ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിൽ കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. ഡ്രൈവറായ ലിംഗത്തിന്റെ (30) മകൻ യുവരാജാണ് കൃഷിയിടത്തിലെ കിണറ്റിൽ വീണ് മരിച്ചത്.
യുവരാജ് മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയതായിരുന്നു. കൂടെയുണ്ടായിരുന്നവർ മടങ്ങിപോയതിന് പിന്നാലെ ആടുകളെ മേയിക്കാൻ പോയ അമ്മയെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു യുവരാജ്. ഇതിനിടെ കാൽ വഴുതി കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.
യുവരാജിനെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ഒരു കളിപ്പാട്ടം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.