തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തമുണ്ടായപ്പോൾ.
തുറവൂർ: താലൂക്കാശുപത്രിയിൽ മരുന്നു സൂക്ഷിക്കുന്ന കെട്ടിടത്തിനു തീ പിടിച്ചു. ഇന്നു രാവിലെ പത്തോടു കൂടിയാണ് തീപിടിച്ചത്. ഡയാലിസ് ചെയ്യുന്ന മുറിയുടെ മുകൾ ഭാഗത്തുള്ള മരുന്നുകൾ സൂക്ഷിക്കുന്ന താത്കാലിക കെട്ടിടത്തിൽനിന്നാണ് തീഉയർന്നത്.
പുക ഉയർന്നു തുടങ്ങിയപ്പോൾതന്നെ ഡയാലിസിസ് യൂണിറ്റിൽ ഉണ്ടായിരുന്ന രോഗികളെ ഉൾപ്പെടെ ജീവനക്കാരും മറ്റും ചേർന്നു പുറത്തേക്കു മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
അരൂർ, ചേർത്തല, മട്ടാഞ്ചേരി , ആലപ്പുഴ എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾ പിന്നിട്ടിട്ടും പൂർണമായി തീയണയ്ക്കാൻ സാധിച്ചിട്ടില്ല. ഇലക്‌ട്രിക് ഉപകരണങ്ങളിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പോലീസും ഫയർഫോഴ്സും യൂണിറ്റും സ്ഥലത്തു ക്യാമ്പ് ചെയ്തു തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്.
Tags : fire breaks out fire Thuravoor Taluk Hospital Hospital firem patients alapuzha rescue