District News
ആലപ്പുഴ: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി രംഗത്ത്. പോലീസുമായി കൈകോർത്ത് ഒറ്റക്കെട്ടായ പ്രവർത്തനമാണ് നടത്താൻ പോകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് 2.45ന് ആലപ്പുഴ കാർമൽ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഓപ്പറേഷൻ തൂഫാൻ ഓഫീസർ ഇൻ-ചാർജ് പുട്ട വിമലാദിത്യ പങ്കെടുക്കും.
Kerala
തൊടുപുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴയിൽ പരിശോധന നടത്തി പോലീസ്. തൊടുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ആണ് പരിശോധന നടത്തിയത്.
ഇന്ന് രാത്രി 9.30 ഓടെയാണ് പരിശോധന നടന്നത്. സ്റ്റാൻഡിലുണ്ടായിരുന്ന ബസുകളിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വാരാന്ത്യത്തോടനുബന്ധിച്ചായിരുന്നു പരിശോധന.
ഇന്ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പോലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘം പിടിയിലായത്.
ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാക്കശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാലുപേരുടെയും താമസം. എംഡിഎംഎ ഉപയോഗിച്ച ശേഷമാണ് ഇവർ തൃശൂരിലേയ്ക്ക് യാത്രതിരിച്ചത് വഴിമധ്യേ വാണിയംപാറയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു.
National
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ചു നിരോധനമേർപ്പെടുത്തിയ സമൂഹമാധ്യമ ആപ്പായ ടെലിഗ്രാം രാജ്യത്ത് വീണ്ടും പ്രവർത്തിച്ചുതുടങ്ങി. 22 വരെ ഏർപ്പെടുത്തിയ നിരോധനം അവസാനിച്ചതിനുശേഷം രാജ്യത്തെ ഒട്ടുമിക്ക ഉപയോക്താക്കൾക്കും ടെലിഗ്രാം വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.
എന്നാൽ, ചില ഉപയോക്താക്കൾക്ക് ആപ് ഇപ്പോഴും ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. പ്ലേ സ്റ്റോറിൽ ആപ് വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതിനു ലഭ്യമായെങ്കിലും ആപ് സ്റ്റോറിൽ പലർക്കും ടെലിഗ്രാം ലഭ്യമാകുന്നില്ല.
നിരോധനം അവസാനിച്ചെങ്കിലും കേന്ദ്രസർക്കാർ ടെലിഗ്രാമിനെ തുടർച്ചയായി നിരീക്ഷണത്തിനു വിധേയമാക്കിയേക്കും. ടെലിഗ്രാമിന്റെ നിരോധനം സംബന്ധിച്ചു കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനും കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളുടെ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനും ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്.
ടെലിഗ്രാമിന്റെ ചാനലുകളിലൂടെ ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയാൻ ബന്ധപ്പെട്ടവർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും കേന്ദ്രം ആരോപിക്കുന്നു.
എന്നാൽ, ഈ ആരോപണം ശരിയല്ലെന്നാണ് ടെലിഗ്രാം പറയുന്നത്. ടെലിഗ്രാമിന്റെ നിരോധനം അവസാനിച്ചെങ്കിലും ആപ്പിലെ മെസേജ് എഡിറ്റിംഗ് സംവിധാനത്തിന് ഈമാസം 30 വരെ നിരോധനമുണ്ട്.
District News
കണ്ണൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ 2026-28 വർഷത്തെ പ്രവർത്തനോദ്ഘാടനം കണ്ണൂർ സിറ്റി ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് എ.പി. ചന്ദ്രൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എ. ജയരാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം. ജി. ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് രാഘവൻ മുയ്യം, കുഞ്ഞിരാമൻ നമ്പ്യാർ, ജില്ലാ സമ്മേളന കൺവീനർ കെ. പത്മനാഭൻ, കെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി രാഘവൻ മുയ്യം (പ്രസിഡന്റ്), ദിലീപ് ബാലക്കണ്ടി (സെക്രട്ടറി), കെ.പ്രകാശൻ (ട്രഷറർ), എ. പദ്മനാഭൻ, ടി.സി. സുരേഷ് ബാബു, സി.രാമചന്ദ്രൻ, കെ.ഡി. ഫ്രാൻസിസ് (വൈസ് പ്രസിഡന്റുമാർ), വി.കെ. ദാമോദരൻ നമ്പ്യാർ, ടി.വി. കുഞ്ഞിരാമൻ, പി.കെ. ലൂക്കോസ്, പി.പ്രേമൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവർ ചുമതലയേറ്റു.
Kerala
പത്തനംതിട്ട: എരുമേലിയിൽ സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 1.350 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാം(28) ആണ് പിടിയിലായത്.
എക്സൈസാണ് അമലിനെ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അമൽ പിടിയിലായത്.
എരുമേലി റെയ്ഞ്ച് ഇൻസ്പെക്ടർ ജി.ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനക്കിടെയാണ് അമൽ സ്കൂട്ടറിൽ എത്തിയത്. സംശയം തോന്നി വണ്ടി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും അമൽ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശി പിടിയില്‍. എറണാകുളം കളമശേരിയില്‍ വച്ചാണ് ആസാം സ്വദേശിയായ ജിലൂല്‍ ഹഖിനെ തൃക്കാക്കര ഡാന്‍സാഫ് സംഘം പിടികൂടിയത്.
5 കിലോ കഞ്ചാവും 8.24 ഗ്രാം ബ്രൗണ്‍ ഷുഗറും ഇയാളില്‍ നിന്നും പിടികൂടി. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവ് ബ്രൗണ്‍ ഷുഗറും പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയില്‍ ആയിരുന്നു. അതേസമയം, ഓപ്പറേഷന് തൂഫാനില്‍ ലഹരി സംഘത്തിലെ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കുടുങ്ങുന്നത്.
തെരഞ്ഞെടുപ്പും പെരുന്നാളും കഴിഞ്ഞ് മയക്കുമരുന്നുമായി എത്തുന്ന അന്യസംസ്ഥാനക്കാരെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ പോലീസ് പിടികൂടുകയാണ്. പോലീസ് പരിശോധനയെ തുടര്‍ന്ന് അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ തൊഴിലാളികള്‍ എക്സൈസിന്റെ പിടിയില്‍ ആയിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ ആഞ്ഞടിച്ച് ഓപ്പറേഷന് തൂഫാന്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതലായുള്ള പെരുമ്പാവൂരില്‍ കഴിഞ്ഞ ദിവസങ്ങളിലായി മിന്നല്‍ പരിശോധന നടത്തി വരികയാണ് പോലീസ്. ഡോഗ് സ്ക്വാഡിനെ അടക്കം വിന്യസിച്ചു കൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഇന്ന് വൈകിട്ട് വരെയുള്ള പരിശോധനയ്ക്കിടെ പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകം രൂപീകരിച്ച സ്ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമായാണ് 11 പേരെ പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 35 കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികളെയും പെരുമ്പാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് പ്രദേശത്ത് പോലീസ് സജീവമാണെങ്കിലും എക്സൈസ് വകുപ്പ് നിസഹരണം തുടരുകയാണ് എന്നാണ് അധ്യാപകനും പെരുമ്പാവൂരിലെ ലഹരി വിരുദ്ധ പോരാട്ടം സംഘടന കണ്‍വീനറുമായ കെ.എ. നൗഷാദ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും പെരുമ്പാവൂരിലെ കാര്യങ്ങള്‍ പറയാനായി കാണാനിരിക്കവെയാണ് ഓപ്പറേഷന് തൂഫാനിലൂടെ പോലീസ് പ്രദേശത്തെ ലഹരിമുക്തമാക്കി കൊണ്ടിരിക്കുന്നത്.
പെരുമ്പാവൂരിലെ ഭായ് കോളനിയില്‍ നാട്ടുകാരെ വെല്ലുവിളിച്ചു കൊണ്ടായിരുന്നു മയക്കുമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവുമാണ് നടന്നിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കോളേജ് വിദ്യാര്‍ഥികള്‍ എത്തി മയക്കുമരുന്ന് വാങ്ങുന്നത് പതിവായി മാറിയിരുന്നു. അന്ന് പോലീസ് പരിശോധനകളും ഉണ്ടായിരുന്നില്ല. ലഹരിയുമായി ഒരാളെ പിടിച്ചാലും അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിടുകയും ചെയ്യും.
അതിനെതിരെ നാട്ടുകാര്‍ പ്രതികരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഷെരീഫ് പുല്ലാട്ട് എന്ന പ്രവര്ത്തകന് അഞ്ചു ദിവസം ജയിലില്‍ കിടന്നു. പിന്നാലെ എസ്പി ചര്‍ച്ചയ്ക്ക് വിളിച്ചു. പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്തു നിന്നും വീഴ്ചകളുണ്ടെന്ന് നാട്ടുകാര്‍ ബോധ്യപ്പെടുത്തിയതോടെ പ്രദേശത്ത് 24 മണിക്കൂറും പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.
ആ ഉറപ്പ് ഇതുവരെ പാലിച്ചിട്ടുണ്ട് എന്നാണ് നൗഷാദ് പറയുന്നത്. ഭായ് കോളനിയിലെ 70 ശതമാനത്തോളം മയക്കുമരുന്ന് കച്ചവടം കുറഞ്ഞു. അനധകൃത താമസക്കാരായ അന്യസംസ്ഥാനക്കാര്‍ അവിടെ നിന്നും പോയി. എങ്കിലും പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് പെരുമ്പാവൂര്‍ ടൗണിലെ നിത്യക്കാഴ്ചയാണ്. അതുപോലെ തന്നെ പെണ്‍വാണിഭവും. ഇതില്‍ ഒരു വിഭാഗം നാട്ടുകാരുടെ വലിയ പിന്തുണയുമുണ്ട്. ലോഡ്ജ് ഉടമകളും അന്യസംസ്ഥാനക്കാരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകളും വലിയ വാടകയാണ് അവരില്‍ നിന്നും വാങ്ങുന്നത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പോലീസ് റെയ്ഡ് പെരുമ്പാവൂരില്‍ തുടരുകയാണ്. എന്നാല്‍ എക്സൈസ് അത്ര സജീവമല്ല പെരുമ്പാവൂരില്‍. വേണ്ടത്ര സ്റ്റാഫ് ഇല്ല. എല്ലാ ഞായറാഴ്ച പെരുമ്പാവൂര്‍ മയക്കുമരുന്നിന്റെ ഒരു ഹബ്ബ് ആയി മാറും. കുറച്ച് നാളുകള്‍ മുമ്പ് ഒരു കെട്ടിടത്തില്‍ നിന്നും ഞങ്ങള്‍ 45 ഓളം ചാക്ക് ഹാന്‍സ് പിടിച്ചു. നിരന്തരം എക്സൈസിനെ വിളിച്ചിട്ടും അവര്‍ വന്നില്ല. എന്നാല്‍ പോലീസ് എത്തി. എക്സൈസിന് ആകെ മയക്കുമരുന്ന്, നാര്‍കോട്ടിക് കേസുകള്‍ നോക്കിയാല്‍ മതി. എന്നാല്‍ പോലീസിന് ഒരുപാട് കേസുകള്‍ നോക്കാനുണ്ട്. എങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും എക്സൈസ് ഒന്നും ചെയ്യുന്നില്ല എന്നാണ് നൗഷാദിന്റെ പരാതി.
എക്സൈസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്ദധിപ്പിക്കണമെന്നും സജീവമാക്കണമെന്നും എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സൈസിനെ വിളിച്ചാല്‍ ഒന്നുകില്‍ വണ്ടി ഉണ്ടാവില്ല, അല്ലെങ്കില്‍ സ്റ്റാഫ് ഉണ്ടാവില്ല. പോലീസിനെ രാത്രി രണ്ടു മണിക്ക് വിളിച്ചാലും അവര്‍ വരും. പെരുമ്പാവൂരിലെ ഓട്ടോ തൊഴിലാളികളെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത്. മയക്കുമരുന്നാണ് കൊണ്ടുവരുന്നതെന്ന് മനസിലായാല്‍ അവര്‍ ഞങ്ങളെ വിളിക്കുകയും വിവരം കൈമാറുകയും ചെയ്യും. അത് പോലീസിന് നല്‍കുകയും ചെയ്യുമെന്ന് നൗഷാദ് വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മിഷണര്‍ക്കും സേഫ് പെരുമ്പാവൂര്‍ എന്ന ആശയം മുന്‍ നിര്‍ത്തി ആയിരക്കണക്കിന് മെയിലുകള്‍ ഒരേ സമയം നല്‍കിയിരുന്നു. അതിന്റെ പരിണിത ഫലമായാണ് പോലീസിന്റെ ശക്തമായ പരിശോധന വന്നത്. പെരുമ്പാവൂരിലെ മയക്കുമരുന്ന് വിപണിയെ പിടിച്ചു നിര്‍ത്താന്‍ അന്നത്തെ പരാതി പ്രളയം കൊണ്ട് സാധിച്ചു. എന്നാല്‍ എക്സൈസില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ ലഭിച്ചിട്ടില്ല. കുന്നത്തുനാട് താലൂക്കിന്റെ എക്സൈസ് ഓഫീസിനാണ് പെരുമ്പാവൂരിന്റെ ചുമതല. 60 ഓളം സ്റ്റാഫ് അവിടെ വേണമെങ്കിലും 30 ഓളം സ്റ്റാഫ് മാത്രമാണ് അവിടെയു്ളത് എന്നാണ് നൗഷാദ് പറയുന്നത്.
നമ്മുടെ മക്കള്‍ അതിലേക്ക് പോയപ്പോഴാണ് നമ്മള് ഉണര്‍ന്നത്. 17-18 വയസുള്ള ആണ്‍കുട്ടികളാണ് അവിടെ ലഹരി വാങ്ങാനെത്തുന്നു. അവരുടെ ഫോണ്‍ പരിശോധിപ്പോള്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളാണ് കണ്ടത്. 16-17 വയസുള്ള പെണ്‍കുട്ടികള്‍ മയക്കമരുന്ന് വാങ്ങിക്കാന്‍ വേണ്ടി പൈസ അയച്ചു കൊടുത്തിരിക്കുന്നു. കാക്കനാടുള്ള ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ടു വിദ്യാര്‍ഥികളെ പിടിച്ചു. അവര്‍ക്ക് പെണ്‍കുട്ടികള്‍ ലഹരി വാങ്ങാനായി കാശ് അയച്ചു കൊടുത്തിരിക്കുകയാണ്. അതോടെയാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങിയതെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. പെരുമ്പാവൂരില്‍ പരസ്യമായി ലഹരി ഉപയോഗിക്കുന്നവരുടെ വീഡിയോ പോലീസിന് കൈമാറിയവരില്‍ ഒരാളാണ് നടന് ഉണ്ണി മുകുന്ദന്. ഇതിനെതിരെ നടപടി എടുത്തതോടെ ഓപ്പറേഷന് തൂഫാനും പോലീസിനും ആശംസകളുമായി താരം രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ കാണിച്ച പ്രതിബദ്ധതയ്ക്ക് സേനയ്ക്കും നടപടി എടുത്ത ഹാര്‍ദിക് മീണയ്ക്കും ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് നന്ദി അറിയിച്ചത്.
Kerala
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ രോഗിയുടെ കാലിൽനിന്ന് മരക്കഷ്ണം പുറത്തെടുത്തു. ഭരതന്നൂർ കരിങ്കട മഹേഷ് ഭവനിൽ മധു (57)വിന്റെ കാലിൽ നിന്നാണ് മരക്കഷ്ണം പുറത്തെടുത്തത്.
മരത്തിൽനിന്ന് വീണതിനെതുടർന്ന് മധു മെഡിക്കൽ കോളജിൽ ചികിത്സതേടിയിരുന്നു. ഇവിടെ പത്തിലധികം തുന്നലിട്ട ശേഷം പാലോട് സർക്കാർ ആശുപത്രിയിലേക്ക് വിട്ടു. അടുത്തുള്ള ആശുപത്രിയിൽ എത്തി ഡ്രസിംഗ് ചെയ്യണമെന്ന് നിർദേശിച്ച് മൂന്ന് ദിവസം പാലോട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിന് ശേഷം വീട്ടിൽ വിട്ടു. തുടർന്ന് മധു വീട്ടിന് അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തി ഡ്രസിംഗ് ചെയ്തു.
വീണ്ടും മുറിവിൽ നിന്ന് പഴുപ്പ് വന്നതിനെതുടർന്ന് ഓർത്തോ വിഭാഗത്തിൽ കാണിക്കാൻ ഡോക്ടർ അറിയിച്ചതോടെയാണ് നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സതേടിയത്. കഴിഞ്ഞ 14ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി. തുടർന്ന് അസ്ഥിരോഗ വിദഗ്ധൻ വി.എസ്. അജിത് കുമാർ ശസ്ത്രക്രിയ നടത്തി രോഗിയുടെ കാലിൽനിന്ന് മരകഷണം പുറത്തെടുക്കുകയായിരിന്നു. അഞ്ച് സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള മരക്കഷ്ണമാണ് പുറത്തെടുത്തത്.
മാര്‍ച്ച് 21ന് മാവിന്റെ ശിഖരങ്ങള്‍ മുറിക്കുന്നതിനിടെയാണ് മധു താഴേക്ക് വീണത്. താഴെ മുറിച്ചിട്ട മരക്കൊമ്പുകളിലേക്ക് വീണപ്പോള്‍ ഇടതുകാലില്‍ മുറിവേറ്റു. ഉടന്‍ പാങ്ങോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എക്സറേ എടുത്തപ്പോൾ മുറിവില്‍നിന്നും രണ്ട് കല്ലുകള്‍ കണ്ടെത്തിയെന്നും അത് നീക്കിയെന്നും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് മുറിവില്‍ 12 തുന്നിടുകയായിരുന്നു.
District News
ചങ്ങനാശേരി: പെരുന്ന മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ വഴികാട്ടി സൗജന്യ പ്രഥമശുശ്രൂഷ കേന്ദ്രം പ്രവര്‍ത്തനം നിലച്ചിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു. നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ പെരുന്ന ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ സബ് സെന്ററായാണ് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ വഴികാട്ടി പ്രവര്‍ത്തിച്ചിരുന്നത്.
മൂന്നുവര്‍ഷക്കാലം ഈ സ്ഥാപനം ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതയും വൈദ്യുതി കണക്ഷൻ കട്ട് ചെയ്തതും മൂലം ഈ ചികിത്സാ കേന്ദ്രം പൂട്ടുകയായിരുന്നു.
യാത്രയ്ക്കെത്തുന്ന രോഗികള്‍ക്കുള്‍പ്പെടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഫസ്റ്റ് എയ്ഡ് എന്ന നിലയില്‍ ഈ ചികിത്സാ കേന്ദ്രം ഉപകാരമായിരുന്നു. ബിപി, പ്രമേഹം, ബിഎംഎ, ഒആര്‍എസ് പാനീയം, നെബുലൈസേഷന്, പാരസെറ്റാമോള്‍ തുടങ്ങിയ ഗുളികകളുടെ വിതരണം, ക്ലോറിനേഷനുവേണ്ടിയുള്ള ബ്ലീച്ചിംഗ് പൗഡര്‍ വിതരണം എന്നിവ ഇവിടെ ലഭ്യമായിരുന്നു.
ഇവകൂടാതെ ജീവിതശൈലി രോഗ നിര്‍ദേശങ്ങള്‍, ജനനി സുരക്ഷ യോജന അമ്മയും കുഞ്ഞും പദ്ധതി, ഭൂമിക, ആരോഗ്യകിരണം സംബന്ധിച്ച പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും ഇവിടെ ലഭ്യമായിരുന്നു. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെ ഈ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭിച്ചിരുന്നു. എന്നാല്‍ ഈ കേന്ദ്രത്തിന്റ പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ നിലച്ചിരിക്കുകയാണ്.
വഴികാട്ടി പുനരാരംഭിക്കണം
നഗരസഭ നിര്‍മിച്ചു നല്കിയ കാബിനിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കാബിന് ആവശ്യത്തിന് സൗകര്യമില്ലാത്തതും ജീവനക്കാര്‍ക്ക് കുടിക്കാന്‍ വെള്ളവും പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലമാണ് ഈ കേന്ദ്രം നിര്‍ത്തലാക്കിയതെന്നാണ് സൂചന ലഭിക്കുന്നത്.
ഈ കേന്ദ്രം പുനരാരംഭിക്കാന്‍ നഗരസഭാധികൃതര്‍ ശ്രദ്ധിച്ചാല്‍ നൂറുകണക്കിനു യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും തൊഴിലാളികൾക്കും ഉപകാരപ്പെടും.
പരിഗണിക്കും
പെരുന്ന ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിനുള്ള നടപടികള്‍ നടന്നുവരികയാണ്. ഇതോടനുബന്ധിച്ച് വഴികാട്ടി ചികിത്സാ കേന്ദ്രം പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കും.
ജോമി ജോസഫ്,മുനിസിപ്പല്‍ ചെയര്മാന്കുഞ്ഞുമോന് പുളിമൂട്ടില്‍,ആരോഗ്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയര്മാന്.
National
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ നടുവൊടിച്ച ബിജെപിയുടെ "ഓപ്പറേഷൻ താമര’യ്ക്ക് ലക്ഷ്യം പലത്. പത്തു മാസം കഴിഞ്ഞു നടക്കാനുള്ള പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പുകളാണ് ആദ്യത്തേത്.
അടുത്ത വർഷം ഏപ്രിലിൽ തെരഞ്ഞെടുപ്പു നടക്കേണ്ട ഉത്തർപ്രദേശാണു രണ്ടാമത്തേത്. 2027 നവംബറിലെ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിലും നേട്ടം കൊയ്യാൻ എഎപിയിലെ ഏഴു രാജ്യസഭാ എംപിമാരുടെ കൂറുമാറ്റം ബിജെപിക്കു തുണയായേക്കും.
പഞ്ചാബിലെയും ഡൽഹിയിലെയും ഗോവയിലെയും എഎപി എംഎൽഎമാരിൽ ചിലരെയും കൂറു മാറ്റാൻ ഓപ്പറേഷൻ താമര സജീവമാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടു നിർദേശം നൽകിയതായാണു സൂചന. രാജ്യസഭയിലെ എഎപിയുടെ 10 എംപിമാരിൽ ഏഴു പേരെ ഒറ്റയടിക്ക് ബിജെപിയിലെത്തിച്ചതിനു പിന്നാലെ ലോക്സഭയിലെ എംപിമാരെയും വലയിലാക്കാൻ നീക്കം ശക്തമാണ്.
പുതിയ കൂറുമാറ്റത്തോടെ രാജ്യസഭയിലെ ബിജെപി എംപിമാരുടെ എണ്ണം 113 ആയി. എൻഡിഎ 150ലേക്ക് അടുക്കുകയാണ്. മോദി സർക്കാരിന് ഉപരിസഭയിൽ പ്രധാന ബില്ലുകൾ പാസാക്കുന്നത് ഇത് എളുപ്പമാക്കും.
രാഷ്ട്രീയത്തിലെ ധാർമികതയെ തെല്ലും പരിഗണിക്കാതെയുള്ള ബിജെപിയുടെ മാസ്റ്റർ സ്ട്രോക്ക് ആണ് എഎപിയെ ആപ്പിലാക്കിയ എംപിമാരുടെ കൂട്ട കൂറുമാറ്റം. വളരെക്കാലമായി എഎപി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും തടയാൻ കഴിയാതെ പോയതാണു രാജ്യസഭയിലെ പാർട്ടിയുടെ പത്തിൽ ഏഴ് എംപിമാരുടെ ഒന്നിച്ചുള്ള കാലുമാറ്റം.
ഓപ്പറേഷൻ താമരയിലൂടെ എഎപിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് എഎപി പലതവണ ആരോപിച്ചിരുന്നു. കേജരിവാളിനെയും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും കേസിൽപ്പെടുത്തി ജയിലിലടച്ചത് അടക്കം ഡൽഹി ഭരണം പിടിക്കാൻ ബിജെപി സ്വീകരിച്ചതെല്ലാം വളഞ്ഞ വഴികളാണെന്നും എഎപി ചൂണ്ടിക്കാട്ടുന്നു.
ആം ആദ്മി പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സന്ദീപ് പഥക്കിന്റെ കൂറുമാറ്റം കേജരിവാളിനെ ഞെട്ടിച്ചു. പഞ്ചാബിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുടെ തന്ത്രങ്ങൾ മെനഞ്ഞ് വിജയിപ്പിച്ച രാഘവ് ഛദ്ദയും സന്ദീപ് പഥക്കും ബിജെപിയിലേക്കു പോയതിന്റെ ക്ഷീണം ചെറുതല്ല.
പഞ്ചാബിലെ 60 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന ഛദ്ദയുടെ പരസ്യപ്രസ്താവന അരവിന്ദ് കേജരിവാളിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെയും ഉറക്കം കെടുത്തും. പഞ്ചാബിൽ ഭരണത്തിലെത്തിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, മിക്കവാറും എല്ലാ ടിക്കറ്റുകളും നൽകിയതു ഛദ്ദയാണ്. പഞ്ചാബിലെ എല്ലാ എംഎൽഎമാരുമായും നേരിട്ടു ബന്ധവുമുണ്ട്.
അടുത്തിടെ ഇഡി നടത്തിയ റെയ്ഡുകളെത്തുടർന്ന് സമ്മർദത്തിലായ അശോക് മിത്തലിന്റെ കൂറുമാറ്റം ഫലത്തിൽ ബിജെപി വാഷിംഗ് മെഷീൻ ആരോപണം ശരിവയ്ക്കുന്നതായി. രാഷ്ട്രീയത്തിൽനിന്ന് അകന്നു നിന്നിരുന്ന ശതകോടീശ്വരനായ വ്യവസായി രജീന്ദർ ഗുപ്തയ്ക്കും ബിജെപിയിൽ ചേർന്നു സ്വന്തം ബിസിനസ് സംരക്ഷിക്കുകയാണു മുഖ്യം. കൂറുമാറ്റ നിരോധന നിയമത്തിലൂടെ അയോഗ്യരാകാതിരിക്കാൻ വേണ്ട ഏഴു പേരെ സംഘടിപ്പിച്ചതിൽ അമിത് ഷാ മുതൽ ഉന്നത ബിജെപി നേതൃത്വം പിന്നിലുണ്ടായിരുന്നു.
പ്രധാനമന്ത്രി മോദിയോട് ആരാധനയാണെന്നു പ്രഖ്യാപിച്ച് ബിജെപിയോട് അടുത്തിരുന്ന വിക്രംജിത് സാഹ്നിയും അവസരം പാത്തു കഴിയുകയായിരുന്നു. എഎപിയുടെ നിലപാടിനു വിരുദ്ധമായി അയോധ്യയിലെ രാമക്ഷേത്ര സമർപ്പണ ചടങ്ങിൽ പങ്കെടുക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചതു മുതൽ ക്രിക്കറ്റ് താരം ഹർഭജൻ സിംഗും ബിജെപിയിലേക്കുള്ള വഴി തേടുകയായിരുന്നു. പാർട്ടി എതിർത്തിട്ടും ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ ഹർഭജൻ പിന്തുണച്ചു.
ബിജെപിയോടു മയസമീപനം സ്വീകരിച്ചതിന്റെ പേരിൽ എഎപിയിൽനിന്ന് അകന്നിരുന്ന സ്വാതി മാലിവാളിന്റെയും ഛദ്ദയുടെയും മാറ്റം ഔപചാരികത മാത്രമായിരുന്നു.
ഛദ്ദയ്ക്കു ബിജെപിയിൽ കൂടുതൽ പ്രാമുഖ്യം കിട്ടിയതിൽ പക്ഷേ സ്വാതിക്ക് അനിഷ്ടമുണ്ടായിരുന്നു. ഒടുവിൽ ബിജെപി നേതൃത്വം ഇടപെട്ടാണു സ്വാതിയെ മയപ്പെടുത്തിയത്. ബിജെപി നേതൃത്വവുമായി വളരെക്കാലമായി ബന്ധപ്പെട്ടിരുന്ന സ്വാതി, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരസ്യമായി പിന്തുണച്ചിരുന്നു.
Kerala
അടിമാലി: ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞ് ജില്ലാ കളക്ടർ. അനുമതിയില്ലാതെ നിർമാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും അനുമതി ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി.
ആനച്ചാൽ കാനാച്ചേരിയിലെ എൽസമ്മയുടെ ഭൂമിയിലാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാം. ശനിയാഴ്ചയായിരുന്നു ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടനം.
പാലം നിർമാണം നിർത്തണമെന്ന് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി മാർച്ച് ഒന്നിന് നോട്ടീസ് നൽകിയിരുന്നുവെന്നും മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസറുടെ റിപ്പോർട്ടുമുണ്ട്.
SUNDAY DEEPIKA
കേൾക്കുന്പോൾ ആദ്യമൊന്നു സംശയിക്കും- ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി മികവോടെ ജോലിചെയ്യുന്ന ഈ സ്ത്രീകളിൽ പലരും ആദ്യമായി ഒരു തുറമുഖം കണ്ടത് വിഴിഞ്ഞം പോര്‍ട്ടില്‍ ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്! സംശയിക്കേണ്ട, സത്യം. വിഴിഞ്ഞം പോര്‍ട്ടില്‍ ക്രെയിന്‍ ഓപ്പറേറ്റര്മാരായുള്ള ഒന്‍പതു വനിതകളില്‍ എട്ടുപേരും ആദ്യമായി പോര്‍ട്ട് കണ്ടത് ഇവിടെ ജോലിക്കെത്തിയപ്പോഴാണ്. രാജ്യത്ത് ആദ്യമായാണ് വനിതകള്‍ പോര്‍ട്ടില്‍ ഓട്ടോമേറ്റഡ് ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി ജോലി ചെയ്യുന്നത്.
വിഴിഞ്ഞത്ത് ഇവര്‍ ജോലിയില്‍ പ്രവേശിച്ച് വളരെ വേഗത്തില്‍ത്തന്നെ പെണ്‍കരുത്തിന്റെ പൊന്‍വെളിച്ചമായി കേരളക്കരയുടെ മനസില്‍ സ്ഥാനംപിടിച്ചു. ഏതു ജോലിയും ഏറ്റെടുക്കാന്‍ മനസാന്നിധ്യത്തോടെ മുന്നോട്ടുവന്നാല്‍ അതു ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന് ഒന്നുകൂടി സാക്ഷ്യപ്പെടുത്തുകയാണ് ഈ നവ വനിതാരത്നങ്ങള്‍.
തുറമുഖത്തിന്റെ അയൽക്കാർ
ഇരുപത്തിമൂന്നുകാരി നതാന മേരിയാണ് വനിതാ ക്രെയിൽ ഓപ്പറേറ്റർ സംഘത്തിലെ ബേബി. നതാനയുടെ വീട് പോര്‍ട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെ മുക്കോലയ്ക്കല്‍. സിആര്‍എംജി ക്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഒന്‍പതു വനിതകളും വിഴിഞ്ഞത്തിന്റെ വിളിപ്പാട് അകലങ്ങളിൽ താമസിക്കുന്നവരാണ്. സംഘത്തില്‍ പോര്‍ട്ടിനെക്കുറിച്ച് മുന്‍പേ കാര്യങ്ങള്‍ അറിയാവുന്ന ഏക ആള് നെയ്യാറ്റിന്‍കര സ്വദേശിനിയായ എല്‍. കാര്‍ത്തിക മാത്രമായിരുന്നു.
