സിഐ ടി.കെ. വിനോദ് കൃഷ്ണ
പത്തനംതിട്ട: യുവതിയെ ഗർഭിണിയാക്കിയ ശേഷം ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ ഡിസിആർബി സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി.കെ. വിനോദ് കൃഷ്ണയെയാണ് റേഞ്ച് ഐജി സസ്പെൻഡ് ചെയ്തത്.
പത്തനംതിട്ടയിൽ വിനോദ് കൃഷ്ണ മുൻപ് ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലുള്ള 28-കാരിയാണ് പരാതിക്കാരി. യുവതിയുമായി അടുപ്പത്തിലായ സിഐ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ ഇവരെയും ഒപ്പം കൊണ്ടുപോകുകയായിരുന്നു.
തിരുവനന്തപുരത്തെ പൊലിസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന താമസിപ്പിച്ച ഇയാൾ, ഔദ്യോഗിക ആവശ്യത്തിനായി ഹൈദരാബാദിൽ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടി. ഇതേത്തുടർന്ന് സഹപ്രവർത്തകർക്ക് സംശയം തോന്നുകയും വിവരം കുടുംബാംഗങ്ങൾ അറിയുകയും ചെയ്തു.
ഇതിനിടെ ഗർഭിണിയായ യുവതിയോട്, ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് ഈ ഉറപ്പിൽ നിന്ന് പിന്മാറിയതോടെ യുവതി ജില്ലാ പൊലിസ് മേധാവിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു.
എസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഐജി സസ്പെൻഡഡ് ഉത്തരവ് പുറപ്പെടുവിച്ചത്. സർവീസിൽ നിന്ന് വിരമിക്കാൻ ഇനി രണ്ട് വർഷം മാത്രം ശേഷിക്കെയാണ് ഈ നടപടി.
അതേസമയം, സിഐക്കെതിരെ ക്രിമിനൽ കേസെടുക്കേണ്ടതില്ലെന്നാണ് യുവതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ നിയമപരമായ തുടർനടപടികൾ പൊലിസ് പരിശോധിച്ചു വരികയാണ്.
Tags : Crime Suspended Woman Promise Marriage Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash