അക്രമത്തിന് പിന്നാലെ ബോളിവുഡ് താരം ടൈഗർ ഷ്രോഫ്
ന്യൂഡൽഹി: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈയിൽ നടന്ന വധശ്രമത്തിന് പിന്നിൽ പത്ത് ദിവസത്തോളം നീണ്ട കൃത്യമായ ആസൂത്രണമെന്ന് റിപ്പോർട്ട്. താരത്തിന്റെ വീടിനും ജിമ്മിനും സമീപം പ്രതികൾ നിരീക്ഷണം നടത്തിയിരുന്നുവെന്നും, സോഷ്യൽ മീഡിയയിലെ പാപ്പരാസി വീഡിയോകളും വ്ലോഗർമാരുടെ പോസ്റ്റുകളും വഴിയാണ് ടൈഗർ ഷ്രോഫിന്റെ യാത്രാവിവരങ്ങൾ ഇവർ ശേഖരിച്ചതെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് മടങ്ങുകയായിരുന്ന ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഏഴ് തവണ വെടിയുതിർത്തിരുന്നു. വിൻഷീൽഡിലും സൈഡ് ഗ്ലാസുകളിലും അഞ്ച് ബുള്ളറ്റുകൾ പതിച്ചെങ്കിലും അഞ്ചാമത്തെ വെടിയുതിർത്തതിന് പിന്നാലെ തോക്ക് ജാം ആയത് താരത്തിന് രക്ഷയായി.
ലോറൻസ് ബിഷ്ണോയ് ഗ്യാംഗിനായി ക്വട്ടേഷൻ ഏറ്റെടുത്തവരാണ് പിടിയിലായതെന്നാണ് സൂചന. ഹരിയാന സോണിപത് സ്വദേശിയായ 17 കാരൻ, ബിഹാറിലെ ബെഗുസരായി സ്വദേശിയും മുംബൈയിൽ റാപ്പിഡോ റൈഡറുമായ 22കാരൻ റോഷൻ, ഹരിയാനക്കാരനായ 18കാരൻ റൈഹാൻ എന്നിവരാണ് രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്.
വാട്സാപ്പ്, സിഗ്നൽ തുടങ്ങിയ ആപ്പുകൾ വഴിയാണ് പ്രതികൾ തങ്ങളുടെ ഹാൻഡ്ലർമാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. ആക്രമണത്തിന് ശേഷം എസ്.വി റോഡ് വഴി രക്ഷപ്പെട്ട ഇവർ അന്ധേരി വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം ബൈക്ക് ഉപേക്ഷിച്ച് ബോറിവലിയിലേക്കുള്ള ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മഹാരാഷ്ട്ര അതിർത്തി കടന്ന് ഗുജറാത്തിലേക്ക് കടക്കാനും ഇവർ ശ്രമിച്ചിരുന്നു.
Tags : TigerShroff Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash