ചേരാനല്ലൂർ വാഹനാപകടം
കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ, കാർ ഓടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനാണ് ജാമ്യത്തിൽ ഇറങ്ങിയത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത ശേഷമാണ് ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടിയെ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്ന വ്യവസ്ഥയോടെ വിട്ടയച്ചത്.
ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് അപകടമുണ്ടായത്. തട്ടുകടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണനാണ് മരണപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബെൻസ് കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയുമാണുണ്ടായത്.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പൊലിസിന് നൽകിയിട്ടുള്ള മൊഴി.
Tags : CheranalloorRoadAccident Judge Accident Bail Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash