x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊല്ലത്ത് ശുചിമുറി ടാങ്കിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്
Published: October 19, 2026 06:52 PM IST | Updated: October 19, 2026 06:52 PM IST

ശ്യാംജിത്ത്

കൊല്ലം: ശക്തികുളങ്ങര ഹാർബറിലെ ശുചിമുറി ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ചവറ കൊട്ടുകാട് സ്വദേശി നിസാർ (55) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി ശ്യാംജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു.

നിസാറിനെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിൽ തള്ളുകയായിരുന്നുവെന്നു പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ മാസം 30 ന് ഹാർബറിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യുന്നതിനായി സ്ലാബ് തുറന്നപ്പോഴാണ് തൊഴിലാളികൾ മൃതദേഹ അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ശക്തികുളങ്ങര പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു.

പൂർണമായും ജീർണിച്ച നിലയിലായിരുന്നതിനാൽ ആദ്യം ഇതൊരു മൃഗത്തിന്‍റേതാണെന്നായിരുന്നു കരുതിയത്. എന്നാൽ വെറ്ററിനറി സർജനെത്തി നടത്തിയ പരിശോധനയിൽ ഇത് മൃഗത്തിന്‍റേതല്ലെന്നു വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ തെരച്ചിലിൽ തലയോട്ടിയും കണ്ടെത്തുകയുണ്ടായി.

ഹാർബറിലെ ശുചിമുറികൾ വാടകയ്ക്ക് എടുത്തിരുന്നയാളാണ് കൊല്ലപ്പെട്ട നിസാർ. ഇയാൾ അവിടെത്തന്നെയായിരുന്നു താമസിച്ച് വന്നിരുന്നത്. ഹാർബറിലെ ശുചിമുറിയുടെ കരാർ എടുത്തിരുന്നയാളുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ ശ്യാംജിത്ത്. സംഭവദിവസം നിസാർ തന്നെ ചീത്ത വിളിച്ചതു ചോദ്യം ചെയ്ത പ്രതി, നിസാറിനെ ആദ്യം കൈകൊണ്ട് മർദിക്കുകയും പിന്നീട് ശുചിമുറിയിൽ ഉണ്ടായിരുന്ന കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മരണം ഉറപ്പാക്കിയ ശേഷം പ്രതി മൃതദേഹം പായയിൽ പൊതിഞ്ഞ് സമീപത്തെ ടാങ്കിന്‍റെ മൂടി തുറന്ന് അതിലേക്ക് തള്ളുകയായിരുന്നു. കൊലപാതകത്തിന് ശേഷവും ഇയാൾ യാതൊരു ഭയവുമില്ലാതെ ജോലി തുടർന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചു നടത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് ശ്യാംജിത്ത് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി.

Tags : Crime Police Murder Accused Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up