ഇന്ത്യൻ വനിതാ ക്രിക്കറ്റാ താരം ഹർമൻപ്രീത് കൗർ
ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ഇന്ന് ജീവൻമരണ പോരാട്ടം. അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് എയിൽ നിലവിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്തുള്ള കംഗാരുപ്പടയെ ഇന്ന് പരാജയപ്പെടുത്താൻ സാധിച്ചാൽ റൺറേറ്റിന്റെ യാതൊരു ആകുലതകളുമില്ലാതെ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടാം.
എന്നാൽ കളി കൈവിട്ടാൽ ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലങ്ങളെയും നെറ്റ് റൺറേറ്റിനെയും ആശ്രയിക്കേണ്ടി വരും. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ദുർബലരായ ബംഗ്ലാദേശിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിക്കുകയാണെങ്കിൽ, ഇന്ത്യക്ക് സെമിയിലെത്താൻ ഓസ്ട്രേലിയക്കെതിരെ വിജയം അനിവാര്യമായി മാറും.
നിലവിൽ നെറ്റ് റൺറേറ്റിൽ (+2.268) ഇന്ത്യ വളരെ മുന്നിലായതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ മറികടക്കുക എളുപ്പമല്ല. എന്നാൽ ഇന്ന് ഇന്ത്യ തോൽക്കുകയും ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്താൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും. അതേസമയം, ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യക്ക് വലിയ മാർജിനിലുള്ള തോൽവികൾ വഴങ്ങാതെ തന്നെ സെമിയിലെത്താനാകും. സ്മൃതി മന്ദാന, ഷഫാലി വർമ്മ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.
Tags : Indian Women Tea Women's T20 Australia Latest News