പ്രതീകാത്മക ചിത്രം
ഹാമിൽട്ടൺ: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കായി ന്യൂസിലൻഡ് ടീമിൽ ആഴിച്ചുപണി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ടീമിൽ നിർണായക മാറ്റങ്ങൾ വരുത്താൻ മാനേജുമെന്റ് തീരുമാനിച്ചത്. വരാനിരിക്കുന്ന തിരക്കേറിയ ക്രിക്കറ്റ് സീസണിൽ താരങ്ങളുടെ ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച പേസർ ലോക്കി ഫെർഗൂസന് മൂന്നാം ടി20യിൽ വിശ്രമം അനുവദിച്ചു. 30ന് ഓക്ലൻഡിലും നവംബർ ഒന്നിന് ഹാമിൽട്ടണിലും നടക്കുന്ന അവസാന രണ്ട് മത്സരങ്ങളിൽ ഫെർഗൂസൻ ടീമിനൊപ്പം തിരിച്ചെത്തും. മറ്റൊരു പേസറായ മാറ്റ് ഹെൻറിക്ക് പരമ്പരയിലെ ശേഷിക്കുന്ന ടി20 മത്സരങ്ങളിൽനിന്ന് പൂർണ വിശ്രമം അനുവദിച്ചിട്ടുണ്ട്. നവംബർ രണ്ടിന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനൊപ്പം ഹെൻറി ചേരും.
ആദ്യ രണ്ട് മത്സരങ്ങളിലും കളത്തിലിറങ്ങാൻ കഴിയാതിരുന്ന കൈൽ ജാമിസണെ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ടി20ക്ക് ശേഷം ടീമിൽനിന്ന് ഒഴിവാക്കും. ആഭ്യന്തര ടൂർണമെന്റായ ഫോർഡ് ട്രോഫിയിൽ കാന്റർബറിക്കായി കളിച്ചശേഷം ജാമിസൺ ഏകദിന ടീമിനൊപ്പം ചേരും. ഇവർക്ക് പകരമായി ബ്ലെയർ ടിക്നർ, ജോഷ് ക്ലാർക്സൺ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags : T20 Series New Zealand India Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash