സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്
കണ്ണൂർ: പാർട്ടി പ്രവർത്തനങ്ങളിലെ വീഴ്ചകളും സംഘടനാ രംഗത്തെ പാളിച്ചകളും തുറന്നുകാട്ടി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വയംവിമർശനം. പിണറായി ഉൾപ്പെട്ട മാസപ്പടിക്കേസിൽ യഥാസമയം പ്രതികരിച്ചില്ല. ഇത് ആശയക്കുഴപ്പമുണ്ടാക്കി. ആരോപണങ്ങളെ ചെറുക്കുന്നതിലും വീഴ്ച സംഭവിച്ചെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം കൈകാര്യം ചെയ്തതിലും പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തിരിച്ചടിയിലും ഏരിയാ കമ്മിറ്റികൾക്ക് വീഴ്ച സംഭവിച്ചതായി യോഗത്തിൽ വിമർശനമുയർന്നു. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ല. പക്ഷെ നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും വിഷയം ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കുന്നതിലും അവരെ ബോധ്യപ്പെടുത്തുന്നതിലും ഏരിയാ കമ്മിറ്റി പരാജയപ്പെട്ടു.
പയ്യന്നൂരിലെ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തവും ഏരിയാ കമ്മിറ്റിക്കാണെന്ന് ചർച്ചകളിൽ വിമർശനമുയർന്നു. പാർട്ടിയെ വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞികൃഷ്ണൻ പ്രവർത്തിച്ചു. എന്നാൽ കുഞ്ഞികൃഷ്ണന്റെ പാർട്ടി വിരുദ്ധ നിലപാടുകൾ തിരിച്ചറിയുന്നതിൽ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായും വിമർശനമുണ്ടായി. മട്ടന്നൂർ, പയ്യന്നൂർ ഏരിയാ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു.
കെ.കെ. ഷൈലജയെ പേരാവൂരിൽ മത്സരിപ്പിച്ചത് പാർട്ടിയിൽ ഒതുക്കാനാണെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചു. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായും യോഗം വിലയിരുത്തി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന വിമർശനവും ചർച്ചകളിൽ ഉയർന്നു. എം.വി. ഗോവിന്ദനെതിരെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിൽ ഇടപെട്ടെന്ന വിമർശനവും യോഗത്തിൽ ചർച്ചയായി.
എന്നാൽ കേന്ദ്രീകൃത ജനാധിപത്യ സ്വഭാവമുള്ള പാർട്ടിയിൽ ഇക്കാര്യത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് ചില നേതാക്കൾ നിലപാടെടുത്തു. അതേസമയം എ.എൻ. ഷംസീറിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ചില പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.
Tags : cpm district committee meeting KannurCpm PinarayiVijayan KannurDistrictCommittee Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash