ചിലിയിലെ വെരാ സി. റൂബിൻ ഒബ്സർവേറ്ററി.
പ്രപഞ്ചമേ നിന്നെ പകർത്താൻ ഞങ്ങൾ റെഡി! ഇതുവരെ കാണാൻ കഴിയാതിരുന്ന, ദൃശ്യപ്പെടുത്താൻ സാധിക്കാതിരുന്ന മഹാരഹസ്യങ്ങൾ പകർത്താൻ മനുഷ്യന്റെ കാമറക്കണ്ണുകൾ തയാറായിക്കഴിഞ്ഞു! പ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത അദൃശ്യകോണുകളുടെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ സുസജ്ജമായിരിക്കുന്നു! ചിലിയിലെ വെരാ സി. റൂബിൻ ഒബ്സർവേറ്ററിയാണ് പത്തുവർഷത്തെ ഗഗനദൗത്യത്തിനു തുടക്കമിട്ടത്. ചിലിയിലെ പർവതമുകളിൽ സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക ദൂരദർശിനി, അടുത്ത പത്തുവർഷത്തേക്ക്, പ്രതിവർഷം നൂറുകണക്കിനു ചിത്രങ്ങൾ പകർത്തി മനുഷ്യന്റെ പ്രപഞ്ചാന്വേഷണങ്ങൾക്കു കരുത്തുപകരും!
അതിവിദൂര ആകാശദൃശ്യങ്ങൾ സൂക്ഷമമായി പകർത്താൻ ഈ കാമറയ്ക്ക് സാധിക്കും. പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ കൃത്യമായ മനസിലാക്കലുകൾക്ക് ഈ നിരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് പ്രതീക്ഷ. നമ്മുടെ ക്ഷീരപഥത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളെയും അതിനപ്പുറമുള്ള ഗാലക്സികളെയും രേഖപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വളരെ വേഗത്തിൽ ചിത്രങ്ങൾ പകർത്താൻ ശേഷിയുണ്ട് ഈ ദൂരദർശിനിക്ക്. ആകാശത്തിന്റെ ഒരേ ഭാഗത്തിന്റെ ചിത്രങ്ങൾതന്നെ ആവർത്തിച്ച് പകർത്തുന്നതിലൂടെ, മുൻപ് സാധാരണ ദൂരദർശിനികളുടെ കണ്ണിൽപ്പെടാതെ പോയ പ്രകാശം കുറഞ്ഞ അതീവ സൂക്ഷ്മ വസ്തുക്കൾ പോലും കണ്ടെത്താൻ ശാസ്ത്രജ്ഞർക്കു സാധിക്കും. പദ്ധതി പ്രപഞ്ചപഠനത്തിന് വലിയ തോതിൽ സഹായകരമാകുമെന്ന് ഒബ്സർവേറ്ററിയുടെ ഡെപ്യൂട്ടി ഡയറക്ടർ ഫിൽ മാർഷൽ വ്യക്തമാക്കി.
ഭൂമിയിൽനിന്ന് ആയിരക്കണക്കിനു പ്രകാശവർഷങ്ങൾ അകലെയുള്ള ട്രിഫിഡ്, ലഗൂൺ നെബുലകളുടെ മനോഹരമായ വർണച്ചിത്രങ്ങൾ ഒബ്സർവേറ്ററി നേരത്തെ പുറത്തുവിട്ടിരുന്നു. തുടർന്നുള്ള മാസങ്ങളിൽ കാമറയുടെ കൃത്യതയും ആഴവും വർധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ദീർഘകാല സർവേയ്ക്കു തുടക്കംകുറിച്ചിരിക്കുന്നത്.
ശതകോടിക്കണക്കിനു വർഷങ്ങളായി ഗാലക്സികൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവ എങ്ങനെ കൂട്ടമായി നിലനിൽക്കുന്നുവെന്നും പ്രപഞ്ചത്തിന്റെ ഉത്ഭവം എങ്ങനെയെന്നും മനസിലാക്കാൻ ഈ ചിത്രങ്ങൾ സഹായിക്കും. യുഎസിലെ നാഷണൽ സയൻസ് ഫൗണ്ടേഷനും (എൻഎസ്എഫ്) ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിയും സംയുക്തമായാണ് ഈ നിരീക്ഷണാലയത്തിന് ധനസഹായം നൽകുന്നത്.
പ്രപഞ്ചത്തിൽ ഡാർക്ക് മാറ്റർ എന്ന നിഗൂഢ പ്രതിഭാസം നിലനിൽക്കുന്നുണ്ടെന്നതിന്റെ ആദ്യ തെളിവുകൾ നൽകിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വെരാ റൂബിന്റെ ഓർമയ്ക്കായാണ് ഈ ഒബ്സർവേറ്ററിക്ക് അവരുടെ പേര് നൽകിയിരിക്കുന്നത്. പ്രപഞ്ചത്തെ സ്വാധീനിക്കുന്ന ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി എന്നീ വിചിത്ര പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താൻ പത്ത് വർഷത്തെ സർവേയിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ, ശുഭ പ്രതീക്ഷ!
Tags : Vera C. Rubin Observatory Dark matter Dark energy Science Space Chile