പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചു. സൈബർ വിദഗ്ധർ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സ്പാകളിൽ എത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പെൺകുട്ടിയെ ഉപദ്രവിച്ചവരെ തിരിച്ചറിയുന്നതിനായി തിരിച്ചറിയൽ പരേഡ് നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് സൂചന. ആന്ധ്രാസ്വദേശിയായ പെൺകുട്ടി ചെന്നൈയിലും പീഡനത്തിന് ഇരയായതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ അന്തർസംസ്ഥാന റാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടോയെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. അച്ഛനും അമ്മയും മരിച്ചതിനെത്തുടർന്ന് അമ്മയുടെ സഹോദരിയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കഴിഞ്ഞ ജൂലൈയിലാണ് ബന്ധുക്കൾ കോവളത്ത് എത്തിച്ചത്.
തുടർന്ന് വിവിധ സ്പാകളിൽ നിർത്തി കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് ആരോപണം. പീഡനം സഹിക്കാനാകാതെ വന്നതോടെ സ്പായിലുണ്ടായിരുന്ന മലയാളിയായ യുവാവിനൊപ്പം പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ കാണാതായതോടെ കുട്ടിയെ പണം വാങ്ങി കൈമാറിയെന്ന് ആരോപണമുള്ള ഇളയമ്മ തന്നെയാണ് പൊലിസിൽ പരാതി നൽകിയത്. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെയും കൗൺസിലിങ്ങിലൂടെയുമാണ് പീഡനവിവരങ്ങൾ പുറത്തുവന്നത്.
കേസുമായി ബന്ധപ്പെട്ട് നാഗലക്ഷ്മി, ഗോപി, രണ്ട് സ്പാ ഉടമകൾ എന്നിവരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. ആന്ധ്രയിൽ പിടിയിലായ പെൺകുട്ടിയുടെ ഇളയമ്മയെയും ഭർത്താവിനെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. അതേസമയം സ്പാകളുടെ നടത്തിപ്പിൽ ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്കും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Tags : Kovalam Spa Abuse Case SIT Investigation Sexual Abuse Case Minor Abuse Case Thiruvananthapuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash