കെ.എം.ഷാജി
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പണിയുന്ന വീടുകളിൽ പദ്ധതിയുടെ എംബ്ലം പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. പിഎംഎവൈയുടെ ഔദ്യോഗിക ലോഗോ പതിക്കണമെന്നാണ് താൻ നിർദേശിച്ചത്. അതിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും മന്ത്രി പ്രതികരിച്ചു.
ലോഗോയിൽ പ്രധാനമന്ത്രിയുടെ ചിത്രമുണ്ടെന്ന് വരുത്തിത്തീർത്ത് ചിലർ കള്ളം പ്രചരിപ്പിക്കുകയാണ്. ആർക്കെങ്കിലും ലോഗോയിൽ ഫോട്ടോ കാണിച്ചുതരാൻ സാധിക്കുമെങ്കിൽ താൻ പറയുന്നതുപോലെ ചെയ്യാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. സർക്കാറിന്റെ വിഹിതം നൽകാൻ പണമില്ലാത്തതിനാലാണ് പിഎംഎവൈ കരാറിൽനിന്ന് എൽഡിഎഫ് സർക്കാർ പുറകോട്ടുപോയതെന്നും മന്ത്രി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ചിത്രമുണ്ടെന്ന് ശുദ്ധ കളവ് പറഞ്ഞ് ഒരു കപട ആദർശ വേഷം കെട്ടുകയായിരുന്നു സർക്കാർ. ഒരു ലക്ഷത്തിലേറെ വീടുകൾ പാവപ്പെട്ടവർക്ക് ലഭിക്കേണ്ടതുണ്ട്. അത്തരം വിഷയങ്ങളിൽ കപട ആദർശം പറഞ്ഞ് പദ്ധതികൾ തടയുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : PMAY's emblem Modi's picture K.M. Shaji