തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: എൽഡിഎഫ് മദ്യനയത്തിൽ മാറ്റം വരുത്തിയപ്പോൾ താൻ എതിർത്തില്ലെന്ന പ്രചരണം തെറ്റെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സബ്ജക്ട് കമ്മിറ്റിയിൽ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ താൻ അന്ന് തന്നെ എതിർത്തിരുന്നു. അത് അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ നേരിട്ട് അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഐടി ഹബ്ബുകളിൽ ബാർ തുടങ്ങാനുള്ള തീരുമാനത്തെയും ചൂതാട്ടം അനുവദിക്കാനുള്ള നീക്കത്തെയും അന്നും താൻ ശക്തമായി എതിർത്തിരുന്നു. ഇക്കാര്യത്തിൽ തനിക്ക് വിയോജിപ്പില്ല എന്ന് കാട്ടി അന്ന് മിനിറ്റ്സ് ഉണ്ടാക്കിയപ്പോഴാണ് താൻ ഇടപെട്ട് വിയോജിപ്പ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
മുൻ സർക്കാരിന്റെ കാലത്ത് മദ്യനയം ചർച്ച ചെയ്ത സബ്ജക്ട് കമ്മിറ്റിയിൽ താൻ എതിർപ്പ് രേഖപ്പെടുത്തില്ലെന്ന രീതിയിൽ വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള കേന്ദ്രങ്ങൾ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.