തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ യുവാവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. വെമ്പായം പഞ്ചായത്ത് 17-ാം വാർഡ് ലക്ഷം വീട്ടിൽ അനിൽ കുമാറിന്‍റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
കിണറിന്‍റെ പകുതിയിൽ ഇറങ്ങി ശുചീകരണ പ്രവൃത്തി ചെയ്തുകൊണ്ടിരുന്ന തൊഴിലാളി ഷഫീർ (40)കാൽ വഴുതി കിണറിനുള്ളിലേക്ക് പതിക്കുകയായിരുന്നു. 50 അടിയിലധികം ആഴമുള്ളതും തൊടികൾ ഇല്ലാത്തതുമായ കിണറ്റിലേക്കാണ് ഷഫീർ വീണത്. വീഴ്ചയിൽ ഷഫീറിന് വലതു കാലിന് ഗുരുതരമായി പരിക്കേറ്റു.
കിണറിനുളളിൽ കുടുങ്ങിയ ഷഫീറിനെ നെടുമങ്ങാട് അഗ്‌നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത്. അഗ്‌നിരക്ഷാ സേന ഗ്രേഡ് എഎസ്ടിഒ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുമിത് എസ്. കുമാർ കിണറ്റിലിറങ്ങി, റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ഷഫീറിനെ മുകളിലെത്തിക്കുകയായിരുന്നു.
Tags : Accident rescue fire brigade well