പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബറേലി സ്വദേശി അജയ് ധാക്കാഡ്, ഇദ്ദേഹത്തിന്റെ മക്കളായ ശിവം, സമർഥ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ട്രെയിൻ തട്ടിയാണ് അജയ് മരിച്ചത്. വിവരം അറിഞ്ഞ് പൊലിസ് സ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വൈകുന്നേരം ആറ് മണിയോടെ കുട്ടികളുടെ മൃതദേഹങ്ങൾ കാറിനുള്ളിൽ കണ്ടെത്തുകയുമായിരുന്നു. സിനിമ കാണിക്കാമെന്ന് പറഞ്ഞ് അജയ് കുട്ടികളെ വീട്ടിൽനിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ പ്രതാപ് സിംഗ് ധാക്കാഡ് പറഞ്ഞു.
അജയുടെ മരണവിവരമറിഞ്ഞതിനെത്തുടർന്നാണ് കുടുംബാംഗങ്ങൾ കുട്ടികളെ അന്വേഷിച്ചു തുടങ്ങിയത്. കുട്ടികളുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. അജയ് ജീവനൊടുക്കാനുള്ള കാരണവും കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കുട്ടികളുടെ മരണകാരണം വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.
Tags : Deepika BreakingNews Dead Family