യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ്
ലക്നോ: അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ് വിവാദത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മിൽ വാക്പോര്. "മൗലവിമാരുടെയും മൊല്ലാക്കമാരുടെയും മുൻപിൽ മുട്ടുകുത്താനല്ലാതെ നിങ്ങൾക്ക് എന്തറിയാം" എന്ന് ചോദിച്ചാണ് യോഗി അഖിലേഷിനെതിരെ ആഞ്ഞടിച്ചത്. എന്നാൽ, വിശ്വാസത്തെ നോക്കുകുത്തിയാക്കി ക്ഷേത്രക്കൊള്ള നടത്തിയവരെ യോഗി സംരക്ഷിക്കുകയാണെന്ന് അഖിലേഷ് തിരിച്ചടിച്ചു.
അധികാരത്തിലെത്തിയാൽ അയോധ്യയെ സ്വർഗമാക്കുമെന്ന് പറയുന്ന സമാജ്വാദി പാർട്ടിയുടെ നിലപാട് പുച്ഛത്തോടെയേ കാണാൻ കഴിയൂ എന്നും, മുൻപ് രാമഭക്തർക്ക് നേരെ വെടിയുതിർത്ത പാരമ്പര്യമാണ് അവരുടേതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓർമിപ്പിച്ചു. ഇതിന് മറുപടിയായാണ് യോഗിയുടെ ആദ്യ പരിഗണന രാജ്യമോ അതോ സംഭാവനയോ എന്ന് അഖിലേഷ് യാദവ് ചോദിച്ചത്. അയോധ്യയിലെ സംഭാവന തട്ടിപ്പിന് പിന്നിലുള്ള വൻ സ്രാവുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, അയോധ്യ ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിയിട്ടുണ്ട്. വരും മാസങ്ങൾക്കുള്ളിൽ തന്നെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും, എങ്കിൽ മാത്രമേ ജനങ്ങൾക്ക് വ്യവസ്ഥിതിയിലുള്ള വിശ്വാസം വീണ്ടെടുക്കാനാകൂ എന്നും വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ചൂണ്ടിക്കാട്ടി.
Tags : Yogi Adityanath Akhilesh Yadav Ayodhya temple fund scam Latest News