പ്രതീകാത്മക ചിത്രം.
ചന്ദ്രവംശത്തിലെ ചക്രവർത്തിയായിരുന്ന യയാതിയുടെ കഥ എല്ലാവർക്കുമറിയാം. സുഖഭോഗങ്ങളോടുള്ള ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തിന്റെയും, ഭൗതികസുഖങ്ങൾ എത്രയാഘോഷിച്ചിട്ടും മതിവരാത്ത മനസിന്റെയും ഉടമയായിരുന്നു യയാതി. തന്റെ തെറ്റുകളുടെ ഫലമായി ഏൽക്കേണ്ടിവന്ന ശാപത്തെത്തുടർന്ന് യയാതി വൃദ്ധനായി മാറി. തുടർന്ന്, തന്റെ മകന്റെ യൗവനം സ്വീകരിച്ച യയാതി സുഖലോലുപതയിൽ മുഴുകുകയും ചെയ്തു. സുഖഭോഗങ്ങളോടുള്ള ആസക്തി ഒരിക്കലും അടങ്ങില്ലെന്നു സ്വയം തിരിച്ചറിവു നേടിയ യയാതി തന്റെ മകനു യൗവനം തിരികെനൽകുകയും അവനെ രാജാവായി വാഴിക്കുകയും ചെയ്തു. തുടർന്ന്, വാനപ്രസ്ഥത്തിനായി കൊട്ടാരം വിട്ടുപോകുകയും ചെയ്തു യയാതി - ഇതാണ് ആ പുരാണകഥ.
മനുഷ്യന് അമരത്വം കൈവരിക്കാൻ കഴിയുമോ? ശാസ്ത്രത്തിന്റെ അന്വേഷണങ്ങൾ പതിറ്റാണ്ടുകളായി ഈ മേഖലയിൽ നടക്കുന്നുണ്ട്. എന്നാൽ, വാർധക്യത്തിനു കാരണമാകുന്ന എല്ലാ ഘടകങ്ങളും തരണം ചെയ്താൽ പോലും മനുഷ്യന് അമരത്വം കൈവരിക്കാനാകില്ലത്രെ! പരമാവധി 150 വർഷം മാത്രമായിരിക്കും മനുഷ്യായുസെന്നാണു പുതിയ പഠനം. 'ഡിഎൻഎ'യിൽ ക്രമേണയുണ്ടാകുന്ന ചെറിയ തകരാറുകൾ അഥവാ 'സൊമാറ്റിക് മ്യൂട്ടേഷൻ' ആണ് ഇതിനു പ്രധാന കാരണമായി ഗവേഷകർ പറയുന്നത്.
മോസ്കോയിലെ സ്കോൾകോവോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ഗവേഷകരാണു പിന്നിൽ. മനുഷ്യന് 150 വർഷം വരെ ജീവിക്കാനാകും എന്നതിനേക്കാൾ, മനുഷ്യായുസിന്റെ പരമാവധി പരിധി പ്രവചിക്കുകയാണു ഗവേഷണത്തിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്.
ശരീരത്തിലെ പ്രോട്ടീനുകൾ നശിക്കുന്നത്, കോശവിഭജന സമയത്ത് ക്രോമസോമുകളിലെ അറ്റത്തുള്ള 'ടെലോമിയർ' ചെറുതാകുന്നത്, കോശങ്ങളിലെ മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം മന്ദഗതിയിലാകുന്നത് തുടങ്ങി വാർധക്യത്തിനു കാരണങ്ങളേറെയുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഡിഎൻഎയിൽ വരുന്ന മാറ്റങ്ങൾ അഥവാ 'സൊമാറ്റിക് മ്യൂട്ടേഷൻ'.

ശരീരത്തിലെ കോശങ്ങൾ വിഭജിക്കപ്പെടുകയോ സ്വയം പുനഃസൃഷ്ടിക്കുകയോ ചെയ്യുമ്പോൾ ഡിഎൻഎ കോഡുകളിൽ ഉണ്ടാകുന്ന തകരാറുകളാണ് 'സൊമാറ്റിക് മ്യൂട്ടേഷൻ'. ഇവയിൽ ഭൂരിഭാഗവും വലിയ ദോഷം വരുത്താറില്ലെങ്കിലും, പതിറ്റാണ്ടുകൾ കൊണ്ടു കുന്നുകൂടുന്നത്, കോശങ്ങളുടെ നാശത്തിനും പ്രവർത്തനവൈകല്യത്തിനും കാരണമാകുന്നു.
മറ്റു വാർധക്യസഹജമായ എല്ലാ കാരണങ്ങളും ഇല്ലാതാക്കിയാലും ഈ ഡിഎൻഎ തകരാറുകൾ മാത്രംകൊണ്ടു മനുഷ്യായുസ് പരിമിതപ്പെടുമെന്നാണു ഗവേഷകർ വ്യക്തമാക്കുന്നത്. പുതിയ കോശങ്ങളെ സ്വയം ഉത്പാദിപ്പിക്കാൻ കഴിയാത്ത തലച്ചോറും ഹൃദയവുമാണ് ഇതിൽ പ്രധാന വില്ലന്മാരാകുന്നത്. അതേസമയം, കരൾ പോലുള്ള മറ്റ് അവയവങ്ങൾക്ക് സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് തുടർച്ചയായി പുനർജനിക്കാൻ ശേഷിയുണ്ട്.
വാർധക്യം പൂർണമായും ഒഴിവാക്കിയ ഒരു കാൽപനിക മനുഷ്യശരീരത്തിന് 1,759 വർഷം വരെ ആയുസ് ലഭിക്കാമെങ്കിലും, 'സൊമാറ്റിക് മ്യൂട്ടേഷൻ' കാരണം ഈ ആയുസ് കേവലം 150 വർഷമായി ചുരുങ്ങുമെന്നു ഗവേഷകർ പറയുന്നു. ഭാവിയിൽ വാർധക്യവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ പുതിയ പഠനം പ്രയോജനകരമാകുമെന്നാണു ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Tags : Immortality International SomaticMutations Lifespan