സർക്കാർ ജോലികൾക്കായുള്ള പരീക്ഷാപരിശീലനത്തിനിടെ ക്രെയിന്‍ ഓപ്പറേറ്ററുടെ ജോലിക്ക് അപേക്ഷിച്ച് ജോലി ലഭിച്ച നതാനയും അധ്യാപകവൃത്തിയില്‍നിന്നു പോര്‍ട്ടിലെ ജോലിയിലേക്കു മാറിയ ഡി.ആര്. സ്റ്റെഫിയും ആര്.എൻ. രജിതയുമെല്ലാം ഇന്ന് ഈ തൊഴില്‍ ഏറെ ആസ്വദിക്കുന്നു.
വനിതകളെന്ന പേരില്‍ മാറ്റിനിര്‍ത്തലല്ല ചേര്‍ത്തുപിടിക്കലാണ് ഉണ്ടായതെന്നും ഏതു മേഖലയിലും കഴിവുതെളിയിക്കാനാവുമെന്നും ഈ വനിതാ താരങ്ങള്‍ പറയുന്നു. സംഘത്തില്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുതുതലമുറയുമുണ്ടെന്നതാണ് ഒരു കൗതുകം. പുരുഷമേധാവിത്വം നിലനിന്നിരുന്ന ഒരു തൊഴില്‍ മേഖലയിലാണ് ഈ മലയാളി പെണ്‍കരുത്തിന്റെ വിജയക്കുതിപ്പ്.
ഇന്ത്യയിൽ ആദ്യം
പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന കാന്റിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി (സിആര്‍എംജി) ക്രെയിനുകള്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയത് വിഴിഞ്ഞത്താണ്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ക്രെയിനുകള്‍ രാജ്യത്ത് ആദ്യം പ്രവര്‍ത്തിപ്പിച്ച വനിതകള്‍ എന്ന ചരിത്രവും ഇവര്‍ക്കു സ്വന്തം.
പോര്‍ട്ടില്‍ ബര്‍ത്ത് ചെയ്യുന്ന കപ്പലുകളില്‍നിന്നു കണ്ടെയ്നറുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് എടുത്ത് യാര്‍ഡില്‍ എത്തിക്കുന്നു.
യാര്‍ഡില്‍ ഈ കണ്ടെയ്നറുകള്‍ കൃത്യസ്ഥലങ്ങളില്‍ വയ്ക്കാനായാണ് സിആര്‍എംജി ക്രെയിനുകള്‍ ഉപയോഗിക്കുന്നത്. ഈ ക്രെയിനുകളുടെ നിയന്ത്രണമാണ് വനിതാ സംഘങ്ങള്‍ നടത്തുന്നത്. യാര്‍ഡിലേക്ക് കണ്ടെയ്നറുകള്‍ എത്തിക്കുന്നതിന് 24 സിആർഎംജി ക്രെയിനുകളാണുള്ളത്. ഇവ കൈകാര്യം ചെയ്യാനായി 20 ഓപ്പറേറ്റര്‍മാരുണ്ട്. ഇതില്‍ ഉള്‍പ്പെട്ടതാണ് ഈ ഒന്‍പതു വനിതകള്‍.
പുതിയ മേഖലയിൽ
ബിരുദധാരികളാണ് ഇവരെല്ലാവരും. ബിഎസ്സി ബിരുദവും ബിഎഡും പാസായി അധ്യാപകജോലിയിലേക്ക് കാലെടുത്തുവയ്ക്കുന്ന സമയത്താണ് പ്രിനു മനസുമാറ്റി ചിന്തിച്ച് ക്രെയിന്‍ ഓപ്പറേറ്റിംഗ് മേഖലയിലേക്ക് ഇറങ്ങിയത്. മത്സ്യബന്ധന പശ്ചാത്തലമുള്ള കുടുംബത്തില്‍നിന്നാണ് പ്രിനു വരുന്നത്. സ്ത്രീകള്‍ക്ക് ക്രെയിന്‍ ഓപ്പറേറ്റിംഗിന് അവസരമെന്ന വാര്‍ത്ത കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. തെരഞ്ഞെടുക്കപ്പെട്ടതോടെ വളരെ വേഗത്തിൽ പരിശീലനം കിട്ടി. ഇപ്പോൾ ക്രെയിനുകൾ വലിയ ആത്മവിശ്വാസത്തോടെ ഓപ്പറേറ്റ് ചെയ്തുതുടങ്ങിയെന്നു പ്രിനു പറയുന്നു.
ടീമിലുള്ള എല്‍. കാര്‍ത്തികയ്ക്ക് മാത്രമായിരുന്നു പോര്‍ട്ട് ജോലി സംബന്ധിച്ച് മുന്‍പരിചയം ഉണ്ടായിരുന്നത്. കൊച്ചി വല്ലാർപാടം തുറമുഖത്ത് ജോലി ചെയ്തതിന്റെ പരിചയമായിരുന്നു കാര്‍ത്തികയ്ക്കു മുതല്‍ക്കൂട്ട്. നെയ്യാറ്റിന്‍കര സ്വദേശിനിയായ കാര്‍ത്തിക ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്.
സ്വന്തം നാടിന് അടുത്തായതിനാലാണ് വിഴിഞ്ഞം തുറമുഖത്തെ ജോലിക്കു ശ്രമിച്ചത്. തെരഞ്ഞെടുക്കപ്പെട്ടശേഷം ഗുജറാത്തിൽ ഒരുമാസത്തെ പരിശീലനം. തിരികെ വരുമ്പോഴേക്കും ഇവിടെ ക്രെയിനുകള്‍ എത്തിക്കഴിഞ്ഞിരുന്നു. മുന്‍പരിചയം ഉള്ളതിനാല്‍ പുതുതായി വന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിലും കാര്‍ത്തിക പങ്കാളിയായിരുന്നു.
