പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഉച്ചത്തിൽ പാട്ടുകളും വീഡിയോകളും കേൾക്കുന്നവർക്കും ഫോണിൽ ഉറക്കെ സംസാരിക്കുന്നവർക്കും എതിരെ കർശന നടപടിയുമായി റെയിൽവേ. നിയമം ലംഘിക്കുന്ന യാത്രക്കാരിൽ നിന്ന് 1000 രൂപ പിഴ ഈടാക്കുകയോ ആറുമാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. മാത്രമല്ല, ചട്ടം ലംഘിക്കുന്നവരെ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നിന്നും പുറത്താക്കുമെന്നും അധികൃതർ വ്യക്തമാക്കി.
യാത്രക്കാർ സ്പീക്കർ ഫോണിൽ പാട്ടുകളും മറ്റ് ഓഡിയോകളും കേൾക്കുന്നത് സഹയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ദക്ഷിണ റെയിൽവേ നടപടികൾ കടുപ്പിച്ചത്.
പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി യാത്രക്കാർക്ക് നിർദേശങ്ങൾ നൽകുന്നതിനായി അനൗൺസ്മെന്റുകൾ നടത്താനും സ്റ്റേഷനുകളിൽ നോട്ടിസുകൾ പ്രദർശിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഒക്ടോബർ ഇരുപതിനകം സമർപ്പിക്കാൻ വിവിധ ഡിവിഷനുകൾക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
യാത്രക്കാർ പാട്ടുകളോ മറ്റ് ശബ്ദങ്ങളോ കേൾക്കാൻ നിർബന്ധമായും ഇയർഫോണുകൾ ഉപയോഗിക്കണമെന്ന് റെയിൽവേ ആഭ്യർഥിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ റെയിൽവേ ആക്ട് 145 (2) വകുപ്പ് അനുസരിച്ചാണ് കേസെടുക്കുന്നത്.
Tags : BreakingNews Train RailwayStation Fine