പ്രതീകാത്മക ചിത്രം
ആലപ്പുഴ: പോഷകാഹാരക്കുറവിനെ തുടർന്ന് രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാർത്തികപ്പള്ളിയിൽ നടന്ന സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടി.
കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ്-താര ദമ്പതികളുടെ മകനാണ് മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് വ്യക്തമാക്കുന്നത്. മാതാപിതാക്കളുടെ പരിചരണത്തിലുണ്ടായ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോയെന്നും പൊലിസ് പരിശോധിച്ചുവരികയാണ്.
വിശദമായ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ അന്വേഷണം അവസാനിപ്പിക്കൂവെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ താര ഏഴ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതിൽ ഒരു കുഞ്ഞ് നേരത്തേ മരിച്ചിരുന്നു. അതേസമയം കുട്ടികളുടെ പരിപാലനത്തിൽ മാതാപിതാക്കൾ വീഴ്ച വരുത്തിയിരുന്നതായി നാട്ടുകാർ ആരോപിച്ചു. വീട്ടിലെ മറ്റ് കുട്ടികളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് അവരെ സർക്കാർ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Tags : child death Malnutrition Child Rights Commission Karthikappally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash