International
ഷാർജ: യുഎഇയിലെ ഷാർജയിൽ രണ്ട് വയസുകാരനെ അയൽവാസികളായ രണ്ട് പെൺകുട്ടികൾ ചേർന്ന് മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി. യുഎഇയിൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാനി സ്വദേശി സജ്ജാദ് ഹുസൈന്റെ മകൻ അർഷ്മാനാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പത്ത് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷാർജയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലാണ് സംഭവം.
സംഭവം നടക്കുന്ന ദിവസം പ്രതികളായ പെൺകുട്ടികൾ കുഞ്ഞുമായി ഫ്ലാറ്റിന് പുറത്ത് കളിക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന്റെ അമ്മ വെറും ഒരു മിനിറ്റത്തേക്ക് മാത്രം ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാൾ പടിക്കെട്ടിന്റെ വാതിൽ തുറന്ന് കുഞ്ഞിനെ കൈവീശി അടുത്തേക്ക് വിളിച്ചു. കുഞ്ഞ് അങ്ങോട്ട് ചെന്നയുടൻ രണ്ടാമത്തെ പെൺകുട്ടി വാതിൽ പെട്ടെന്ന് അടച്ചു.
തുടർന്ന് പടിക്കെട്ടിനോട് ചേർന്നുള്ള ജനലിന്റെ തുറന്ന ഭാഗത്തുനിന്നും ഏകദേശം 14 മീറ്റർ താഴ്ചയുള്ള നിലത്തേക്ക് കുഞ്ഞിനെ ഇവർ എടുത്തെറിയുകയായിരുന്നു. കുഞ്ഞിനെ താഴേക്ക് ഇട്ട ശേഷം ഒരു പെൺകുട്ടി ഭയന്നോടിപ്പോവുകയും മറ്റേയാൾ ശാന്തമായി അവിടെ നിന്നു നടന്നുനീങ്ങുകയും ചെയ്തു.
കുഞ്ഞിന്റെ അമ്മയുടെ നിലവിളി ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ തന്നെ ഓടിയെത്തി പോലീസിനെയും ആംബുലൻസിനെയും വിവരമറിയിച്ചു. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഷാർജ പോലീസും സിഐഡിയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തി. പ്രതികളായ പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസ് വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
Kerala
പാലക്കാട്: സഹോദരൻ ടിവി റിമോട്ട് നൽകാത്തതിൽ പ്രകോപിതനായി 12 വയസുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന് പ്രദോഷ് ആണ് മരിച്ചത്.
സഹോദരന് ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിന്റെ തട്ടിന് പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവയ്ക്കൂ)
Kerala
പാറ്റ്ന: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചതിന് 12കാരനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി.
കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അസ്ഥാവൻ പിഎസ് ഏരിയയിലെ ശക്രവൺ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ശുഭം കുമാർ എന്ന കുട്ടിയാണ് മരിച്ചത്.
സംഭവം നടന്ന ദിവസം വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശുഭം. ഈ സമയം അടുത്ത വീട്ടിലെ നാരങ്ങാമരത്തിൽനിന്നും ഒരു നാരങ്ങ താഴെ വീണു. കളിച്ചുകൊണ്ടിരുന്ന കുട്ടി ഈ നാരങ്ങ എടുത്തുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അനുവാദം കൂടാതെ നാരങ്ങ എടുത്തതിൽ പ്രകോപിതനായ വീട്ടുടമ പന്ത്രണ്ടോളം പേരെയും കൂട്ടി ശുഭമിനെ മൃഗീയമായി മർദിക്കുകയായിരുന്നു. അനുവാദം കൂടാതെ മരത്തിൽനിന്നും നാരങ്ങ പറിച്ചു എന്ന് ആരോപിച്ചാണ് ഇയാൾ കുട്ടിയെ മർദിച്ചതെന്നും, എന്നാൽ താഴെ വീണ നാരങ്ങയാണ് കുട്ടി എടുത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിന് പിന്നാലെ ഇവിടെ വലിയതോതിൽ ജനങ്ങൾ സംഘടിക്കുകയും മൃതദേഹവുമായി പ്രകടനം നടത്തുകയും ചെയ്തു. സ്ഥിതി വഷളായതോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നായിരുന്നു ജനങ്ങളുടെ പക്ഷം.
തുടർന്ന് ബലം പ്രയോഗിച്ച് പോലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റുചെയ്തതായി എസ്പി ഭരത് സോണിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 'പ്രതികളെ കോടതിയിൽ ഹാജരാക്കും. കേസിൽ അന്വേഷണം നടന്നുവരികയാണ്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭ്യമാക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്.' എസ്പി അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ആക്രമിക്കാൻ വന്ന പുലിയോട് ധീരമായി പോരാടി കൗമാരക്കാരൻ. പിപാരിയ ഫോറസ്റ്റ് ബീറ്റിന് കീഴിലുള്ള കുർസി ഖാപ ഗ്രാമത്തിലാണ് സംഭവം.
വീടിനടുത്തുള്ള ഒരു കൃഷിയിടത്തിനു സമീപം കളിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ 13 വയസുകാരൻ സത്യം താക്കൂറിനെയാണ് അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് വന്ന പുള്ളിപ്പുലി ആക്രമിച്ചത്.
സത്യ പുലിയെ അതിന്റെ കഴുത്തില്‍ പിടിച്ചു നിര്‍ത്തി. കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരിക്കേറ്റിട്ടും പിടിവിട്ടില്ല. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിംഗ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. പുലിയും സത്യയും തമ്മില്‍ മല്‍പ്പിടിത്തം നടത്തുകയായിരുന്നു അപ്പോള്‍. എല്ലാവരും ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.
സത്യയുടെ വയറിനും കൈകാലുകള്‍ക്കും പുലിയുടെ നഖം കൊണ്ടു പരിക്ക് പറ്റിയിട്ടുണ്ട്. പിപാരിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂര്‍വമല്ലെങ്കിലും, കുട്ടികള്‍ക്കു നേരേ ഇത്തരം ആക്രമണങ്ങള്‍ അങ്ങനെ ഉണ്ടായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Kerala
മലപ്പുറം: നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്റെ തൂണ് ഇടിഞ്ഞുവീണ് ആറ് വയസുകാരന് മരിച്ചു. നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന് സിഫ്രാന്‍ ആണ് മരിച്ചത്.
സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. തുണികള്‍ ഉണക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകള്‍ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ ഉടന്‍തന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിന്, റഷ ഫാത്തിമ, സായാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Kerala
മലപ്പുറം: എടവണ്ണപ്പാറയിൽ 19 വയസുകാരൻ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വെട്ടത്തുര്‍ കാഞ്ഞിരകുഴി ഉസ്മാന്റെ മകന് യാസറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്ന ദിവസം പകല്‍ യാസറിനെ മൊബൈല്‍ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോവുകയും ഷോപ്പില്‍വച്ച് മര്‍ദിക്കുന്നതും കടയി ലെ സിസിടിവിയില്‍നിന്ന് തെളിവായി ലഭിച്ചിരുന്നു. യാസര്‍ സുഹൃത്തുക്കളുമായി എടവണ്ണപ്പാറയില്‍ വച്ചുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം വാഴക്കാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
മൊബൈല്‍ മോഷണം ആരോപ്പിച്ച് യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെ്തുവെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ നടന്ന കലഹത്തില്‍ യാസറിന്റെ ഫോണും ബുള്ളറ്റ് ബൈക്കും നഷ്ടമായിരുന്നു.
ബൈക്കും ഫോണും നഷ്ടപ്പെട്ട വിഷമം വീട്ടുകാരെയും അടുത്ത സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഫോണും ബുള്ളറ്റും നഷ്ടമായെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയാണെന്നും യാസര്‍ സുഹൃത്തുക്കള്‍ക്ക് നല്കിയ വാട്ട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കുടുംബം. പ്രതികളെ പിടികൂടും വരെ കേസുമായി മുമ്പോട്ട് പോകുമെന്നും മറ്റാര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവരുതെന്നും കുടുംബം പറയുന്നു.
അതേസമയം, കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മരണത്തിലെ ദുരുഹതകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് പൊലീസ് അടപ്പിച്ചിട്ടുണ്ട്.
National
ലക്നോ: മദ്യത്തിലൊഴിക്കാൻ വെള്ളം നൽകിയില്ലെന്ന് ആരോപിച്ച് ഒമ്പതുവയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ യശ്പാൽ (9) ആണ് കൊല്ലപ്പെട്ടത്. കേസിൽ കുട്ടിയുടെ ബന്ധു ധനേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സഹാവർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യാകുത്ഗഞ്ച് ഗ്രാമത്തിൽ ഒരു പേരിടൽ ചടങ്ങിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. വെള്ളം നൽകാൻ തയാറാകാത്തതിനെത്തുടർന്ന് ഇയാൾ വെടിവയ്ക്കുകയായിരുന്നു.
ഉടൻ തന്നെ യശ്പാലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവസ്ഥലത്തുനിന്നും ഒളിവിൽ പോയ പ്രതിയെ പിന്നീട് ഖിതൗലി കനാൽ പാലത്തിന് സമീപത്തുവച്ച് പോലീസ് പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിനായി ഉപയോഗിച്ച തോക്കും ഇയാളിൽ നിന്ന് പിടികൂടി.
National
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിൽ കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. ഡ്രൈവറായ ലിംഗത്തിന്റെ (30) മകൻ യുവരാജാണ് കൃഷിയിടത്തിലെ കിണറ്റിൽ വീണ് മരിച്ചത്.
യുവരാജ് മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ പോയതായിരുന്നു. കൂടെയുണ്ടായിരുന്നവർ മടങ്ങിപോയതിന് പിന്നാലെ ആടുകളെ മേയിക്കാൻ പോയ അമ്മയെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു യുവരാജ്. ഇതിനിടെ കാൽ വഴുതി കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.
യുവരാജിനെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ ഒരു കളിപ്പാട്ടം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാരിൽ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്തു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: നന്മണ്ടയിൽ കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ ബാലന് അദ്ഭുതകരമായി രക്ഷപ്പെട്ടു. നന്മണ്ട പനോളുകണ്ടി റഫീഖിന്റെ മകന് അല്‍ഷിദ്(12) ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന അല്‍ഷിദ് മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നതിനിടെ കട്ടിലിനടിയില്‍ പാമ്പിന്റെ വാല് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പരിഭ്രാന്തനായ കുട്ടി ഉടന്‍ തന്നെ ഉമ്മയെ വിളിച്ചു. വീട്ടുകാര്‍ എത്തിയപ്പോള്‍ പാമ്പ് ഫണമുയര്‍ത്തി നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് നരിക്കുനി അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ മൂന്നോടെ റെസ്ക്യൂ വളണ്ടിയര്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
Kerala
തിരുവനന്തപുരം: വട്ടപ്പാറയിൽ വീടിന് സമീപത്തെ പറമ്പിൽ കളിച്ചുകൊണ്ടിരുന്ന പതിനഞ്ചുകാരന് പാമ്പ് കടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവിനാണ് പാമ്പ് കടിയേറ്റത്.
ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പിൽ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഭിനവ്.
കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കുന്നതിനായി വരമ്പിന് സമീപത്തേക്ക് പോയപ്പോഴാണ് അഭിനവിനെ പാമ്പ് കടിച്ചത്. പരിക്കേറ്റ ഉടൻതന്നെ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: ലയണ്‍സ് ജംഗിള്‍ പാര്‍ക്കില്‍ അഞ്ചു വയസുകാരന് മുങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സിപിഎം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് ഉടമകളെ പഞ്ചായത്ത് ഭരണസമിതി സംരക്ഷിക്കുന്നുവെന്നാണ് ആരോപണം.
ഏപ്രില്‍ 21ന് ആണ് അഞ്ചു വയസുകാരനായ മുഹമ്മദ് ആദം മുങ്ങി മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പാര്‍ക്ക് ഉടമകളെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പാര്ക്കിന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
എന്നാല്‍ ലൈസന്‍സ് ആവശ്യമില്ലെന്ന് വിവരാവകാശ രേഖ പ്രകാരം പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതു കൊണ്ടാണ് ലൈസന്‍സ് എടുക്കാതിരുന്നത് എന്നാണ് പാര്‍ക്ക് ഉടമകള്‍ പ്രതികരിച്ചത്. ട്വന്റി 20 പാര്‍ട്ടിയുമായി ബന്ധം ഉള്ളതിനാലാണ് പാര്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത് എന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
ട്വന്റി 20 ഭരണസമിതിയാണ് പാര്‍ക്ക് ഉടമകളെ സംരക്ഷിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി ടി. അജി സിപിഎം പിന്തുണയുള്ളയാള്‍ ആയതിനാല്‍ സെക്രട്ടറിക്ക് മേല്‍ പഴിചാരുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സാബു എം. ജേക്കബ് അടക്കം സെക്രട്ടറിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ മുഹമ്മദ് ആദത്തെ അധ്യാപകര്‍ ശ്രദ്ധിച്ചില്ല എന്നാണ് പാര്‍ക്കിന്റെ മാനേജര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്കൂളില്‍ നിന്നും 25 കുട്ടികളും എട്ടു അധ്യാപകരുമായിരുന്നു പാര്‍ക്കില്‍ എത്തിയത്. ഒരു തവണ ചതുപ്പില്‍ വീണ ആദത്തെ കുളിപ്പിച്ച് സമാധാനിപ്പിച്ചതായും പിന്നീട് അധ്യാപകര്‍ ശ്രദ്ധിക്കാത്തതിനാല്‍ കുട്ടി വീണ്ടും അങ്ങോട്ടേക്ക് പോയതോടെ മരിക്കുകയായിരുന്നു എന്നാണ് മാനേജര്‍ പറഞ്ഞത്.
Kerala
കൊച്ചി: അഞ്ചു വയസുകാരന്റെ മരണത്തിന് ഇടയായ കിഴക്കമ്പലം ലയണ്‍സ് ജംഗിള്‍ പാര്‍ക്ക് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതില്‍ ദുരൂഹത. പഞ്ചായത്തിന് വിവരാവകാശം സമര്‍പ്പിച്ച അപേക്ഷയില്‍ ലൈസന്‍സ് ആവശ്യമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു എന്നായിരുന്നു പാര്‍ക്ക് ഉടമയുടെ മറുപടി. പാര്ക്കിന് ലൈസന്‍സ് വേണ്ടെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം നിയമവിരുദ്ധമാണ്.
വിവരാവകാശ രേഖകള്‍ പ്രകാരം പാര്ക്കിന് പഞ്ചായത്ത് രാജ് ആക്ട് ചട്ടം 3 പ്രകാരം ലൈസന്‍സ് ആവശ്യമില്ല എന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയത്. എന്നാല്‍ ഇത് തന്റെ മാത്രം വീഴ്ചയല്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുഹമ്മദ് ആദം എന്ന അഞ്ചു വയസുകാരന് പാര്‍ക്കിലെ വെള്ളച്ചാലില്‍ മുങ്ങി മരിച്ചത്. പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്കൂളില്‍ നിന്നും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ആയിരുന്നു ആദം പാര്‍ക്കില്‍ എത്തിയത്.
Kerala
കൊച്ചി: കിഴക്കമ്പലത്തെ ജംഗിൾ പാര്‍ക്കിലെ ചാലിൽ വീണ് അഞ്ചു വയസുകാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. ആർഡിഒ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നൽകണമെന്നാണ് നിർദ്ദേശം.
മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസിന്റേതാണ് ഉത്തരവ്. അതിനിടെ പാര്ക്കിന് അനുമതി നൽകിയ ഭരണ സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ചൊവ്വാഴ്ചയാണ് പാര്‍ക്കിലെത്തിയ അഞ്ചുവയസുകാരൻ മുഹമ്മദ് ആദം പാര്‍ക്കിനോട് ചേര്‍ന്നുള്ള ചാലിൽ വീണ് മരിച്ചത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
National
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ ഗുരുകുലത്തിൽ 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴ് ദിവസം മുന്‍പ് ഗുരുകുലത്തിൽ ചേർന്ന ദിവ്യാൻഷ് എന്ന കുട്ടിയാണ് മരിച്ചത്.
സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തതിനെ തുടർന്ന് ദിവ്യാൻഷിന്റെ പിതാവ് നരേന്ദ്ര കുമാർ ദ്വിവേദിയാണ് കുട്ടിയെ ഗുരുകുലത്തിൽ ചേർത്തത്. ഏപ്രിൽ 22 നായിരുന്നു കുട്ടി മരിച്ച വിവരം വീട്ടുകാർക്ക് ലഭിച്ചത്. തലേദിവസം രാത്രിയിലും ദിവ്യാൻഷ് സഹോദരിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മുപ്പതിലധികം പരിക്കുകൾ കണ്ടതായി ബന്ധുക്കൾ ആരോപിച്ചു. ദിവ്യാൻഷ് ഗോവണിയിൽ നിന്നും വീണതാണെന്നാണ് ഗുരുകുലത്തിന്റെ നടത്തിപ്പുകാരനായ കനയ്യ മിശ്ര ആദ്യം കുടുംബത്തെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കാറിൽ വീടിന് പുറത്ത് ഉപേക്ഷിച്ച ശേഷം ഇയാളും ഡ്രൈവറും കടന്നുകളഞ്ഞു.
ദിവ്യാൻഷിന്റെ പിതാവ് നൽകിയ പരാതിയെ തുടർന്ന് കനയ്യക്കും ഡ്രൈവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദിക്ഷല്‍ മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരേ കുട്ടിയുടെ പിതാവ് ദിലീപ്.
കാലില്‍ മുറിവേറ്റ് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ ഗൗരവമായി പരിശോധിച്ചില്ലെന്നും പ്രാഥമിക ചികിത്സ നല്‍കാതെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ദിലീപ് ആരോപിച്ചു.
കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ട കാര്യവും ഛര്‍ദിയും കഫവും ഉണ്ടായ കാര്യം പറഞ്ഞിട്ടും ഡോക്ടര്‍ ഗൗരവത്തിലെടുത്തില്ലെന്നും പിതാവ് ആരോപിച്ചു. എന്നാല്‍ ചികിത്സ നല്കുന്നതില് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ വിശദീകരണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തപരിശോധനയില്‍ കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് കണ്ടെത്താനായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Kerala
കൊച്ചി: കിഴക്കമ്പലത്ത് പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവത്തില്‍ ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത്. പഴങ്ങനാട് പ്രവർത്തിക്കുന്ന ജംഗിൾ പാർക്കിന് ആവശ്യമായ രേഖകൾ ഇല്ലെന്ന് കിഴക്കമ്പലം പഞ്ചായത്ത് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയത്.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയായിരുന്നു പാർക്ക് പ്രവർത്തിച്ചിരുന്നത്. അനധികൃത നിർമാണവും പ്രവർത്തനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം ചെങ്ങളം സൗത്ത് പോസ്റ്റിൽ വലിയ കളപ്പത്തറവീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും അഞ്ച് വയസുകാരനായ മകൻ മുഹമ്മദ് ആദം ജംഗിൾ പാർക്കിന്റെ ചതുപ്പിൽ വീണ് മരിച്ചത്. തമ്മനം പ്രീ സ്കൂളിലെ 25 അംഗസംഘം പാർക്ക് സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ആദം.
പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ- സ്കൂളിലെ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. പാർക്കിൽ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് അധ്യാപകരും ജീവനക്കാരും ചേർന്ന് തെരച്ചിൽ നടത്തി.
തെരച്ചിലിനിടെ പാർക്കിന് സമീപത്തെ കുഴിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ പുറത്തെടുത്ത കുട്ടിയെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തൃശൂർ: പാമ്പുകടിയേറ്റ് എട്ടു വയസുകാരൻ മരിച്ച വീട്ടിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന് കുഞ്ഞിനെ കണ്ടത്. നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു.
കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശി ഫില്‍ജോയുടെ മകന് ആല്‍ജോ പാമ്പ് കടിയേറ്റ് മരിച്ചത്. ആൽജോ മരിച്ചത് ശംഖുവരയന്റെ കടിയേറ്റാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിൽ കണ്ടെത്തിയിരുന്നു.
പാമ്പുകടിയേറ്റ ആല്‍ജോയുടെ സഹോദരന് അനോജ് അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലുമാണ് കുട്ടികൾ കിടന്നത്. പുലർച്ചെ രണ്ടോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു.
രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാമെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽനിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പാമ്പുകടിയേറ്റിട്ടുണ്ടെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്.
ഇതിനു മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമായി. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വീട്ടിൽ നടത്തിയ തെരച്ചിലിൽ കുട്ടികൾ കിടന്ന കിടക്കയിലെ തലയണയുടെ അടിയിൽനിന്നു പാമ്പിനെ കണ്ടെത്തുകയായിരുന്നു.
Kerala
തൃശൂർ: പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്ത്. ശംഖുവരയന്റെ കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജന്റെ റിപ്പോർട്ട്.
ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പോലീസ് റിപ്പോർട്ട്. അതേസമയം, ആൽജോയുടെ സംസ്കാരം ഇന്നു വൈകുന്നേരം മൂന്നിനു നടക്കും. ആൽജോയുടെ മൂത്ത സഹോദരൻ അനോജിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെയാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടികളുടെ തലയണയുടെ അടിയിൽനിന്നു പാമ്പിനെ കണ്ടെത്തിയിരുന്നു.
Kerala
തൃശൂർ: പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. തൃശൂർ കോടാലിയിൽ കാവുങ്ങൽ സിൽജോ - ജോൺസി ദമ്പതികളുടെ മകൻ ആൾ ജോയാണ് മരിച്ചത്. ആൾ ജോയുടെ സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നാണ് മാതാപിതാക്കൾ കരുതിയത്. പുലർച്ചയോടെ ആൾ ജോ അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടികൾ കിടന്നിരുന്ന തലയണയുടെ അടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു.
രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിന്റെ അടയാളങ്ങളുണ്ട്. ആൾ ജോയുടെ സഹോദരൻ അനോഷ് (10) ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. ആൾ ജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Kerala
കാട്ടാക്കട: കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ 12കാരനെ ഓലമടൽ കൊണ്ട് ക്രൂരമായി മർദിച്ച 22കാരനെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചക്കരി ആഴോകോണം കുളത്തിൻകര വീട്ടിൽ രാഹുലാണ് (22) പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണ് സംഭവം. ആക്രമണത്തിൽ കുട്ടിക്ക് സാരമായ പരിക്കുണ്ട്.
ഇയാൾ തിരുവല്ലം, നേമം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറോളം കേസുകളിൽ പ്രതിയാണ്. കാപ്പ നിയമപ്രകാരം സിറ്റി പോലീസ് പരിധിയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക് നിലനിൽക്കേയാണ് സംഭവം.
കുട്ടിയെ ആക്രമിച്ചതിനും കാപ്പാ ലംഘനം നടത്തിയതിനും പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ഇൻഡോർ: മധ്യപ്രദേശിൽ രണ്ടര വയസുകാരൻ കുഴൽകിണറിൽ വീണു. ഉജ്ജൈൻ ജില്ലയിലാണ് സംഭവം. കുട്ടി വയലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
ബഡ്നഗർ തെഹ്സിലിനു കീഴിലുള്ള ജലാരിയ ഗ്രാമത്തിൽ രാത്രി എട്ടോടെയാണ് സംഭവം. രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് കുടുംബത്തോടൊപ്പം പ്രദേശത്തെത്തിയ പ്രവീൺ ദേവസിയുടെ മകൻ ഭാഗീരഥ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
വിവരം ലഭിച്ചതിനെത്തുടർന്ന് ബദ്നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അശോക് പട്ടീദാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിലേക്ക് പൈപ്പ് വഴി ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കാസർഗോഡ്: രണ്ടാനച്ഛൻ ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ കെസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആറ് വയസുകാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ജനലിലൂടെ അയൽവാസി പകർത്തുകയായിരുന്നു. രണ്ടാനച്ഛനിൽ നിന്നും നേരിട്ടത് ക്രൂര പീഡനമാണ്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിരുന്നു.
മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു.
മർദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്.
ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തിൽ പോലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി.
പോലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പോലീസ് ശ്രമം നടത്തിയെന്നും പിതാവ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിക്കുകആയിരുന്ന ഏഴ് വയസുകാരൻ മരിച്ചു. അമരവിള സ്വദേശി ശിവകുമാർ,വനിത ദമ്പതികളുടെ ഇളയ മകൻ നിതിൻ സ്വാദിഖ് ആണ് മരിച്ചത്.
അമ്മയോടൊപ്പം സ്കൂട്ടറിൽ അമരവളയിൽ നിന്നും നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്ന സമയത്ത് നെയ്യാറ്റിൻകര ഗ്രാമത്ത് വച്ച് അതേ ദിശയിൽ വരികയായിരുന്ന ബസ് ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് തലയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു.
അമ്മയ്ക്കും ഗുരുതരപരിക്കുണ്ട്. ചെങ്കൽ സായി കൃഷ്ണ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നിതിൻ സ്വാദിഖ്.
National
ന്യൂഡൽഹി: ഡൽഹിയിലെ ദിയാൽപൂരിൽ പതിനാറുകാരനെ പ്രായപൂർത്തിയാകാത്ത മൂന്നു പേർ ചേർന്നു കുത്തിക്കൊന്നു. നെഹ്റു വിഹാറിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിനു പിന്നാലെ 13 നും 17 നും ഇടയിൽ പ്രായമുള്ള മൂന്നു പേരെ പോലീസ് പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇവരുടെ പക്കൽനിന്നു കണ്ടെത്തി. മരിച്ചയാൾ പ്രതികളിൽ ഒരാളെ ഭിഷണിപ്പെടുത്തിയതിനെ തുടർന്നാണ് കൊലചെയ്തതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Kerala
കോഴിക്കോട്: എലത്തൂരിൽ 15 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി പിടിയില്‍. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡ് കൊറയ (60) ആണ് പിടിയിലായത്. എലത്തൂർ പോലീസാണ് ജെറാൾഡിനെ പിടികൂടിയത്.
ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം ബന്ധുവിന്റെ വീട്ടിൽ എത്തിയ കുട്ടിയെ പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന പേരിൽ പ്രതി കൂട്ടിക്കൊണ്ട് പോയി. തുടർന്ന് തുണിക്കടയിലെ ട്രയൽ റൂമിലും പിന്നീട് ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്.
പീഡനത്തിന് ഇരയായ കുട്ടി ഈ വിവരം അമ്മയെ അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശ പ്രകാരം പളളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്നത് എലത്തൂർ സ്റ്റേഷന്റെ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറുകയായിരുന്നു.
കുട്ടിയെ കോഴിക്കോട് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. റിമാൻഡിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നു. ഒരു സ്കൂളിലെ മുൻ ജീവനക്കാരനായിരുന്ന പ്രതി വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നതായും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസിൽ ശിക്ഷ അനുഭവിച്ച പ്രതി 15കാരനെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ചു മീര ബിർളയാണ് മുട്ടത്തറ സ്വദേശി ജയകുമാർ (ജയൻ-65)കുറ്റക്കാരനെന്ന് കണ്ടത്തിയത്. ശിക്ഷ ശനിയാഴ്ച പറയും.
2025 ഏപ്രിൽ എട്ടിന് രാത്രി ഏഴോടെയാണ് സംഭവം നടന്നത്. തനിച്ചു നടന്നു പോകുകയായിരുന്ന കുട്ടിയെ വഴിയരികിൽ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചു വിളിച്ചു. പ്രതിയെ വീട്ടിൽ ജോലിക്ക് വന്നു കണ്ട് പരിചയം ഉള്ള കുട്ടി അടുത്തേക്ക് ചെന്നു. കുട്ടിക്ക് പ്രതി ഷേക്ക് ഹാൻഡ് കൊടുത്തതിന് ശേഷം ഇയാൾ അടുത്തേയ്ക്ക് വലിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിച്ചതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഇതൊന്നും ആരോടും പറയരുതെന്നും ഇങ്ങനെ ഒക്കെ ചെയ്തത് കുട്ടിയോട് ഉള്ള ഇഷ്ടം കൊണ്ട് ആണെന്നും പ്രതി പറഞ്ഞു. പേടിച്ചു പോയ കുട്ടി കുറച്ച് മാറി നിൽക്കുകയായിരുന്ന പിതാവിന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു. തുടർന്ന് ഓടിപ്പോകുകയും അമ്പലത്തിൽ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണിൽ നിന്നും പിതാവിനെ വിവരം അറിയിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ്. വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് സബ് ഇൻസ്പെക്ടർ സി. അലക്സ് ആണ് കേസ് അന്വേഷിച്ചത്.
2012 മേയിലാണ് ഇയാൾ കല്യാണമണ്ഡപത്തിൽ വാച്ചറായിരിക്കെ മനോരോഗിയായ യുവതിയെ മണ്ഡപത്തിലെ കുളിമുറിയിൽ വച്ച് പീഡിപ്പിച്ചതിന് ഏഴ് വർഷം ശിക്ഷിക്കപ്പെട്ടിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പീഡനം നടത്തിയത്.
Kerala
ഹരിപ്പാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. വിരലിന്റെ പകുതിയോളം നഷ്ടപ്പെട്ടു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് നായ ആക്രമിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും വീട്ടിലുണ്ടായിരുന്നു. അവർക്കൊപ്പമായിരുന്ന കുഞ്ഞ് വരാന്തയിൽ കളിക്കുകയായിരുന്നു. ഇതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
രക്തംവാർന്ന കൈയുമായി ഉടനേ ആശുപത്രിയിലെത്തിച്ചു കുഞ്ഞിനു പ്രതിരോധ വാക്സിൻ നൽകി. 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർ നിർദേശിച്ചു. പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
Kerala
മുംബൈ: മഹാരാഷ്ട്രയിലെ പൂനയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരൻ കാറിടിച്ചു മരിച്ചു. ലോണി കാൽഭോർ മേഖലയിലെ റസിഡൻഷ്യൽ സൊസൈറ്റിയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ജോയ് നെസ്റ്റ് സൊസൈറ്റിയിൽ താമസിക്കുന്ന നിഷ്കർഷ് അശ്വത് സ്വാമി ആണ് മരിച്ചത്.
