തിരുവനന്തപുരം: പൊലിസിനു വേണ്ടി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്‍റെ കരാർ ശനിയാഴ്ച അവസാനിക്കും. കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കാരിന് ശിപാർശ നൽകിയെങ്കിലും സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല.
ചിപ്സൺ കമ്പനിയും സംസ്ഥാന പൊലിസ് മേധാവിയും തമ്മിലാണ് കരാർ നിലനിന്നിരുന്നത്. പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റർ വാടക. ഈ തുകയ്ക്ക് 25 മണിക്കൂർ യാത്ര ചെയ്യാൻ സാധിക്കും. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നൽകണമെന്നായിരുന്നു വ്യവസ്ഥ.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റും പൊലിസിന്‍റെ ഹെലികോപ്റ്ററിൽ ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്നത്. കരാർ പുതുക്കിയില്ലെങ്കിൽ പുതിയ ടെൻഡർ നടപടിയിലേക്ക് പോകേണ്ടിവരും.