സുപ്രീം കോടതി
ന്യൂഡൽഹി: കാണാതാകുന്നതും പിന്നീട് കണ്ടെത്തപ്പെടുന്നതുമായ കുട്ടികളെ ശാസ്ത്രീയമായി തിരിച്ചറിയുന്നതിനും അവരുടെ കുടുംബങ്ങളുമായി വേഗത്തിൽ ബന്ധപ്പെടുന്നതിനും ദേശീയതലത്തിൽ ഡിഎൻഎ, ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെയും ദേശീയ ബാലാവകാശ കമ്മീഷന്റെയും പ്രതികരണം തേടി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണു നടപടി. നിശ്ചിത സുരക്ഷാമാനദണ്ഡങ്ങളോടെ അജ്ഞാതരായ കുട്ടികളുടെയും കാണാതായ കുട്ടികളുടെ രക്ഷിതാക്കളുടെയും ഡിഎൻഎ സാമ്പിളുകൾ നിർബന്ധമായും ശേഖരിക്കണമെന്നും നിലവിലുള്ള ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ, ഷെൽട്ടർ ഹോമുകൾ, പോലീസ് റെക്കോർഡുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കേന്ദ്രീകൃത സംവിധാനം നിർമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കൂടാതെ ദത്തെടുക്കൽ പ്രക്രിയകൾ പൂർത്തിയാക്കുന്നതിനുമുമ്പ് കുട്ടി അനധികൃതമായി കടത്തിക്കൊണ്ടുവന്നതല്ലെന്ന് ഉറപ്പാക്കാൻ നിർബന്ധിത ഡിഎൻഎ പരിശോധന നടത്തണമെന്നും വിഷയത്തിൽ സംസ്ഥാനങ്ങളുടെ ഏകോപനത്തിനായി പ്രത്യേക ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : DNATesting MissingChildren SupremeCourt Response Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash