കൊച്ചി: വിദേശ മലയാളികള്‍ക്ക് നാട്ടിലെ ആരോഗ്യ വിദഗ്ധരുടെ സേവനം ഓണ്‍ലൈനിലൂടെ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ മെഡ്ലോര്ഡ് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ ചികിത്സാ മേഖലകളിലെ വിദഗ്ധരുടെ സേവനം ഒരൊറ്റ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ്ലോര്ഡിന്റെ ലക്ഷ്യം.
എംബിബിഎസ് ഡോക്ടര്‍മാര്‍ക്കു പുറമേ ആയുര്‍വേദ ഡോക്ടര്‍മാര്‍, ദന്തഡോക്ടമാര്‍, മൃഗഡോക്ടര്‍മാര്‍, ഡയറ്റീഷ്യന്മാര്, പോഷകാഹാര വിദഗ്ധര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മനഃശാസ്ത്ര വിദഗ്ധര്‍ തുടങ്ങിയവരുടെ സേവനങ്ങളും പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ ഓസ്ട്രേലിയ, യുകെ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ മലയാളികള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത്.
രോഗികള്‍ക്ക് അതത് രാജ്യങ്ങളിലെ ലാബുകളില്‍ പരിശോധന നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശവും പരിശോധനാഫലങ്ങള്‍ അടിസ്ഥാനമാക്കി തുടര്‍ചികിത്സയ്ക്കുള്ള സൗകര്യവും പ്ലാറ്റ്ഫോമിലുണ്ട്. ആവശ്യമായ മരുന്നുകള്‍ അയച്ചു നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ ചികിത്സാ സൗകര്യങ്ങള്‍ ഏകോപിപ്പിച്ചുനല്കാനും മെഡ്ലോര്ഡിലൂടെ സാധിക്കും.
വിദേശത്ത് കഴിയുന്നവര്‍ക്ക് അസുഖം ബാധിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ദൂരവും ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പും സൃഷ്ടിക്കുന്ന ആശങ്കകള്‍ കുറയ്ക്കുകയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മെഡ്ലോര്ഡ് സ്ഥാപകന്‍ സായൂജ് സതീശന് പറഞ്ഞു. സോഫ്റ്റ്വേര്‍ എന്‍ജിനീയറായ അഖില്‍ കെ. പരമേശ്വരനുമായി ചേര്‍ന്നാണ് അദ്ദേഹം സംരംഭത്തിന് തുടക്കമിട്ടത്.
Tags : Fingertips Business Entrepreneur Startup Market Money Commodity Economy For Malayalis Abroad A Doctor at Your Fingertips