പാർക്കിംഗ് ഏരിയയിൽ മുത്തശ്ശിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയെ കാറിടിച്ചത്. ഉടൻ തന്നെ കാറോടിച്ചയാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരണത്തിനു കീഴടങ്ങുകയായിരുന്നു.
കുട്ടിയുടെ പിതാവ് അശ്വത് നാരായൺ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഡ്രൈവർക്കെതിരേ കേസെടുത്തിട്ടുണ്ട്.
Kerala
കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടിന്റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം.
വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങി കിടന്ന സമയത്തായിരുന്നു അപകടം. സംഭവ സമയത്ത് പ്രദേശത്ത് മഴയുണ്ടായിരുന്നു. കാലപഴക്കം കാരണം ചോർച്ചയുണ്ടായ വീടിന്റെ മേൽക്കൂരയിൽ ടാർപ്പോളിൽ കെട്ടിയിരുന്നു.
മൺകട്ട ഉപയോഗിച്ച് കെട്ടിയ വീടിന്റെ ചുമരുകളും വിണ്ടു കീറിയ നിലയിലായിരുന്നു. വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ 12വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: എറണാകുളം ചെല്ലാനത്ത് ഒമ്പതു വയസുകാരന് സ്വകാര്യ ബസിടിച്ച് മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബസ് ഡ്രൈവര്‍ അറസ്റ്റില്‍. എറണാകുളം അണ്ടിക്കടവ് പുളിക്കല്‍വീട്ടില്‍ പി.ഡി. ജോണ്‍ (39) എന്ന ആളെയാണ് കണ്ണമാലി പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി 31 ന് ചെല്ലാനം ബസാര്‍ ഭാഗത്തായിരുന്ന അപകടം. അമിത വേഗതയിലും അശ്രദ്ധമായും ഓടിച്ചുവന്ന കെഎല്‍ 49- സി-7812 എന്ന സ്വകാര്യ ബസ് ഇടിച്ച് എനോയ് ജൂഡ് എന്ന ഒമ്പതുകാരനാണ് മരിച്ചത്. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കൊല്ലം: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി റെജി (50) ആണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം കൊല്ലത്ത് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായത്. കുട്ടി മാതാവിനോട് പീഡനവിവരം പറഞ്ഞതോടെ മാതാപിതാക്കൾ കടക്കൽ പോലീസിൽ പരാതി നൽകി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ ടൂറിസ്റ്റ് ബസിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ പീഡനം നടന്നത് ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിലായതുകൊണ്ട് മറ്റു നിയമനടപടികൾ ഇരവിപുരം പോലീസ് സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു.
National
ബംഗുളൂരു: കർണാടകയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതം എന്ന കുട്ടിയാണ് മരിച്ചത്.
കനകപുര റോഡിൽ പൈപ്പ്ലൈൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 29 ന് കുട്ടിയെ കാണാനില്ലെന്ന് പ്രീതത്തിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു.
ജനുവരി 31 ന് ഓടയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കുട്ടിയുടെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുറന്ന് കിടക്കുന്ന ഓടയിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.
പ്രീതം അബദ്ധത്തിൽ വീണതാണോ എന്നും ഓട തുറന്നതാരാണ് എന്നുമുള്ള അന്വേഷണങ്ങൾ പോലീസ് ആരംഭിച്ചിരിക്കുകയാണ്.
National
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്പുരയില് ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു.
10, 13, 14 വയസുകളുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ നോര്‍ത്ത് ഈസ്റ്റ് പോലീസ് കേസെടുത്തു.
പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 18 ന് വൈകുന്നേരം ഏഴിനാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലേക്ക് എത്തിയത്.
Kerala
കൊച്ചി: രണ്ടു വയസുകാരനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചില മലയാളം വാക്കുകൾ പറയുന്നുണ്ടെങ്കിലും കുട്ടി മലയാളിയാണോയെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ പതിനേഴിന് പൂനെ - എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാതായതു സംബന്ധിച്ച് എവിടെയും പരാതി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടിയെ ആസൂത്രിതമായി ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
Kerala
ബംഗുളൂരു: കർണാടകയിൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആൺകുട്ടിയുടെ പരാതിയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.
ബംഗളുരുവിലെ ആർടി നഗർ പരിസരത്തുള്ള പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ യമുന നായിക് ആണ് അറസ്റ്റിലായത്. പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് ലൈംഗീക പീഡന ആരോപണം ഉന്നയിച്ചത്.
ഇയാൾ ഫ്രീഡം പാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
National
മുംബൈ: പുനെയിൽ കളിക്കുന്നതിനിടെ കാറിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. നിഷ്കർഷ് അശ്വത് സ്വാമി എന്ന കുട്ടിയാണ് മരിച്ചത്.
റസിഡൻഷ്യൽ സൊസൈറ്റിയുടെ പരിസരത്ത് കുട്ടി കളിക്കുന്നതിനിടെ പെട്ടെന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറോടിച്ചയാൾ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണസംഭവിച്ചു.
അപകടസമയം കുട്ടിക്കൊപ്പം മുത്തശിയുണ്ടായിരുന്നു. കുട്ടിയുടെ പിതാവ് അശ്വത് നാരായൺ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ തൊട്ടിയാട്ട് ബക്കറ്റിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. ടോം-ജിൻസി ദമ്പതികളുടെ മകൻ അക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കുളിമുറിയിലെ ബക്കറ്റിലാണ് കുട്ടി വീണത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ മരണത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ വയറ്റിൽ ക്ഷതം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞ് മരിച്ചത്.
മരണകാരണം ആന്തരിക രക്തസ്രാവമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ, മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലിൽ ദുരൂഹതയൊന്നും കണ്ടത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് നിലവിലെ കണ്ടത്തൽ. അച്ഛൻ കൊടുത്ത ബിസ്കറ്റ് കഴിച്ച ശേഷമാണ് കുട്ടി കുഴഞ്ഞ് വീണത് എന്നായിരുന്നു ആദ്യത്തെ ആരോപണം. പക്ഷേ പോലീസ് ഇത് ശരിവച്ചിട്ടില്ല.
വെള്ളിയാഴ്ച്ച രാത്രിയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്. പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം.
ശനിയാഴ്ചയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.
നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ്റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഖാൻ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: അടൂരിൽ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്.
ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേയ്ക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍ നടക്കും.
Kerala
തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടു പേരെ ബെംഗ്ലുരുവില്‍നിന്നു പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര്‍ (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പൂന്തുറ പോലീസില്‍ പരാതി നല്കി.
ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേത്യത്വത്തില്‍ എസ്ഐമാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്, സിപിഒമാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിന്റെ മകന് അസ്ലം നൂഹാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ മണ്ണ് വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കുഞ്ഞിനെ ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
Kerala
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്.
അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാൻ. കളിക്കുന്നതിനിടെ സഹോദരനോട് പിണങ്ങിയാണ് സുഹാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയത്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ആവശ്യത്തിനായി പോയതായിരുന്നു.
സുഹാനുവേണ്ടി നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ഡോഗ് സ്ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിയിരുന്നു.
ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ശനിയാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. തുടർന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
Kerala
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി ചക്കാലക്കൽ അരുൺ കുമാറിന്റെ കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. ധാരി പട്ടണത്തിലെ ഗോപാൽഗ്രാം ഗ്രാമത്തിലാണ് സംഭവം.
രാവിലെ ഒൻപതോടെ അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ഇൻ ചാർജ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) പ്രതാപ് ചന്തു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സാഹിൽ കട്ടാര എന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
അതേസമയം, പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ കൂടുകൾ സ്ഥാപിച്ചുവെന്നും പുലിയെ ഉടൻതന്നെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പോലീസ് കണ്ട്രോള് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോലീസ് സംഭവത്തിൽ കേസെടുത്തു.
National
ജയ്പുർ: രാജസ്ഥാനിൽ ഏഴ് വയസുകാരനെ പുലി കൊന്നു. സവായ് മധോപുരിലെ രന്തംബോറിലെ ആറ്റില ബാലാജി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വിക്രം ബഞ്ചാര ആണ് കൊല്ലപ്പെട്ടത്.
പിതാവിനൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 25-30 കുടുംബങ്ങൾ താമസിക്കുന്ന ബഞ്ചാര സെറ്റിൽമെന്റിന് സമീപമാണ് സംഭവം നടന്നത്.
"സംഭവം ദാരുണമാണ്. കുടുംബത്തിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭിക്കും. ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനടുത്തുള്ള ഹാൻഡ് പമ്പിന് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയത്'.- ഡിഎഫ്ഒ മാനസ് സിംഗ് പറഞ്ഞു.
Kerala
തൃശൂര്‍: തമിഴ്നാട് വാല്‍പ്പാറയില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകന് സൈബുള്‍ ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. വൈകിട്ട് ഏഴ് മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തേയിലത്തോടത്തില് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലി തന്നെയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
Kerala
തൃശൂര്‍: ഇന്‍സ്റ്റഗ്രാമില്‍ ചീത്ത വിളിച്ചെന്ന് ആരോപിച്ച് ദേശമംഗലത്ത് കൗമാരക്കാരന് ആൾക്കൂട്ട മർദനം. ജസീമിന്(19)ആണ് മർദനമേറ്റത്.
വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം സംഘം ചേര്‍ന്ന് 19കാന്റെ മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം ചവിട്ടുന്നതും 19കാരന് റോഡിലേക്കും വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
മര്‍ദനത്തില്‍ പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപമാണ് മര്‍ദനത്തിനു കാരണമെന്നാണ് പറയുന്നത്. പള്ളം സ്വദേശികളായ യുവാക്കളാണ് മര്‍ദിച്ചത്. സംഭവത്തിൽ 13പേര്‍ക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തിട്ടുണ്ട്.