഭൂമിക്കടിയിലെ ജലസ്തരങ്ങൾ (അക്വിഫർ) വറ്റിക്കൊണ്ടിരിക്കുകയാണ്.കെട്ടിട നിർമ്മാണം, തണ്ണീർതടങ്ങളുടെ ശോഷണം, വനനശീകരണം കൃഷിസ്ഥലം നികത്തൽ എന്നിവ മണ്ണിൽ താഴുന്ന മഴവെള്ളത്തിന്റെ അളവ് കുറച്ചു. ജനപ്പെരുപ്പം, നഗരവൽക്കരണം, വ്യവസായവൽക്കരണം എന്നിവ മൂലം ഭൂജല ഖനനമാണ് ലോകത്ത് നടക്കുന്നത്. മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും വരൾച്ച വ്യാപകമാക്കുകയും ചെയ്യുന്നു.
കാശുകൊടുത്ത് ശുദ്ധജലം
കുപ്പിവെള്ളത്തിന് ഇപ്പോൾ വില 20 രൂപയോളമാണ്. പണ്ട് കുടിവെള്ളം കുപ്പിയിലാക്കിവരുന്നു എന്നു കേട്ടപ്പോൾ മൂക്കത്ത് വിരൽവെച്ചവരാണ് നമ്മൾ. ഇന്ന് ഇത് വാങ്ങാത്തവരായി ആരുമുണ്ടാകില്ല. വേനൽ രൂക്ഷമാകുന്നതോടെ നഗരങ്ങളിൽ മാത്രമല്ല ഗ്രാമ വഴികളിലും വെള്ളവുമായെത്തുന്ന ടാങ്കറുകൾ നിത്യ കാഴ്ച്ചയാണ്. ദൂരം കൂടുന്നവതിനനുസരിച്ചും ഓരോ വർഷം പിന്നിടുന്പോഴും വെള്ളത്തിന്റെ വില അന്‍പതോ, നൂറോ വർധിക്കും. അത് 500 മുതൽ 1000 രൂപവരെയാകും.
നമ്മുടെ നദികൾ
നമുക്ക് 44 നദികൾ ഉണ്ട്. ഇവയിൽ എത്രയെണ്ണത്തിൽ നീരൊഴുക്കുണ്ട്? ഭാരതപ്പുഴ എന്ന നമ്മുടെ ഏറ്റവും വലിയ ജലകേന്ദ്രത്തിൽ കുഴികുത്തിവെള്ളമെടുക്കുന്ന സ്ത്രീകൾ നിത്യകാഴ്ചയാണ്. 21 റിസർവോയറുകൾ നമുക്കുണ്ടെങ്കിലും ഇതിൽ വെറും നാലെണ്ണമേ കുടിവെള്ളത്തിനും മറ്റിനുമുപയോഗിക്കുന്നുള്ളൂ. ബാക്കി വരുന്നവ വൈദ്യുതിക്കും മറ്റു ജലസേചനാവശ്യങ്ങൾക്കുമാണുപയോഗിക്കുന്നത്. ഗ്രാമത്തിന്റെ കിലുക്കാം പെട്ടികൾ’ എന്നു വിശേഷിപ്പിക്കുന്ന പുഴകളിൽ ഇന്ന് മാലിന്യങ്ങളാണ് ഒഴുകുന്നത്. ഒരു പെരുമഴ പെയ്ത് പുഴയിലെ വെള്ളമുയർന്നിറങ്ങുന്പോൾ കരക്കടിയുന്ന മാലിന്യക്കൂന്പാരങ്ങൾ കൂട്ടുകാർ പത്രങ്ങളിലും മറ്റും കണ്ടിട്ടില്ലേ. മാത്രവുമല്ല മിക്ക വ്യവസായശാലകളുടെ മാലിന്യക്കുഴൽ നീട്ടിയിരിക്കുന്നത് പുഴകളിലേക്കാണ്. ഇത് പുഴയിലെ ജലത്തെ മലിനമാക്കുന്നതിനൊപ്പം പുഴയിലെ ആവാസവ്യവസ്ഥ കൂടിയാണ് തകരാറിലാക്കുന്നത്. ലോകത്ത് വ്യവസായ മേഖലയിൽ 22 ശതമാനം വെള്ളം ഉപയോഗിക്കുന്നുണ്ട്. വ്യവസായം കൂടുതലുള്ള രാജ്യങ്ങൾ 59 ശതമാനം വരെ ഉപയോഗിക്കുന്നു. വ്യവസായ മേഖല പ്രതിവർഷം പുറന്തള്ളുന്ന രാസമാലിന്യങ്ങൾ 30 കോടി ടണ്‍ വരും.
മഴയുടെ ലഭ്യത
ഒരു കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് വയനാട്ടിലെ ലക്കിടിയായിരുന്നു. ഇന്നത് എറണാകുളത്തെ നേര്യമംഗലമാണ്. പ്രതിവർഷം 3000 മില്ലീമീറ്ററിലേറെ മഴ കിട്ടുന്ന കേരളത്തിലാണ് ശുദ്ധജല ലഭ്യത കുറഞ്ഞുവരുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ 900മി. മീറ്ററും വടക്കൻ പ്രവിശ്യകളിൽ 3,500 മില്ലീമീറ്ററും മലനാട്ടിൽ 2,500, ഇടനാട്ടിൽ 1,400, ഇടുക്കിയിലും വയനാട്ടിലും 5,000, പാലക്കാട് 2,000 മില്ലീലിറ്റർ എന്നിങ്ങനെ കണക്കാക്കിയിരിക്കുന്നു. ഇന്ത്യയിലെ പ്രതിവർഷ മഴല ഭ്യത ഇന്ന് 1.820 ഘനമീറ്ററായി കുറഞ്ഞിരിക്കുകയാണ്. കേരളത്തിലെ ചിലയിടങ്ങളിൽ 4,500 മി. മീറ്ററും മറ്റു ചിലയിടങ്ങളിൽ 6000മി.മീറ്ററും മഴ കിട്ടാറുണ്ട്.
ആർസെനിക് കലർന്ന ഭൂജലം
ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങിലെ 68 ജില്ലകളിൽ ആർസനിക് മലിനീകരണം വ്യാപകമാണ്. ഹരിയാന, പഞ്ചാബ്, യു.പി, ബിഹാർ, പശ്ചിമ ബംഗാൾ, മണിപ്പൂർ, അസം, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലാണിത്. 20 സംസ്ഥാനങ്ങളിലെ 276 ജില്ലകളിൽ ഫ്ളൂറൈഡിന്റെ അംശം ഭൂജലത്തിൽ കലരുന്നതായി കണ്ടെത്തി. കേന്ദ്ര ഭൂജല ബോർഡ് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററുമായി ചേർന്ന് യമുനാ നദീതീരത്തും പശ്ചിമബംഗാളിലെ നാദിയ, 24 പർഗാനാസ് പ്രദേശത്തും നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇവിടത്തെ ജനങ്ങളിൽ ആർസെനിക്കോസിസ്, കെരട്ടോസിസ്, അർബുദം എന്നീ രോഗങ്ങൾ കണ്ടെത്തി. ഇതിനുകാരണം ആർസെനിക് കലർന്ന ഭൂജലമാണ്.
ഭൂജലവിതാനം താഴുന്നു
ലോക ജനസംഖ്യയിലെ 18 ശതമാനം ഇന്ത്യയിലാണ്. എന്നാൽ ലോകത്തിലെ നാല് ശതമാനം ജലവിഭവം മാത്രമാണ് ഇന്ത്യയിലുള്ളത്. 1947ൽ ഇന്ത്യയിലെ ആളോഹരി വാർഷിക ജലലഭ്യത 6042 ക്യുബിക് മീറ്ററായിരുന്നു. 2001 ൽ അത് 1816 ആയി. 2011ൽ 1545 ആയി ചുരുങ്ങി. 2025 ആകുന്പോഴേക്കും ഇത് 1340 ആകുമെന്നാണ് കണക്ക്. ഇന്ത്യയിൽ ഭൂജല വിതാനം അനുദിനം താഴ്ന്നുവരികയാണ്. മഴയെ മണ്ണിലേക്ക് ഇറക്കാതെ ഭൂജലം ഊറ്റിയെടുക്കുന്നതിനാലാണിത്. ഹരിത വിപ്ലവത്തിന്റെ ഫലമായി ഭക്ഷ്യ ഉത്പാദനം കൂടിയതനുസരിച്ച് ഭൂജലചൂഷണം കൂടി. കർഷകർക്ക് വൈദ്യുതിക്കും പന്പിനും വൻ സബ്ബ്സിഡി നൽകിയതോടെ ഗ്രാമങ്ങളിൽ കുഴൽ കിണറുകളും പെരുകി. മോട്ടോർ ഉപയോഗിച്ചുള്ള ജലചൂഷണം ഭൂജലവിതാനം താഴ്ത്തി. 1960ൽ കാർഷിക ആവശ്യങ്ങൾക്ക് വെറും 30 ശ തമാനം ഭൂജലമാണ് ഉപയോഗിച്ചിരുന്നത്. ഇന്നത് 60 ശതമാനമായി ഉയർന്നിരിക്കുകയാണ്. മഴയിൽ ലഭിക്കുന്ന ഉപരിതല ജലത്തിന്റെ ഉപയോഗം 1950 ൽ 58 ശതമാനമായിരുന്നു. ഇന്നത് 30 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.
മഴ ദിനങ്ങൾ കുറയുന്നു
മേഘ സ്ഫോടനത്തിലൂടെ കനത്ത മഴപെയ്ത് വെള്ളപ്പൊക്കമുണ്ടാകുന്ന പ്രതിഭാസം ഇന്ത്യയിൽ വർദ്ധിച്ചുവരികയാണെന്ന് കാലാവസ്ഥാപഠന കേന്ദ്രത്തിന്റെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. അടുത്തകാലത്ത് ചെന്നൈ, മുംബൈ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുണ്ടായ വെള്ളപ്പൊക്കം ഇതിന് ഉദാഹരണമാണ്. മഴദിനങ്ങൾ കുറയുകയും കനത്ത മഴ ഒന്നിച്ച്പെയ്യുന്ന പ്രതിഭാസം വർധിക്കുകയും ചെയ്യുന്ന സാഹചര്യം ഭൂജല ലഭ്യത കുറയ്ക്കും. ഇതിനാൽ ഭൂജല പോഷണത്തിനായി പോംവഴികൾ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
ജലം
1.ഖരമായും ദ്രാവകമായും, വാതകമായും മാറാൻ കഴിവുള്ള ഏക പദാർത്ഥം.
2.വായു കഴിഞ്ഞാൽ മനുഷ്യനും ജീവജാലങ്ങൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ രണ്ടാമത്തെ ഘടകം.
3.ഭൂമിയിൽ ജലലഭ്യത ഉറപ്പു വരുത്തുന്നത് മഴയാണ്. ജലപരിവൃത്തിയിലൂടെ മഴ തുടർച്ചയായി സംഭവിക്കുന്നു.
4.മഴയായി ഭൂമിയിൽ ലഭിക്കുന്ന വെള്ളം ഉപരിതലത്തിലൂടെ വേഗത്തിലും മണ്ണിനു അടിയിലൂടെ സാവധാനത്തിലും ചലിച്ചു കൊണ്ടിരിക്കുന്നു.
7.ഭൂഗർഭജലം പാറകളുടെയും, മണ്ണിന്റെയും പാളികളിലൂടെ സാവധാനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം പാളികളാണ് ജലവാഹിനികൾ.
8. ജലസ്രോതസിന്റെ പ്രധാന ഭാഗം ഭൂഗർഭജലം ആണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് കൂടുതൽ പുഷ്ടിപ്പെടുന്നു.
8.ജലത്തിന്റെ ലഭ്യത, മണ്ണിന്റെ ഘടന, ഭൂപ്രകൃതി, ഭൂവിനിയോഗം, എന്നിവ ജലം ശേഖരിക്കപ്പെടുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
9. രുചിയും മണമില്ലാത്തതും നിറമില്ലാത്തതുമായ അജൈവ രാസവസ്തുവാണ് വെള്ളം.
10. ഒരൊറ്റ ജല തന്മാത്രയിൽ (H2O) രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ ഒരു ഓക്സിജൻ ആറ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ജലസ്രോതസ്സുകൾ
നമ്മുടെ ജല സ്രോതസ്സുകളെ മൂന്നായി തരം തിരിക്കാം
1.മഴവെള്ളം- ഏറ്റവും ശുദ്ധം (അന്തരീക്ഷം മാലിനീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ) നേരിട്ട് ശേഖരിക്കാം .ഉപരിതലത്തിലൂടെ ഒഴുകുന്നു. മണ്ണിലേക്ക് ഇറങ്ങുന്നു. നീരുരവകളിലും,ജലാശയങ്ങളിലും എത്തുന്നു .ഭൂഗർഭ ജലമായി ശേഖരിക്കപ്പെടുന്നു. അവശേഷിക്കുന്നത് കടലിൽ എത്തുന്നു.
2.ഉപരിതല ജലം-അരുവികൾ, തടാകങ്ങൾ, നദികൾ, സമുദ്രങ്ങൾ, കുളങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്നു. ശാസ്ത്രീയമായി സംരക്ഷിച്ചതോ, അല്ലാത്തതോ ആയിരിക്കും ഇവ.
3.ഭൂഗർഭജലം-ഭൂമിയുടെ ഉപരിതലത്തിൽ കൂടി അരിച്ചിറങ്ങി അന്തർഭാഗത്തുള്ള വിള്ളലുകൾ ,പാറക്കെട്ടുകളുടെ വിടവുകൾ എന്നിവയിൽ കൂടിവന്നു രൂപപ്പെടുന്ന ജലം വർഷങ്ങളായി ശേഖരിക്കപ്പെട്ടു വരുന്നതാണിത്. അശാസ്ത്രീയമായി ഉപയോഗിച്ചാൽ തീർന്നുപോകും. തുറന്ന കിണർ, കുഴൽക്കിണർ എന്നിവയിലൂടെ നാം എടുക്കുന്നു.
ജല മാനേജ്മെന്റ്
ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നതാണ് ജല മാനേജ്മെന്റ്. ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിനു ഉപയോഗിക്കാം. മലിനമാകാതിരിക്കാൻ എന്ത് ചെയ്യണം, ഏത് ആവശ്യങ്ങൾക്ക് ഉപയോഗിക്കണം, അതിന്റെ മുൻഗണന എന്തായിരിക്കണം, ദുരുപയോഗവും, അമിത ഉപയോഗവും എങ്ങനെ തടയാം, കുറച്ചു വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങൾ നിറവേറ്റാം എന്നിവയെല്ലാം ജല മാനേജുമെന്റിന്റെ ഭാഗമായി വരുന്നവയാണ്.