പൂയംകുട്ടി കൂവപ്പാറയില്‍ കിണറ്റില്‍ വീണ കാട്ടാന
കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയില്‍ പുരയിടത്തില്‍ ഉപയോഗശൂന്യമായി കിടന്ന കിണറ്റില്‍ കാട്ടാന വീണു. കൂവപ്പാറ മോസ്കിനു സമീപം കട്ടായത്ത് അലിയാരിന്‍റെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ 5.30 ഓടെ കാട്ടുകൊമ്പന്‍ വീണത്. കിണറിന് ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. കിണറിന്‍റെ വശം ഇടിച്ച് ആനയെ കയറ്റുവാനായി മണ്ണുമാന്തി യന്ത്രം സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
എന്നാല്‍ ആനയെ തിരികെ കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കവെ നാട്ടുകാര്‍ തടഞ്ഞു. ആനയുടെ തുമ്പിക്കൈക്ക് മുറിവേറ്റതിനാല്‍ തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് നാട്ടുകാര്‍ക്ക് ശല്യക്കാരനായിരുന്ന ഒറ്റയാനാണ് കിണറ്റില്‍ വീണത്. സ്ഥിരം ശല്യക്കാരനായിരുന്ന ഒറ്റയാനായതിനാല്‍ കയറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
ജനവാസ മേലയിലുണ്ടാകുന്ന കാട്ടാനകളുടെ സ്ഥിരം ശല്യത്തിന് പരിഹാരം വേണമെന്നും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷം മാത്രം ആനയെ കരകയറ്റിയാല്‍ മതിയെന്ന നിലപാടിലാണ് നാട്ടുകാര്‍. നേരത്തെ കോട്ടപ്പടി ഭാഗത്തു നിന്നും മുറിവേറ്റ ഒരാനയെ കയറ്റി വിട്ടപ്പോള്‍ ആ സ്ഥലത്തേക്ക് വീണ്ടും ആന എത്തിയിരുന്നു.
അതിനാല്‍ സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടി വെച്ച് കൊണ്ടു പോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. നാട്ടുകാരെ അനുനയിപ്പിച്ച് ആനയെ കിണറിടിച്ച് കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
ഏറെ നാളുകളായി കാട്ടാന ശല്യം നേരിടുന്ന പ്രദേശമാണ് കുട്ടമ്പുഴ. പകല്‍ സമയങ്ങളില്‍ പോലും ജനവാസ മേഖലയില്‍ എത്താറുള്ള കാട്ടാനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിക്കാറുണ്ട്. തിങ്കളാഴ്ച രാത്രി ഇതേ പ്രദേശത്തു വച്ച് സ്‌കൂട്ടര്‍ യാത്രികനെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കെഎസ്ഇബി ഓവര്‍സിയര്‍ ചിറങ്ങര സ്വദേശി ജിജോയെയാണ് കാട്ടാന ആക്രമിച്ചത്. ജിജോ രക്ഷപ്പെട്ടെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
Tags : Wild elephant Kuttampuzha Well