വനിതാ ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച അയർലൻഡ് താരങ്ങളുടെ ആഹ്ലാദം
ബ്രിസ്റ്റോൾ: വനിതാ ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി അയർലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റുകൾക്കാണ് അയർലൻഡ് വിജയിച്ചത്.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം 11 പന്ത് ബാക്കിനിൽക്കെ അയർലൻഡ് മറികടന്നു. 63 റൺസെടുത്ത ഒർള പ്രെൻഡർഗാസ്റ്റിന്റെയും 28 റൺസെടുത്ത ആമി ഹണ്ടറുടെയും മികവിലാണ് അയർലൻഡ് ലക്ഷ്യം മറികടന്നത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി അഷ്മിനി മുനിസർ രണ്ട് വിക്കറ്റ് എടുത്തു. ക്യാപ്റ്റൻ ഹെയ്ലി മാത്യൂസും അഫൈ ഫ്ലെച്ചറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 128 റൺസെടുത്തത്.
27 റൺസെടുത്ത ചിനെല്ലെ ഹെൻറിയുടെയും 22 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും 21 റൺസ് നേടിയ ഡിയാൻഡ്ര ഡോട്ടിൻ എന്നിവരുടെ മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
അയർലൻഡിന് വേണ്ടി എയ്മി മാഗ്വയറും കാരാ മുറെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒർള പ്രെൻഡർഗാസ്റ്റും അർളീൻ കെല്ലിയും ജെയ്ൻ മഗ്വയറും ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തെ തന്നെ സെമി കാണാതെ പുറത്തായ അയർലൻഡിന് രണ്ട് പോയിന്റായി. അവരുടെ ഈ ടൂർണമെന്റിലെ ആദ്യ വിജയമാണ് ഇന്നത്തേത്. പരാജയപ്പെട്ടെങ്കിലും ആറ് പോയിന്റുള്ള വെസ്റ്റ് ഇൻഡീസ് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
Tags : icc women's t20 world cup match ireland beats west indies