പാറ്റ്ന: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചതിന് 12കാരനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി.
കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അസ്ഥാവൻ പിഎസ് ഏരിയയിലെ ശക്രവൺ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ശുഭം കുമാർ എന്ന കുട്ടിയാണ് മരിച്ചത്.
സംഭവം നടന്ന ദിവസം വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശുഭം. ഈ സമയം അടുത്ത വീട്ടിലെ നാരങ്ങാമരത്തിൽനിന്നും ഒരു നാരങ്ങ താഴെ വീണു. കളിച്ചുകൊണ്ടിരുന്ന കുട്ടി ഈ നാരങ്ങ എടുത്തുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അനുവാദം കൂടാതെ നാരങ്ങ എടുത്തതിൽ പ്രകോപിതനായ വീട്ടുടമ പന്ത്രണ്ടോളം പേരെയും കൂട്ടി ശുഭമിനെ മൃഗീയമായി മർദിക്കുകയായിരുന്നു. അനുവാദം കൂടാതെ മരത്തിൽനിന്നും നാരങ്ങ പറിച്ചു എന്ന് ആരോപിച്ചാണ് ഇയാൾ കുട്ടിയെ മർദിച്ചതെന്നും, എന്നാൽ താഴെ വീണ നാരങ്ങയാണ് കുട്ടി എടുത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിന് പിന്നാലെ ഇവിടെ വലിയതോതിൽ ജനങ്ങൾ സംഘടിക്കുകയും മൃതദേഹവുമായി പ്രകടനം നടത്തുകയും ചെയ്തു. സ്ഥിതി വഷളായതോടെയാണ് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നായിരുന്നു ജനങ്ങളുടെ പക്ഷം.
തുടർന്ന് ബലം പ്രയോഗിച്ച് പോലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റുചെയ്തതായി എസ്പി ഭരത് സോണിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 'പ്രതികളെ കോടതിയിൽ ഹാജരാക്കും. കേസിൽ അന്വേഷണം നടന്നുവരികയാണ്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭ്യമാക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്.' എസ്പി അറിയിച്ചു.
Tags : Boy death lemons pluck Nalanda