ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയിലേക്ക് രക്ഷാദൗത്യവുമായി പോകുന്ന ഇന്ത്യൻ വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനം
കാരക്കാസ്: അതിശക്തമായ ഇരട്ട ഭൂചലനം കടുത്ത നാശം വിതച്ച വെനസ്വേലയ്ക്ക് അടിയന്തര സഹായവുമായി ഇന്ത്യ. 'ഓപ്പറേഷൻ അമിസ്റ്റാഡ്' എന്ന് പേരിട്ടിരിക്കുന്ന അടിയന്തര രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ ആർമിയുടെ 41 അംഗ വിദഗ്ധ മെഡിക്കൽ സംഘം വെനസ്വേലയിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാണ് ഇന്ത്യയുടെ ഈ രക്ഷാദൗത്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. സ്പാനിഷ് ഭാഷയിൽ 'അമിസ്റ്റാഡ്' എന്നാൽ 'സൗഹൃദം' എന്നാണ് അർത്ഥം. വെനസ്വേലയിൽ ഭൂകമ്പത്തെത്തുടർന്നുള്ള മരണസംഖ്യ നിലവിൽ 1,430 ആയി ഉയർന്നിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ രണ്ട് കൂറ്റൻ സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലാണ് ഇന്ത്യൻ സംഘം കാരക്കാസിലെത്തിയത്. ഇന്ത്യൻ ആർമിയുടെ പ്രശസ്തമായ '60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ' നിന്നുള്ള 9 മെഡിക്കൽ ഓഫീസർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരടങ്ങുന്നതാണ് ഈ വിദഗ്ധ സംഘം. ഇതോടൊപ്പം 35 ടണ്ണിലധികം വരുന്ന അടിയന്തര ജീവൻരക്ഷാ മരുന്നുകൾ, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ, താത്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കാനുള്ള സാമഗ്രികൾ എന്നിവയും ഇന്ത്യ എത്തിച്ചിട്ടുണ്ട്. ദുരന്തമുഖങ്ങളിൽ മിനിറ്റുകൾക്കകം സജ്ജീകരിക്കാൻ കഴിയുന്ന രണ്ട് അത്യാധുനിക പോർട്ടബിൾ മൊബൈൽ ആശുപത്രി യൂണിറ്റുകളും ഈ ദൗത്യത്തിന്റെ ഭാഗമാണ്.
അതിനിടെ, ഭൂകമ്പത്തിൽ വെനസ്വേലയിലെ ലാ ഗ്വയ്റയിൽ ഉൾപ്പെടെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നൂറുക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. എഴുപതിനായിരത്തോളം പേരെ കാണാതായതായും സൂചനയുണ്ട്. പ്രാദേശിക രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടയിലാണ് ഇന്ത്യൻ സംഘത്തിന്റെ ഈ നിർണായക ഇടപെടൽ.
Tags : Operation Amistad Indian Army medical team Venezuela Rescue Operation