മഞ്ജുനാഥ്
ബംഗളൂരു: ബംഗളൂരുവിൽ വീട്ടുവാടക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. പട്ടന്തൂർ അഗ്രഹാര സ്വദേശി മഞ്ജുനാഥ് (42) ആണ് കൊല്ലപ്പെട്ടത്. മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് ബിഹാർ സ്വദേശികളാണ് വെടിയുതിർത്തത്. സംഭവത്തിനു ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11:30-ഓടെയാണ് സംഭവം.
മഞ്ജുനാഥിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരുമായി വാടക തുക നൽകാത്തതിനെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. ഈ തർക്കത്തിനൊടുവിൽ പ്രതികൾ മഞ്ജുനാഥിന് നേരെ വെടിയുതിർക്കുകയായിരുന്നു. മഞ്ജുനാഥിന്റെ നെറ്റിയിലാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് വച്ചുതന്നെ അദ്ദേഹം മരിച്ചു. പ്രതികൾ രണ്ടുപേരും ഫുഡ് ഡെലിവറി ബോയ്സായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.
വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട മഞ്ജുനാഥിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.