മുംബൈ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയപ്പോൾ. -ബ്രില്യൻ ചാൾസ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തില്‍ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകര്‍ക്കു നിരാശ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില.
സ്വന്തം തട്ടകത്തില്‍ ജയത്തോടെ വരവറിയിക്കാനായില്ലെങ്കിലും മുംബൈയുടെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച് ഒരു പോയിന്റ് സ്വന്തമാക്കാനായത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. സമനിലയോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന ബ്ലാസ്റ്റേഴ്സ്, 31നു ചെന്നൈയിന് എഫ്സിയെ അവരുടെ തട്ടകത്തില്‍ നേരിടും.
കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ കളത്തിലിറങ്ങിയ ടീമില്‍ ഏതാനും മാറ്റങ്ങളുമായാണ് പരിശീലകന് ആഷ്ലി വെസ്റ്റ്വുഡ് ബ്ലാസ്റ്റേഴ്സിനെ വിന്യസിച്ചത്. വിപിന്‍ മോഹനന്, ആന്ദ്രെ ഗ്രീന്‍, ഗോള്‍കീപ്പര്‍ അര്‍ഷ് ഷെയ്ഖ് എന്നിവര്‍ക്ക് പകരം മോമോ യാന്‍സാനെയും ജയിംസ് ബോള്‍ട്ടണും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഗോള്‍വല കാക്കാന്‍ പരിചയസമ്പന്നനായ അമരീന്ദര്‍ സിംഗിനെയാണ് പരിശീലകന് നിയോഗിച്ചത്. മലയാളി താരം മുഹമ്മദ് സനാന്റെ സാന്നിധ്യവും ആരാധകര്‍ക്ക് ആവേശമായി.
രണ്ടാം മിനിറ്റില്‍ മുംബൈയ്ക്കു ലഭിച്ച കോര്‍ണറോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. തൊട്ടുപിന്നാലെ മുഹമ്മദ് സനാനിലൂടെ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി. ഇടതുവിംഗിലൂടെ കുതിച്ചുകയറി സനാന് നല്കിയ പാസ് അഡ്രിയാന്‍ ലൂണയ്ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല. മധ്യനിരയില്‍ ലൂണയും നെബോജ്സ കുസോവിച്ചും ഒത്തുചേര്‍ന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങള്‍ക്കു വേഗവും മൂര്‍ച്ചയുമേറി.
അവസാന നിമിഷം വരെ വിജയഗോളിനായി ബ്ലാസ്റ്റേഴ്സ് പൊരുതി. മോമോ യാന്സാനു, ഗോളി മാത്രം മുന്നില്‍ നില്‍ക്കേ വീണു കിട്ടിയ അവസരവും പാഴാക്കി. ആരാധകര്‍ക്ക് വിജയസമ്മാനം നല്‍കാനുള്ള മഞ്ഞപ്പടയുടെ ശ്രമങ്ങള്‍ വിഫലമായി.
Tags : Football Blasters MumbaiCityFC ISL Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash