പ്രതീകാത്മക ചിത്രം
ഇടുക്കി: ആഴമേറിയ കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവനോടെ പുറത്തെടുത്തു. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപമുള്ള കൊക്കയിലേക്ക് ചാടിയ കോട്ടയം കല്ലറ സ്വദേശിയായ യുവാവാണ് അത്ഭുതകരമായി രക്ഷപെട്ടത്.
ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവും സംഘവും ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. പുല്ലുപാറയ്ക്ക് സമീപമെത്തിയപ്പോൾ യുവാവ് കാർ നിർത്താൻ ആവശ്യപ്പെട്ടു. കാർ നിർത്തിയ ഉടനെ പുറത്തിറങ്ങിയ ഇയാൾ റോഡരികിലെ ആഴമേറിയ കൊക്കയിലേക്ക് ചാടുകയായിരുന്നു.
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. പീരുമേട്ടിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്നാണ് കൊക്കയിലിറങ്ങി തെരച്ചിൽ നടത്തിയത്.
കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചെങ്കിലും മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിൽ യുവാവിനെ വള്ളിച്ചെടികൾക്കിടയിൽ കണ്ടെത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ യുവാവിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : rescue operation deep gorge