ക്രെയിനുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ് പ്രധാന ജോലിയെങ്കിലും യന്ത്രത്തില്‍ എന്തെങ്കിലും തകരാറുണ്ടായാൽ ഡെസ്കില്‍നിന്ന് ജോയ്സ്റ്റിക്കുകള്‍ ഉപയോഗിച്ച് മാനുവലായി ഇവര്‍ ഇടപെടേണ്ടിവരും. 12 മണിക്കൂറുകളായുള്ള രണ്ടു ഷിഫ്റ്റുകളിലായാണ് ഇവരുടെ ജോലി. തങ്ങള്‍ ഈ ജോലി ഏറെ സന്തോഷത്തോടെ ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് ഈ പെണ്‍പട ഒന്നടങ്കം പറയുന്നു. ഷിഫ്റ്റ് സംവിധാനമായതുകൊണ്ട് ഇവര്‍ക്ക് ഒരുമിച്ചു കാണാന്‍പറ്റുന്നത് അപൂര്‍വമായി മാത്രമാണ്.
ഒരുമയോടെ, സന്തോഷപൂർവം
വനിതകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ലാതെ ഒരു ഷിഫ്റ്റിലെത്തുന്ന ഞങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്നു ടീമിലെ ഇളംമുറക്കാരിയായ നതാന പറഞ്ഞു. ബിരുദ പഠനത്തിനു ശേഷം എസ്എസ്സി പരീക്ഷാപരിശീലനം നടത്തിക്കൊണ്ടിരുന്ന സമയത്താണ് അദാനി പോര്‍ട്ടിലേക്ക് ക്രെയിന്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം കാണുന്നത്. ഒന്നു ശ്രമിച്ചു നോക്കാമെന്ന നിലയില്‍ അപേക്ഷിച്ചു.
തുടര്‍ന്ന് മൂന്നുഘട്ടമായി നടത്തിയ അഭിമുഖങ്ങള്ക്കൊടുവിലായിരുന്നു നിയമനം. പരിശീലന കാലഘട്ടത്തില്‍ ആദ്യം ഒന്ന് അമ്പരന്നു. എന്നാല്‍ തുടര്‍ന്ന് ഈ ജോലിയുമായി ഇഴുകിച്ചേര്‍ന്നു. വളരെക്കുറഞ്ഞ കാലത്തിനുള്ളില്‍തന്നെ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. മുംബൈയില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഇന്ത്യ മാരിടൈം വീക്കില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഏറ്റവുമധികം അഭിമാനം തോന്നിയ നിമിഷമായിരുന്നുവെന്നു നതാന സാക്ഷ്യപ്പെടുത്തുന്നു.
ഇവരാണ് ആ ഒന്പതുപേര്
ജെ.ഡി. നതാന മേരി (ഫിസിക്സ് ബിരുദധാരി), പി. ആശാലക്ഷ്മി (കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ, ഹോസ്പിറ്റാലിറ്റി മേഖലയില്‍ കമ്പ്യൂട്ടര്‍ ടെക്നീഷ്യനായിരുന്നു), എ.വി. ശ്രീദേവി (കമ്പ്യൂട്ടര്‍ സയന്‍സിൽ ബിടെക് ബിരുദധാരി), എല്‍. സുനിതാ രാജ് (ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ഡിപ്ലോമ), എല്‍. കാര്‍ത്തിക (ഇന്‍സ്ട്രുമെന്റേഷന്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ, ഡിപി വേള്‍ഡ് കൊച്ചി ആര്‍ടിജി ഓപ്പറേറ്ററായി മുന്‍പരിചയം), പി. പ്രിനു (കെമിസ്ട്രി ബിരുദധാരി), എസ്. അനീഷ (ഗണിതശാസ്ത്ര ബിരുദധാരി), ആര്.എന്‍. രജിത, ഡി.ആര്. സ്റ്റെഫി റെബീറ (ഇരുവരും ഫിസിക്സ് ബിരുദധാരികൾ, അധ്യാപികമാരായിരുന്നു).
13.35 ലക്ഷം കണ്ടെയ്നറുകള്‍
കഴിഞ്ഞമാസം അവസാന ആഴ്ചവരെ വിഴിഞ്ഞം തുറമുഖംവഴി കയറ്റിയിറക്കു നടത്തിയത് 13.35 ലക്ഷം കണ്ടെയ്നറുകളാണ്. 620 കപ്പലുകളിലായി തുറമുഖത്ത് എത്തിയ ഈ കണ്ടെയ്നറുകള്‍ യാര്‍ഡില്‍നിന്നു നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റിവയ്ക്കുന്നതിന് സിആര്‍എംജി ക്രെയനുകളില് സഹായം നല്‍കിയത് ഈ വനിതകളായിരുന്നു. ചരിത്രത്തിൽ അവരുടെ കൈയൊപ്പുകൾ പതിയുന്നു...
മാനുവല്‍ ക്രെയിനും സിആര്‍എംജി ക്രെയിനും
മാനുവല്‍ ക്രെയിനുകളാണ് നിലവില്‍ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലെല്ലാം ഉപയോഗിക്കുന്നത്. വിഴിഞ്ഞത്താണ് ദക്ഷിണേഷ്യയില്‍ ആദ്യമായി ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിന്‍ സംവിധാനം ഉപയോഗിക്കുന്നത്. മാനുവല്‍ ക്രെയിന്‍ ഉപയോഗിച്ച് കണ്ടെയ്നറുകള്‍ നീക്കുന്നതിന് കായികശേഷിയും അധികമായി വേണ്ടിവരുന്നു. 70 മീറ്ററിലധികം നീളംവരുന്ന ക്രെയിനിനു മുകളില്‍ കയറി ജെസിബി ഓപ്പറേറ്റ് ചെയ്യുന്ന രീതിയിലാണ് ഇതു നിയന്ത്രിക്കേണ്ടത്.
അതേസമയം പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് കാന്റിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിന്‍ തുറമുഖത്തിന്റെ ഓപ്പറേഷന് ഡെസ്കിലിരുന്നു പൂര്‍ണമായും റിമോട്ട് കണ്ട്രോൾവഴി പ്രവർത്തിപ്പിക്കാം. കണ്ടെയ്നറുകളുടെ കയറ്റിയിറക്ക് ഏറ്റവും എളുപ്പമാക്കുന്നതിനും തുറമുഖത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ആയാസരഹിതമായി ജോലി ചെയ്യുന്നതിനും ഇത് അവസരമൊരുക്കുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴിലെടുക്കാനുള്ള അവസരവും ഇതോടെ കൈവന്നു. ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ കണ്ടെയ്നറുകൾ സ്ക്രീനിൽ കണ്ട് ഗെയിമുകളിലേതുപോലുള്ള ജോയ്സ്റ്റിക്കുകൾ ഉപയോഗിച്ച് റിമോട്ടായി ക്രെയിൻ പ്രവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്.
National
ലക്നോ: യൂട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം.
തേബഹദൂർ റാവത്തിന്റെ ഭാര്യയായ മുനിഷ്ര റാവത്ത് ആണ് മരിച്ചത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിലെ ഉടമയും മരുമകനും ചേർന്നാണ് യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.
മതിയായ അംഗീകാരമില്ലാതെയാണ് ഇരുവരും ക്ലിനിക്ക് നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു.
ഡിസംബർ അഞ്ചിന് ഭർത്താവ് ഇവരെ കോത്തിയിലുള്ള ശ്രീ ദാമോദർ ഔഷധാലയത്തിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഓപ്പറേറ്റർ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിക്കുകയും, ഇതിന് 25,000 രൂപ ചെലവ് വരുമെന്ന് അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് മുമ്പ് ഭർത്താവ് 20,000 രൂപ നൽകി.
മിശ്ര മദ്യലഹരിയിലായിരുന്നെന്നും യൂട്യൂബ് വീഡിയോ ട്യൂട്ടോറിയൽ കണ്ട ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. മിശ്ര തന്റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കുകയും, നിരവധി ഞരമ്പുകൾ മുറിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ ആറിന് വൈകുന്നേരത്തോടെ യുവതി മരണത്തിന് കീഴടങ്ങി എന്നും അദ്ദേഹം ആരോപിച്ചു.
ശസ്ത്രക്രിയ നടത്തുമ്പോൾ മിശ്രയുടെ മരുമകൻ വിവേക് കുമാർ മിശ്ര സഹായിയായി ഉണ്ടായിരുന്നു. വിവേക് കുമാർ മിശ്ര റായ്ബറേലിയിലെ ഒരു ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനാണെന്നും, ഈ സർക്കാർ ജോലിയുടെ മറവിൽ അനധികൃത ക്ലിനിക്ക് വർഷങ്ങളായി പ്രവർത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇരുവർക്കുമെതിരെ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: കുറവിലങ്ങാട്ട് വന്‍ കുഴൽപ്പണ വേട്ട. അന്തര്‍ സംസ്ഥാന ബസില്‍ പണം കടത്താന്‍ ശ്രമിച്ച ബംഗളൂരു സ്വദേശികളായ രണ്ടു പേരെ കോട്ടയം എക്സൈസ് സംഘം പിടികൂടി. ഒരു കോടി രൂപ ഇവരില്‍നിന്നു കണ്ടെടുത്തു.
ബംഗളൂരുവില്‍നിന്നു പത്തനാപുരത്തേക്കുള്ള ബസ് ഇന്നു രാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്സൈസ് സംഘം വാഹനം തടഞ്ഞത്. ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
Kerala
പാലാ: സന്ധി മാറ്റിവയ്ക്കല്‍ ചികിത്സാരംഗത്ത് മറ്റൊരു ചുവടുകൂടിവച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. 72 വയസുള്ള രോഗിയുടെ തുടയെല്ല് പൂര്‍ണമായും, അതോടൊപ്പം ഇടുപ്പും കാല്‍മുട്ടും ഉള്‍പ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവച്ചു.
അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സമീപ ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജാവുകയും ചെയ്തു.
അര്‍ബുദചികിത്സയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടുപ്പും തുടയെല്ലിന്റെ പകുതിയും മാറ്റിവയ്ക്കേണ്ടി വന്ന രോഗിക്ക് പിന്നീട് ജോലിയുടെ ഭാഗമായി ദീര്‍ഘനേരം നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്ന് വീണ്ടും വേദന അനുഭവപ്പെട്ടു.
പല ചികിത്സകളും നടത്തിയിട്ടും വേദന കുറയാതെ വന്നപ്പോള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ പരിശോധനയില്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കൃത്രിമ സന്ധിക്ക് ഇളക്കം സംഭവിച്ചതായും തുടയിലെ എല്ല് ദ്രവിച്ചതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സങ്കീര്‍ണമായ തുടയെല്ല് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് പി.ബി നിര്‍ദേശിക്കുകയായിരുന്നു.
തുടയില്‍ ഉണ്ടാകുന്ന അര്‍ബുദം പേശികളിലേക്കും ഞരമ്പുകളിലേക്കും വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍, അവ നീക്കം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയും പരിചയസമ്പത്തും അനിവാര്യമാണ്. അല്ലാത്തപക്ഷം, അര്‍ബുദം അതേ ഭാഗത്ത് വീണ്ടും വളരാനുള്ള സാഹചര്യം ഉണ്ടാകാം. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ആയാസരഹിതമായി നടക്കാന്‍ പേശികളും ഞരമ്പുകളും ശരിയായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.ബി. രാജീവിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനു ഗംഗാധരന്, ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. സിബിന് സൈഫുദ്ദീന് എന്നിവര്‍ പങ്കാളികളായി.
National
ന്യൂഡൽഹി: ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും സംഘടിത ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ആറുമാസങ്ങൾക്കു ശേഷമാണ് ഭീകരസംഘടനകൾ ഇന്ത്യയെ സംഘടിതമായി ആക്രമിക്കാൻ തയാറെടുക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നത്.
സെപ്റ്റംബർ മുതൽ ജമ്മുകശ്മീരിൽ ഭീകരസംഘടനകൾ നുഴഞ്ഞുകയറ്റവും നിരീക്ഷണവും അതിർത്തി കടന്നുള്ള സാധന സാമഗ്രികളുടെയും സഹായങ്ങളുടെയും കൈമാറ്റവും വർധിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെയും സ്പെഷൽ സർവീസസ് ഗ്രൂപ്പിന്റെയും (എസ്എസ്ജി) സഹായത്തോടെ ലഷ്കറെ, ജെയ്ഷെ ഭീകരർ കശ്മീരിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ഒക്ടോബറിൽ പാക്ക് അധീന കശ്മീരിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൽ മുജാഹിദ്ദീൻ, ഐഎസ്ഐ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. യോഗത്തിൽനിന്ന് ചോർത്തിയ വിവരങ്ങൾ അനുസരിച്ച് നിഷ്ക്രിയമായിരിക്കുന്ന ഭീകരസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുൻ ഭീകരർക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകാനും ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ സൈന്യത്തിനും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ ആക്രമണങ്ങൾ വർധിപ്പിക്കാൻ ഐഎസ്ഐ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ താഴ്വരയിലെ അനുഭാവികളെയും സഹായികളെയും കണ്ടെത്താൻ ലഷ്കറെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.