District News
എരുമേലി: കിണറ്റിൽ വീണ കേഴയെ പുറത്തെടുത്ത് വനത്തിൽ വിട്ടു. ഇന്നലെ രാവിലെ എരുമേലി നെടുങ്കാവുവയൽ ഇളവുങ്കാട്ട് തമ്പാന്റെ കിണറ്റിലാണ് കേഴമാൻ അകപ്പെട്ടത്.
എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. ദിലീപിന്റെ നിർദേശപ്രകാരം ആർആർടി സംഘം എത്തി കേഴമാനെ പുറത്തെത്തിച്ചു. തുടർന്ന് കേഴമാനിനെ വനത്തിനുള്ളിൽ കയറ്റിവിട്ടെന്ന് ആർആർടി ടീമിലെ ഫോറസ്റ്റ് ഓഫീസർ സുഗന്ധി അറിയിച്ചു.
Kerala
ഇടുക്കി: പീരുമേട് പാമ്പനാറില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ സംഭവത്തിൽ തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ ഒന്നു വരെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. ഇതിനു ശേഷം കെട്ടിടം തകര്‍ന്നു വീണതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ദേശീയപാത -183 നോട് ചേര്‍ന്നുള്ള പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്ന ആളുടെ സ്ഥലത്താണ് കെട്ടിട നിര്‍മാണം നടന്നിരുന്നത്. കെട്ടിടത്തിന്റെ അഞ്ചു നിലകളും പില്ലറില്‍ ആണ് നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിട നിര്‍മാണത്തില്‍ ഉണ്ടായ അശാസ്ത്രീയതയാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് നിഗമനം.
കൊട്ടാരക്കര - ഡിണ്ടുഗല്‍ ദേശീയപാതയില്‍ പാമ്പനാർ ടൗണില്‍ തിരുഹൃദയ ദേവാലയത്തിന് എതിര്‍വശത്താണ് നിര്‍മാണം നടന്നിരുന്നത്. റോഡിന്റെ ഒരു വശത്ത് താഴ്ചയില്‍ നിന്നാണ് കെട്ടിടം നിര്‍മിച്ചു വന്നിരുന്നത്. റോഡില്‍ നിന്നു വിട്ടു നിര്മിച്ചതിനാല് ഇതിന്റെ മുന്‍വശത്ത് മണ്ണിട്ട് നികത്തിയിരുന്നു. ശക്തമായ മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാകാം കെട്ടിടം ഇടിയാന്‍ കാരണമെന്നും നിഗമനം ഉണ്ട്.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം വിവരം അറിഞ്ഞത്. ഇടിഞ്ഞു വീണ കെട്ടിടത്തിന് സമീപം ആളുകള്‍ താമസിക്കുന്ന മറ്റ് വീടുകളുമുണ്ട്. ഈ ഭാഗത്തേക്ക് കെട്ടിടം പതിക്കാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് മുന്‍പു തന്നെ നാട്ടുകാര്‍ രംഗത്ത് എത്തിയെങ്കിലും കെട്ടിടത്തിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്ത കരാറുകാരന് കെട്ടിട നിര്‍മാണവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ യുവാവ് പിടിയിൽ. ഗണഷ്പുര സ്വദേശി നികേഷ് പാട്ടേൽ ആണ് ഭാര്യയോടുള്ള വെറുപ്പ് കാരണം വിറ്റത്.
മേയ് 19 ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് നികേഷ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ സംശയം തിരിച്ചുവിടാനും അന്വേഷണം വഴിതെറ്റിക്കാനുമായാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. അന്വേഷണം പുരോഗമിച്ചതോടെ നികേഷിന്റെ മൊഴികളിൽ സംശയം തോന്നി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയോടുള്ള വെറുപ്പ് കാരണം സുഹൃത്തുക്കളോട് ചേർന്ന് വിൽക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ തടങ്കിലിൽ പാർപ്പിച്ചിരുന്ന രഹസ്യകേന്ദ്രം കണ്ടെത്തുകയും സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. തടങ്കിലിൽ പാർപ്പിച്ചിരുന്ന സമയത്ത് മനുഷ്യക്കടത്ത് സംഘത്തിലെ പ്രതികൾ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Kerala
കണ്ണൂർ: നിർമാണത്തിലിരുന്ന ഇരുനില വീടിന്റെ മുകളിൽ നിന്ന് വീണ തൊഴിലാളിക്ക് അത്ഭുതരക്ഷപെടൽ. കണ്ണൂർ പാനൂർ തൂവക്കുന്നിലുണ്ടായ സംഭവത്തിൽ ചന്ദ്രി എന്ന തൊഴിലാളിയെയാണ് ഒപ്പമുണ്ടായിരുന്ന രഞ്ജിഷ് സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയത്.
പാനൂരിനടുത്തുള്ള തൂവക്കുന്നിലെ കല്ലുമ്മക്കൽ പള്ളിക്ക് സമീപമുള്ള ഇരുനില വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിലായിരുന്നു സംഭവം. വീടിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്ന ജോലിക്കിടെ ചന്ദ്രി കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം താഴെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഓടുകൾ ഇറക്കുകയായിരുന്നു രഞ്ജിഷ്.
മേൽക്കൂരയിൽ നിന്ന് ചന്ദ്രി താഴേക്ക് വീഴുന്നത് കണ്ട രഞ്ജിഷ് ഒട്ടും സമയം കളയാതെ മുന്നോട്ട് ആഞ്ഞ് ചന്ദ്രിയെ കൈകളിൽ കോരിയെടുക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനത്തിൽ ചന്ദ്രിയുടെ തല ഭാഗികമായി ഇടിച്ചെങ്കിലും രഞ്ജിഷ് താങ്ങിയതിനാൽ വലിയ രീതിയിലുള്ള പരിക്കുകൾ ഏൽക്കാതെ അവർ രക്ഷപ്പെട്ടു.
നിലവിൽ അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്ന തരത്തിൽ ഒപ്പമുള്ള തൊഴിലാളിയുടെ ജീവൻ രക്ഷിച്ച രഞ്ജിഷിന്റെ ഈ ധീരമായ ഇടപെടലിനെ പ്രശംസകൊണ്ട് മൂടുകയാണ്.
National
ചണ്ഡീഗഡ്: പഞ്ചാബിലെ ഹോഷിയോർപീർ ജില്ലയിൽ കുഴൽക്കിണറ്റിൽ വീണ നാല് വയസുകാരനെ സുരക്ഷിതമായി പുറത്തെടുത്തു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗുർകരൻ സിംഗ് എന്ന കുട്ടിയാണ് 20 അടി താഴ്ചയിൽ കുടുങ്ങിക്കിടന്നത്.
വെള്ളിയാഴ്ച രാത്രിയിലാണ് ഗുർകരൻ പുതുതായി കുഴിച്ച കുഴൽക്കിണറ്റിൽ വീണത്. ശനിയാഴ്ച പുലർച്ചെ 12.40 ഓടെ രക്ഷാപ്രവർത്തകർ കുട്ടിയെ പുറത്തെടുക്കുകയും ഉടൻ തന്നെ വൈദ്യപരിശോധനകൾക്കും ചികിത്സക്കുമായി ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു. കുട്ടിയുടെ മുഖത്ത് മണ്ണ് പുരണ്ടിരുന്നെങ്കിലും ആരോഗ്യാവസ്ഥ തൃപ്തികരമാണ്.
മണൽ കലർന്ന മണ്ണ് ഇടിഞ്ഞുവീണുകൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഭവം അറിഞ്ഞയുടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
രക്ഷാപ്രവർത്തനം ആരംഭിക്കുന്പോൾ കാമറയും ഓക്സിജൻ പൈപ്പും വച്ച് കുട്ടിയെ നിരിക്ഷിച്ചിരുന്നു. ആദ്യഘട്ടത്തിൽ കുട്ടിയുടെ ചലനങ്ങൾ കാമറയിൽ ദൃശ്യമായിരുന്നു. എന്നാൽ പിന്നീട് മണ്ണ് ഇടിഞ്ഞുവീണതോടെ കാമറയിലുടെയുള്ള നീരിക്ഷണം തടസപ്പെട്ടു.
തുടർന്ന് കുഴൽക്കിണറിന് സമാന്തരമായി 25 അടി താഴ്ചയിൽ കുഴിയെടുത്ത ശേഷമാണ് കുട്ടിയുടെ അടുത്തേക്ക് ചെറിയൊരു തുരങ്കം നിർമിച്ച് സുരക്ഷിതമായി എത്തിയത്. ഒൻപത് മണിക്കുർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. രക്ഷാപ്രവർത്തനം കാണാൻ വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
Kerala
കൊച്ചി: ആലുവയില്‍ റെയില്‍ പാളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് വയോധികന്. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ ഷൈജു ആണ് ആലുവ തുരുത്ത് റെയില്‍ പാളത്തില്‍ ട്രെയിൻ വന്നപ്പോള്‍ ചാടാന്‍ ശ്രമിച്ചത്.
ഇതുകണ്ട് സമീപത്ത് വര്‍ക്ക്ഷോപ്പ് നടത്തിയിരുന്ന ഉദയന്‍ എന്നയാള്‍ ഓടി വന്ന് ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. മെഴുകുതിരി കച്ചവടവും കൂലിപ്പണിയുമായി 20 വര്‍ഷത്തിലേറെയായി ആലുവയിലും പരിസരത്തും താമസമാക്കിയ ആളാണ് ഷൈജു.
പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അസുഖത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് എന്നാണ് വിവരം.
Kerala
ഇരിട്ടി: വീട്ടുകാരെ വിറപ്പിച്ചു കുളിമുറിയിൽ കൂറ്റൻ രാജവെമ്പാല. ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10 ലെ പുലിക്കരി ഷിജുവിന്റെ വീട്ടിലെ ബാത്ത് റൂമിലാണ് രാജവെമ്പാലയെ കണ്ടത്. ആർആർടിയുടെ സഹായത്തോടെ
ഇരിട്ടി സെക്ഷൻ വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.
ബാത്ത് റൂമിന്റെ ചുമരിൽ ഇരിപ്പുറപ്പിച്ചിരുന്ന പാമ്പിനെ വെളിയിൽ ചാടിച്ച ശേഷമാണ് പിടികൂടിയത്. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു. മൂന്നു വർഷത്തിനുള്ളിൽ ഫൈസൽ വിളക്കോട് പിടികൂടുന്ന 112 -മത്തെ രാജവെമ്പാലയാണിത്.
Viral
ചൈനയിലെ സിചുവൻ പ്രവിശ്യയിലുള്ള ഡെഗെ കൗണ്ടിയിൽ ജനവാസമേഖലയ്ക്ക് സമീപം മാലിന്യക്കുഴിയിൽ അകപ്പെട്ട കരടിയെ നാട്ടുകാരും പോലീസും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയ സംഭവം ഏറെ ശ്രദ്ധേയമായി.
നാല് മീറ്ററിലധികം ആഴമുള്ള കുഴിയിൽ വീണ കരടിക്ക് വഴുക്കലുള്ള ഭിത്തികൾ കാരണം പുറത്തുകടക്കാൻ സാധിച്ചിരുന്നില്ല. നാട്ടുകാരുടെ സുരക്ഷ മുൻനിർത്തി അധികൃതർ പ്രദേശവാസികളെ ഉടൻ തന്നെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചിരുന്നു.
യന്ത്രസാമഗ്രികൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ, തടികൾ ഉപയോഗിച്ച് നിർമ്മിച്ച ഗോവണി കുഴിയിലേക്ക് ഇറക്കിക്കൊടുത്താണ് രക്ഷാപ്രവർത്തകർ കരടിയെ പുറത്തെത്തിച്ചത്.
തുടക്കത്തിൽ പരിഭ്രാന്തനായ കരടി ഗോവണി തട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് ശാന്തനായി ഗോവണി വഴി മുകളിലേക്ക് കയറി വനത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.
ചൈനയുടെ വന്യജീവി സംരക്ഷണ പട്ടികയിൽ ഉൾപ്പെടുന്ന ഈ കരടി, ഭക്ഷണം തേടി അലയുന്നതിനിടയിൽ മാലിന്യക്കുഴിയിൽ വീണതാകാമെന്നാണ് അധികൃതരുടെ നിഗമനം.
മാലിന്യങ്ങൾ വന്യജീവികളെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഇപ്പോൾ ആ കുഴിക്ക് ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിച്ചിട്ടുണ്ട്.
മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനും വന്യജീവികളെ സംരക്ഷിക്കുന്നതിനും അധികൃതരും നാട്ടുകാരും ഒന്നിച്ച് പ്രവർത്തിച്ചതിലൂടെ ഒരു വലിയ ദുരന്തമാണ് ഒഴിവായത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ദാബ്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരനെ പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശി മുഹമ്മദ് ആദിൽ അൻസാരി (26) യെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് വീട്ടിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു.
കുട്ടിയുമായി ഇയാളുടെ നാട്ടിലേയ്ക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിയെ പോലീസ് പിടികൂടിയത്. പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തിയ കുട്ടിയെ പിന്നീട് വീട്ടുകാർക്ക് കൈമാറി.
Kerala
തുറവൂർ: താലൂക്കാശുപത്രിയിൽ മരുന്നു സൂക്ഷിക്കുന്ന കെട്ടിടത്തിനു തീ പിടിച്ചു. ഇന്നു രാവിലെ പത്തോടു കൂടിയാണ് തീപിടിച്ചത്. ഡയാലിസ് ചെയ്യുന്ന മുറിയുടെ മുകൾ ഭാഗത്തുള്ള മരുന്നുകൾ സൂക്ഷിക്കുന്ന താത്കാലിക കെട്ടിടത്തിൽനിന്നാണ് തീഉയർന്നത്.
പുക ഉയർന്നു തുടങ്ങിയപ്പോൾതന്നെ ഡയാലിസിസ് യൂണിറ്റിൽ ഉണ്ടായിരുന്ന രോഗികളെ ഉൾപ്പെടെ ജീവനക്കാരും മറ്റും ചേർന്നു പുറത്തേക്കു മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
അരൂർ, ചേർത്തല, മട്ടാഞ്ചേരി , ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണമായി തീയണയ്ക്കാൻ സാധിച്ചിട്ടില്ല. ഇലക്ട്രിക് ഉപകരണങ്ങളിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പോലീസും ഫയർഫോഴ്സും യൂണിറ്റും സ്ഥലത്തു ക്യാമ്പ് ചെയ്തു തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.
National
മുംബൈ: ബിഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്ക് ബാലവേലയ്ക്ക് കടത്തിയ പ്രായപൂർത്തിയാകാത്ത 163 കുട്ടികളെ രക്ഷപെടുത്തി. എല്ലാവരും ആൺകുട്ടികളാണ്. മധ്യപ്രദേശിലെ കട്നി ജില്ലയിൽ നിന്നുമാണ് ഇവരെ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ വിദ്യാഭ്യാസത്തിനായി ലാത്തൂരിലെ മദ്രസയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അറസ്റ്റിലായവർ പോലീസിന് മൊഴി നൽകി.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ടിക്കറ്റും മതിയായ രേഖകളുമില്ലാതെ പാറ്റ്ന-പൂർണ എക്സ്പ്രസിൽ യാത്ര ചെയ്ത കുട്ടികളെ കട്നി റെയിൽവേ സ്റ്റേഷനിൽ വച്ച് രക്ഷപെടുത്തിയത്.
കുട്ടികളെ ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ആർപിഎഫ് കട്നി ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് പറഞ്ഞു.
ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള എട്ട് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 143(4) (പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെ കടത്തൽ) പ്രകാരം ജിആർപി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.
കുട്ടികളെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്നും ജിആർപി കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
International
ടെഹ്റാൻ: വൈമാനികനെ രക്ഷിക്കാനെന്ന പേരിൽ അമേരിക്ക സമ്പുഷ്ടീകരിച്ച യുറേനിയം മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. വൈമാനികനെ രക്ഷിക്കാനുള്ള അമേരിക്കയുടെ നീക്കം ഒരു വലിയ ദുരന്തമായാണ് അവസാനിച്ചതെന്നും ഇറാൻ പരിഹസിച്ചു.
വൈമാനികൻ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന കൊഹ്ഗിലുയേ പ്രവിശ്യയും അമേരിക്കൻ സൈന്യം ഇറങ്ങാൻ ശ്രമിച്ച മധ്യ ഇറാന്റെ ഭാഗങ്ങളും തമ്മിൽ വലിയ ദൂരമുണ്ടെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഖേയ് വ്യക്തമാക്കി.
അമേരിക്കൻ യുദ്ധവിമാനം എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ ഇറാൻ വെടിവച്ചിടുകയായിരുന്നു. ഇറാൻ ആക്രമണത്തിൽ രക്ഷപ്പെട്ട വൈമാനികനെ സാഹസികമായി രക്ഷപ്പെടുത്തിയ യുഎസ് സൈനിക നടപടിക്ക് പിന്നാലെയാണ് ഇറാന്റെ ആരോപണം.
തെക്കുപടിഞ്ഞാറൻ ഇറാനിൽ നടന്ന രക്ഷാദൗത്യം അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണെന്ന് വിലയിരുത്തപ്പെടുന്നു. വിമാനത്തിലെ വെപ്പൺസ് സിസ്റ്റം ഓഫീസറെ രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് യുഎസ് കമാൻഡോകൾ കണ്ടെത്തിയത്.
International
ടെഹ്റാൻ: ഇറാനിൽ തകർന്ന അമേരിക്കൻ യുദ്ധവിമാനത്തിലെ വൈമാനികനെ ഇറേനിയൻ സൈന്യത്തിന്റെയോ ആളുകളുടെയോ പിടിയിൽപ്പെടാതെ രക്ഷിക്കാൻ ഇവിടേക്കുള്ള റോഡുകൾ അമേരിക്കൻ സൈന്യം തകർത്തതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
വൈമാനികൻ ഒളിച്ചിരുന്ന മേഖലയിലേക്കുള്ള റോഡുകളിലാണ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങളിൽ കാണുന്നത്. യുദ്ധവിമാനങ്ങളും കമാൻഡോകളുമൊക്കെയായി വൻ സന്നാഹത്തോടെ അമേരിക്കൻ സൈന്യം നടത്തിയ ഒാപ്പറേഷനിലാണ് ഇറാനിൽ അകപ്പെട്ട അമേരിക്കൻ വൈമാനികനെ രക്ഷപ്പെടുത്തി കൊണ്ടുപോയത്.
ദുഷ്കര സാഹചര്യം
മധ്യ ഇറാനിലെ എസ്ഫഹാൻ പ്രവിശ്യയിൽ വിമാനം തകർന്നതിനു പിന്നാലെ രക്ഷപ്പെട്ട അമേരിക്കൻ വൈമാനികൻ മലനിരകളിലെ പാറയിടുക്കുകളിലാണ് ഒളിച്ചുകഴിഞ്ഞതെന്നു റിപ്പോർട്ടുകൾ പറയുന്നു. ദുഷ്കര സാഹചര്യങ്ങളെ അതിജീവിക്കാൻ പരിശീലനം ലഭിച്ചിട്ടുള്ള സൈനികൻ തന്റെ കൈവശമുണ്ടായിരുന്ന ആശയവിനിമയ സംവിധാനങ്ങളുപയോഗിച്ച് അമേരിക്കൻ സേനയുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. യുഎസ് കമാൻഡോകളും സൈനികരും മേഖലയിൽ തെരച്ചിലിന് ഇറങ്ങി. മലകളും മറ്റുമുള്ള മേഖലയിലെ ഭൂപ്രത്യേകതയും ദൗത്യം ദുഷ്കരമാക്കി.
റോഡുകളിൽ ഗർത്തം
റോഡുകളിൽ ഡസൻ കണക്കിന് ഗർത്തങ്ങൾ രൂപപ്പെട്ടതായി എയർബസ് പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. തകരാറിലായതിനെത്തുടർന്ന് യുഎസ് സൈന്യം സ്വന്തം വിമാനം നശിപ്പിച്ച വിജനമായ ഒരു എയർസ്ട്രിപ്പിന് ഏകദേശം 20 കിലോമീറ്റർ ചുറ്റളവിലുള്ള റോഡുകളിലായി കുറഞ്ഞത് 28 ഗർത്തങ്ങളെങ്കിലും കാണാം. റോഡുകളിൽ ഒന്നിനുപുറകെ ഒന്നായി പ്രത്യക്ഷപ്പെട്ട ഈ ഗർത്തങ്ങൾക്ക് ഏകദേശം ഒൻപതു മീറ്റർ വീതിയുണ്ട്. റോഡുകളുടെ ഗതാഗതം പൂർണമായും തടസപ്പെടുത്തുന്ന രീതിയിൽ അതീവ കൃത്യതയോടെയാണ് ഈ ആക്രമണം നടത്തിയിരിക്കുന്നത്.
മലനിരകളിൽ ഒളിച്ചിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാൻ അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് എത്തുന്നതിന് മുന്നോടിയായി, ഇറാനിയൻ സൈന്യത്തിന് അവിടെ എത്താൻ കഴിയുന്നില്ലെന്ന് ഉറപ്പാക്കാൻ യുഎസ് വിമാനങ്ങൾ ആ പ്രദേശത്ത് ആക്രമണം നടത്തിയതായി സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
നിരാശയിൽ ഇറാൻ സേന
ഇതിനിടെ, വൈമാനികനെ പിടികൂടുന്നവർക്ക് ഇറാൻ സൈന്യം വൻ തുക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സൈന്യവും ഗോത്രസേനകളും നാട്ടുകാരുമൊക്കെ സൈനികനായി തെരച്ചിലും ആരംഭിച്ചു. എന്നാൽ, ഇദ്ദേഹം കഴിയുന്ന മേഖലകളിലേക്ക് ഇവർക്ക് അടുക്കാൻ കഴിയാത്ത വിധം രൂക്ഷമായ ബോംബിംഗും ആക്രമണവും യുഎസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നടത്തി. ഇതിന്റെ ഭാഗമായി ഇവർ കടന്നുവരാൻ സാധ്യതയുള്ള റോഡുകളെല്ലാം കൃത്യതയോടെയുള്ള ബോംബിംഗ് നടത്തി തകർത്തു. വൻ ഗർത്തങ്ങൾ റോഡുകളിൽ രൂപപ്പെട്ടതോടെ ഇറാൻ സേനയുടെ നീക്കം പ്രതിസന്ധിയിലായി.
വിജയിച്ച തന്ത്രം
എന്തായാലും ശത്രുക്കൾ എത്തുന്നതിനു മുമ്പേ സ്വന്തം സൈനികനെ രക്ഷിച്ചെടുക്കാൻ യുഎസ് സേനയ്ക്കു കഴിഞ്ഞു. ഇതു വലിയ യുദ്ധവിജയമായിട്ടാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ വിശേഷിപ്പിച്ചത്. സൈനികൻ ഇറേനിയൻ സേനയുടെ പിടിയിൽ അകപ്പെട്ടിരുന്നെങ്കിൽ വൻ പ്രതിസന്ധിയും തിരിച്ചടിയുമാകുമായിരുന്നു.
സൈനികനിൽനിന്നു വിവരങ്ങൾ ചോർത്താനും ബന്ദിയാക്കി വിലപേശൽ നടത്താനും ഇറാനു കഴിയുമായിരുന്നു. ഈ അപകടസാധ്യതയാണ് വൻ ഒാപ്പറേഷൻ വഴി യുഎസ് ഇല്ലാതാക്കിയത്. സ്വന്തം മണ്ണിൽ ശത്രുസൈനികനെ വീണു കിട്ടിയിട്ടും പിടികൂടാൻ കഴിയാത്തതിന്റെ നിരാശയിലും ജാള്യതയിലുമാണ് ഇറാൻ സേന.
Kerala
കണ്ണൂർ: ചിറക്കൽ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മന്ന പള്ളിക്ക് സമീപം മരം മുറിക്കുന്നതിനിടെ തൊഴിലാളി അബോധാവസ്ഥയിലായി മരത്തിൽ കുടുങ്ങി. ചിറക്കൽ സ്വദേശിയായ ജോസ് (48) ആണ് അപകടത്തിൽപ്പെട്ടത്. ഉടൻ സ്ഥലത്തെത്തിയ കണ്ണൂർ അഗ്നിരക്ഷാസേന അതിസാഹസികമായി ഇദ്ദേഹത്തെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മന്ന പള്ളിക്ക് സമീപമുള്ള മരം മുറിക്കാനായി കയറിയ ജോസ് പാതിവഴിയിൽ വെച്ച് പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ കണ്ട് നാട്ടുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
കണ്ണൂർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.കെ. അഫ്സലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടർന്ന് സേഫ്റ്റി ഹാർനെസ്സുകളും റോപ്പ് റെസ്ക്യൂ ഉപകരണങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ മരത്തിൽ കയറി ജോസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിൽ ലാൻഡിംഗിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. മൃതദേഹവുമായി കാഠ്മണ്ഡുവിൽ നിന്ന് നേപ്പാളിലെ ഖോട്ടാംഗ് ജില്ലയിലേക്ക് പോവുകയായിരുന്ന എയർ ഡൈനാസ്റ്റിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ ബാലബേസിയിലെ ഒരു ഫാമിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരാളുടെ കാലിനേറ്റ പരിക്ക് ഗുരുതരമാണ്. മറ്റുള്ളവർ രക്ഷപെട്ടു. ശക്തമായ കാറ്റോ പൊടി പടലമോ ആകാം അപകടത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മൃതദേഹവുമായി പോയ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. പരിക്കേറ്റ യാത്രക്കാരനെ കമ്പനിയുടെ മറ്റൊരു ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലേക്ക് മാറ്റി. ബാക്കിയുള്ള യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
Kerala
കൊച്ചി: കൊച്ചി മെട്രോ തൂണിൽ കുടുങ്ങിക്കിടന്ന പൂച്ചയെ ഒടുവിൽ രക്ഷിച്ചു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ദൗത്യമാണ് വിജയിച്ചത്.
മെട്രോ തൂണിന് മുകളിൽ കയറിയ ഫയർഫോഴ്സ് സംഘം പൂച്ചയെ താഴെയിറക്കുകയായിരുന്നു. പൂച്ചക്ക് പരിക്കേൽക്കാതിരിക്കാൻ താഴെ വല വിരിച്ചിരുന്നു.
പൂച്ചയെ ലഭിച്ചതോടെ ഒത്തുകൂടിയവർ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നീട് പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി.
Kerala
പാലാ: പാലാ- തൊടുപുഴ റോഡിൽ പിഴകിൽ തട്ടുകടയ്ക്ക് തീപിടിച്ചു. പിഴക് ബംഗ്ലാം കുന്ന് കോളനിക്ക് സമീപത്ത് റോഡരികിലെ തട്ടുകടയിലാണ് തീ പടർന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കടയിലെ ഗ്യാസ് കുറ്റിയിൽ നിന്നാണ് തീപടർന്നത്. ഈ സമയം തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശി സമീർ എന്ന ബൈക്ക് യാത്രക്കാരനാണ് തീ പടർന്ന കടയിൽ കയറി ഗ്യാസ് കുറ്റി പുറത്തേക്ക് മാറ്റിയത്. ഈ ശ്രമത്തിനിടയിൽ സമീറിന്റെ കൈക്ക് പൊള്ളലേറ്റു.
കടയുടെ പിൻവശം നിരവധി വീടുകളാണ് ഉള്ളത്. ഗ്യാസ് കുറ്റി പൊട്ടിത്തെറിയ്ക്കുകയോ തീ പടരുകയോ ചെയ്താൽ വലിയ അപകടമുണ്ടാകുമായിരുന്നു. സംഭവം അറിഞ്ഞ് പാലാ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടയിൽ നാട്ടുകാർ ചേർന്ന് തീ കെടുത്തി.
International
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി തീരത്തെത്തി അധികൃതരെ അറിയിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന 13 വയസുകാരൻ ഓസ്റ്റിൻ ആപ്പെൽബീ ഓസ്ട്രേലിയയിലെ സൂപ്പർമാനായി മാറിയിരിക്കുകയാണ്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു(12), ഗ്രേസ്(എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കാറ്റും കോളും നിറഞ്ഞ, ആക്രമണകാരികളായ ഭീമൻ സ്രാവുകളുടെ വിഹാരകേന്ദ്രമായ കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി. നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു. രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്.
ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാപ്രവർത്തകർ എത്തുന്പോൾ മൂന്നുപേരും ലൈഫ് ജാക്കറ്റുകൾ ധരിച്ച് ബോട്ടിൽ പിടിച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. തീർത്തും അവശരായിരുന്നെങ്കിലും മൂന്നുപേർക്കും നീന്തൽ വശമായിരുന്നതും രക്ഷയായി. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.
Kerala
നെടുമുടി: ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ ആറു വയസുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്റെ ജീവനാണ് പമ്പയാറിന്റെ ആഴത്തിൽ നിന്നു ജലഗതാഗത വകുപ്പിന്റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ കോരിയെടുത്തത്. ബുധനാഴ്ച രാവിലെ എട്ടോടെ കൈനകരി എൺപതിൽചിറ ജെട്ടിയിലാണ് അപകടം.
കൈനകരി കെ.ഇ. കാർമൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ജിഫ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം നെടുമുടിയിൽനിന്ന് ആയിരവേലി വഴി സർവീസ് നടത്തുന്ന ബോട്ടിലാണു സ്ഥിരമായി സ്കൂളിൽ പോകുന്നത്.
ബുധനാഴ്ച ബോട്ടിലേക്കു കയറുന്നതിനിടെ കുട്ടി അമ്മയുടെ കൈയിൽനിന്നു വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. ഉടൻ തന്നെ ബോട്ടിലെ ലാസ്കർമാരായ സെൽവരാജും ജയലാലും ചേർന്നു വെള്ളത്തിൽ താഴ്ന്നുപോയ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയം വച്ചാണു ജീവനക്കാർ കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
ബോട്ട് മാസ്റ്റർ മിഥുൻ പി. മോഹൻ, സ്രാങ്ക് ജെ.അഷ്റഫ്, ഡ്രൈവർ വൈശാഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കുട്ടിയെ രക്ഷിക്കുന്നതിനിടെ സാരമായി പരുക്കേറ്റ സെൽവരാജിനെയും ജയലാലിനെയും ചമ്പക്കുളത്തെ ഗവ. ആശുപത്രിയിലും തുടർന്ന് ആലപ്പുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
Kerala
തിരുവനന്തപുരം: വെള്ളറട മണ്ഡപത്തിന് കടവ് പാലത്തിൽ നിന്നും ചാടിയ വിദ്യാർഥിനിയെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ഇന്ന് രാവിലെ പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്.
പ്ലസ് ടു വിദ്യാർഥിനി പരീക്ഷാപ്പേടിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നാട്ടുകാരുടെയും ഇതുവഴി കടന്നുപോയ യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ വിദ്യാര്‍ഥിനി അവശനിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകി. നെയ്യാർ റിസർവോയറിന്റെ ഭാഗമായ പുഴയിലേക്കാണ് വിദ്യാർഥിനി ചാടിയത്.
National
അർപോറ: ഗോവയിലെ നിശാക്ലബിലുണ്ടായ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 25 ആയി. പരിക്കേറ്റ 50പേർ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
നോർത്ത് ഗോവയിൽ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
മരിച്ചവരിൽ ഏറെയും ക്ലബിലെ ജീവനക്കാരാണെന്നാണ് സൂചന. മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
തീപിടിത്തം പ്രധാനമായും പടർന്നത് ക്ലബ്ബിന്റെ താഴത്തെ നിലയിലെ അടുക്കള ഭാഗത്ത് നിന്നാണ്. കൂടുതൽ മൃതദേഹങ്ങൾ അടുക്കള ഭാഗത്ത് നിന്ന് കണ്ടെത്തിയതിനാൽ മരണപ്പെട്ടവരിൽ അധികവും ക്ലബ്ബിലെ ജീവനക്കാരാണെന്നാണ് അനുമാനിക്കുന്നത്.
അതേസമയം, പ്രവേശന കവാടത്തിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ ഉറവിടവും കാരണവും ഇതുവരെ വ്യക്തമായിട്ടില്ല.
International
ബെയ്ജിംഗ്: ഹോങ്കോംഗിലെ തായ് പോ ജില്ലയിലെ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 55 ആയി. 250 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന റിപ്പോർട്ട്. മരിച്ചവരിൽ അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നു.
കെട്ടിടത്തിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നതിൽ ഇപ്പോഴു അവ്യക്തത നിലനിൽക്കുകയാണ്. തീപിടുത്തമുണ്ടായി 20 മണിക്കൂറുകൾ പിന്നിടുമ്പോഴും എട്ട് ടവറുകളിൽ മൂന്നെണ്ണത്തിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്ക് പുറമേ കെട്ടിയ മുളകളിൽ നിന്നാണ് ആദ്യം തീപടർന്നത്. പിന്നീട് കെട്ടിട സമുച്ചയത്തിന് ചുറ്റുമുള്ള മരങ്ങളിലൂടെ തീ പെട്ടന്ന് പടരുകയായിരുന്നു.
Kerala
കാസർഗോഡ്: അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. ഞായറാഴ്ച രാത്രി 10:30 ഓടെ
ചെർക്കളയിലെ നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക്, ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ വാതിൽ ലോക്കായി അകപ്പെടുകയായിരുന്നു. ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു . സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വളഞ്ഞ് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി.
ശനിയാഴ്ച വൈകിട്ട് 4.30-ഓടെ കോവളം-വിഴിഞ്ഞം റോഡിലെ തിയേറ്റര്‍ ജംഗ്ഷനിലായിരുന്നു അപകടം. വണ്ടിയോടിച്ചിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ ശ്യാംകുമാറിന്റെ(48) ഭാര്യ ശൈലജയ്ക്കും (47) കാലുകള്‍ക്ക് ഒടിവുണ്ട്.
ഇവരുടെ സുഹൃത്തായ നെടുമങ്ങാട് സ്വദേശിനി സിന്ധു(48)വിനും ഗുരുതര പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പോലീസ് അഗ്നിരക്ഷാസേനാ അധികൃതരെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ശ്യാംകുമാറിനെ പുറത്തെടുത്തത്.
Kerala
തൃശൂര്‍: അപകടത്തില്‍പ്പെട്ട് വഴിയില്‍ ചോരയൊലിച്ച് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി. പരിയാരം മക്കാടന്‍ വീട്ടില്‍ മാര്ട്ടിന് (43) ആണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ നഗരസഭാ അഞ്ചാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിധിന് പുല്ലനാണ് അപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
പോട്ട സുന്ദരിക്കവലയ്ക്ക് സമീപം ശനിയാഴ്ച വൈകുന്നേരം 3.45ഓടെയായിരുന്നു സംഭവം. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. തുടർന്ന് സ്കൂട്ടറില്‍നിന്നു മാര്ട്ടിന് റോഡിലേക്ക് തെറിച്ചുവീണു. ചോര വാര്‍ന്നൊലിച്ച് കിടന്ന മാര്‍ട്ടിനെ ഏറെ നേരം കഴിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല.
ഈ സമയം ഇതുവഴി വന്ന നിഥിനും സുഹൃത്തും വാഹനം നിര്‍ത്തി റോഡില്‍ കിടന്ന യുവാവിനെ വാരിയെടുത്ത് അതുവഴി പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണയാളെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വഴുതക്കാട് വിഘ്നേഷ് നഗർ സ്വദേശി രാജപ്പൻ (56) ആണ് തോട്ടിൽ വീണത്.
ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിനു സമീപത്ത് വച്ചാണ് ഇയാൾ തോട്ടിൽ വീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഉച്ചയോടെ തോട്ടിനു സമീപത്തിരുന്ന് ആഹാരം കഴിക്കുകയായിരുന്നു രാജപ്പൻ. പിന്നാലെ ഇയാൾ തോട്ടിലേക്കു വീഴുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
സംഭവമറിഞ്ഞ നാട്ടുകാരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ഫയർഫോഴ്സ് തിരുവനന്തപുരം നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എം. ഷാഫിയും സംഘവുമാണ് ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ തോട്ടിൽനിന്ന് രാജപ്പനെ കരയ്ക്കെത്തിച്ചത്.
എഴുന്നേറ്റ് നിന്നെങ്കിലും കയറിപ്പോരാൻ കഴിയാതിരുന്ന ഇയാളെ റോപ്പ് ഉപയോഗിച്ചാണ് കരയിലേക്കെത്തിച്ചത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുവീണ് അപകടം. കെന്റക്കിയിലെ ലൂയിസ്വില്ലെയിലാണ് സംഭവം. ടെക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തകരുകയായിരുന്നു.
യുപിഎസ് കമ്പനിയുടെതാണ് വിമാനം. അപകടസമയം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ലൂയിസ്വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഹോണോലുലുവിലേക്ക് പറന്നുയരുകയായിരുന്ന വിമാനം വൈകുന്നേരം 5:15 ന് തകർന്നുവീണതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അപകടകാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.