പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വെറ്റിനാട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി. പന്തലക്കോട് സ്വദേശി വിദ്യാധരനെയാണ് കാണാതായത്. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ഭാര്യ ലതയെ നാട്ടുകാർ രക്ഷപ്പെടുത്തി.
വൈകുന്നേരം ആറോടെ വെറ്റിനാട് കുറ്റിയാണി റോഡിലാണ് അപകടം നടന്നത്. വിവാഹസത്കാരത്തിൽ പങ്കെടുത്ത് മടങ്ങിവരവേയാണ് സംഭവം. സ്ഥലത്ത് ശക്തമായ മഴയെത്തുടർന്ന് റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറിയിരുന്നു. വെള്ളം കണ്ട് ഓട്ടോ തിരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് വാഹനം തോട്ടിലേക്ക് മറിഞ്ഞത്.
സംഭവസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തുന്നതിനിടയിൽ വിദ്യാധരന്‍റെ കൈയിൽ പിടി കിട്ടിയിരുന്നെങ്കിലും കുത്തൊഴുക്കിൽ വഴുതിപ്പോവുകയായിരുന്നു. വെഞ്ഞാറമൂട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.
Tags : Accident AutoRickshaw Missing Rescued Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash