മഹേഷ്, ഭാര്യ ലളിത
ലക്നോ: ഗ്രേറ്റർ നോയിഡയിലെ റബുപൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് ബന്ധുക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് മഹേഷ്, ഭാര്യ ലളിത (35), മകൻ സാക്ഷാത് (11), മകൾ മിഷ്തി (ഏഴ്), റിയാൻഷ് (മൂന്ന്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച മഹേഷിന്റെ രണ്ട് സഹോദരിമാരായ സുനിത (45), സപ്ന (32), സുനിതയുടെ ഭർത്താവ് ശേഖർ അപരേഖ് ചന്ദ്രശേഖർ (50) എന്നിവരാണ് അറസ്റ്റിലായത്.
സ്വത്ത് തർക്കത്തെ തുടർന്ന് കുടുംബം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് മഹേഷ് തന്റെ മൊബൈൽ ഫോണിൽ ഒരു ശബ്ദരേഖ റെക്കോർഡ് ചെയ്തിരുന്നു. മൂത്ത സഹോദരി സുനിത, ഭർത്താവ് ശേഖർ, ഇളയ സഹോദരി സപ്ന എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികൾ എന്ന് ഈ ശബ്ദരേഖയിൽ ആരോപിക്കുന്നുണ്ട്.
മഹേഷും അമ്മയും താമസിച്ചിരുന്ന വീട്, സുനിതയുടെ സ്വാധീനത്താൽ അമ്മ അവരുടെ പേരിലേക്ക് മാറ്റിയെഴുതി വാങ്ങിയിരുന്നുവെന്ന് അയൽവാസികളും ബന്ധുക്കളും പൊലിസിനോട് പറഞ്ഞു. വീടിനു ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പുറത്തുനിന്ന് ആരും വീടിനുള്ളിൽ അതിക്രമിച്ചു കയറിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ നൂഡിൽസ് കഴിച്ചിരുന്നതിനാൽ ആദ്യം ഭക്ഷ്യവിഷബാധയാണെന്നാണ് കരുതിയതെങ്കിലും വീഡിയോഗ്രാഫി ചെയ്ത പോസ്റ്റ്മോർട്ടത്തിൽ വിഷബാധയേറ്റ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഫൊറൻസിക് സയൻസ് ലബോറട്ടറി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.
ലളിതയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് പറഞ്ഞു.
Tags : Deepika BreakingNews Family Dead Arrested