Image for representation
തിരുവനന്തപുരം: സ്പായിലെ ലൈംഗികാതിക്രമത്തിൽ ഇരയായ പെണ്‍കുട്ടിയെ വില്‍പ്പന നടത്തിയ ഇളയമ്മയും ഇളയച്ഛനും അറസ്റ്റില്‍. ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരിയുടെ ഇളയച്ഛനെയും ഇളയമ്മയെയും കോവളം പൊലിസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ഇന്ന് തിരുവനന്തപുരത്തെത്തിക്കും.
ചെന്നൈയിലെ സ്പായിലും കോവളത്തെയും വിഴിഞ്ഞത്തെയും സ്പാകളിലും പെണ്‍കുട്ടിയെ വില്‍പ്പന നടത്തിയത് ഇളയമ്മയാണെന്ന് പൊലിസില്‍ മൊഴി നല്‍കിയിരുന്നു. ഇതിനിടെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയായി. കോവളത്തും വിഴിഞ്ഞത്തും സ്പായില്‍ ജോലി ചെയ്യവെ ഇളയമ്മ നിര്‍ബന്ധിക്കുമായിരുന്നു.
മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്പായിലെ ഒരു ജീവനക്കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായത്. ഇളയമ്മ പോലീസില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കിയിരുന്നു.യുവാവിനെ സംശയിക്കുന്നുവെന്നായിരുന്നു പരാതി. നെയ്യാര്‍ഡാം സ്വദേശിയായ യുവാവിന്റെ വീട്ടില്‍ നിന്നു പൊലിസ് പെണ്‍കുട്ടിയെ കണ്ടെത്തി രേഖകള്‍ പരിശോധിച്ചു.
ആധാറില്‍ ഇരുപത് വയസ് രേഖപ്പെടുത്തിയിരുന്നതിൽ സംശയം തോന്നിയ പൊലിസ് പെണ്‍കുട്ടി പഠിച്ച ആന്ധ്രാ പ്രദേശിലെ സ്കുള് രേഖകള്‍ പരിശോധിച്ചപ്പോള്‍ പതിനാറ് വയസ് മാത്രമായിരുന്നു. ഇതേ തുടര്‍ന്ന് പൊലിസ് പെണ്‍കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ചു.
അവിടെ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തുണ്ടായിരുന്ന ഇളയമ്മയും ഇളയച്ഛനും പീഡന വിവരം പെണ്‍കുട്ടി പറഞ്ഞതോടെ ആന്ധ്രയിലേക്ക് കടന്നിരുന്നു. പോലീസ് സംഘം ആന്ധ്രയില്‍ എത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags : SexualAssault Kovalam Spa Aunt Uncle