അർജന്റീനൻ താരം ലയണൽ മെസ്സി, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ
മിയാമി (യുഎസ്എ): ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ട സാധ്യതകൾക്ക് തിരിച്ചടി. 2026 ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ കൊളംബിയ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണിത്. സമനിലയോടെ അഞ്ച് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ജേതാക്കളായപ്പോൾ, പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി.
രണ്ട് ടീമുകളും ഒരേ ബ്രാക്കറ്റിൽ വരാത്തതിനാൽ ആരാധകർ മോഹിച്ച മെസ്സി-റൊണാൾഡോ ക്വാർട്ടർ ഫൈനൽ ഇനി സാധ്യമല്ല. നോക്കൗട്ടിൽ ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ഘാനയെ നേരിടുമ്പോൾ പോർച്ചുഗലിന് ക്രൊയേഷ്യയാണ് എതിരാളികൾ. മത്സരത്തിലുടനീളം കൊളംബിയൻ പട പോർച്ചുഗലിനെതിരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും പോർച്ചുഗീസ് ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ തകർപ്പൻ പ്രകടനങ്ങളാണ് കൊളംബിയയ്ക്ക് ഗോൾ നിഷേധിച്ചത്.
കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ, മറുവശത്ത് ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത ഒരു ലോങ് റേഞ്ചർ കൊളംബിയൻ ഗോളി കാമിലോ വർഗാസ് അനായാസം രക്ഷപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്താനുമായില്ല. മത്സരത്തിന്റെ 91-ാം മിനിറ്റിൽ കൊളംബിയൻ ആരാധകരെ നിരാശരാക്കിക്കൊണ്ട് ഡാവിൻസൺ സാഞ്ചസ് പോർച്ചുഗൽ വലകുലുക്കിയെങ്കിലും വിഎആർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
സാഞ്ചസിന്റെ കാൽവിരൽ നേരിയ വ്യത്യാസത്തിൽ ഓഫ്സൈഡ് ലൈനിന് മുന്നിലായിരുന്നു എന്ന് റീപ്ലേകളിൽ വ്യക്തമായി. ലോകകപ്പ് ചരിത്രത്തിൽ കൊളംബിയ വഴങ്ങുന്ന ആദ്യ ഗോൾരഹിത സമനിലയാണിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കോംഗോയും പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
Tags : Messi vs Ronaldo World World Cup Latest News