താജുദ്ദീൻ
കോഴഞ്ചേരി: മത്സ്യവ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് വിജിലൻസ് പിടിയിൽ. അയിരൂര്‍ പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്ക് കുലശേഖരപതി സ്വദേശി താജുദ്ദീൻ(50) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും പിടിച്ചെടുത്തു. മിമിക്രി കലാകാരനായ താജുദ്ദീൻ സ്റ്റേജ് ഷോകളിലടക്കം സജീവമായിരുന്നു. വെണ്മണി സ്വദേശിയായ മത്സ്യവ്യാപാരിയാണ് പരാതിക്കാരന്. തടിയൂരില്‍ പരാതിക്കാരൻ ഏറ്റെടുത്ത മത്സ്യവ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റുന്നതിനാണ് പഞ്ചായത്തിലെത്തിയത്.
അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് ലൈസന്‍സ് പുതുക്കി നല്‍കിയില്ല. പകരം 20,000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. 5000 രൂപ നൽകിയാൽ പിഴയില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന് താജുദ്ദീൻ അറിയിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസിൽ പരാതി നൽകുകയായിരുന്നു. മഷി പുരട്ടിയ 5000 രൂപ വിജിലന്‍സ് സംഘം വ്യാപാരിക്ക് നല്‍കുകയും താജുദ്ദീന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. താജുദ്ദീൻ പണം കൈപ്പറ്റിയതോടെ വിജിലൻസ് പിടികൂടുകയായിരുന്നു.
Tags : Vigilance Pathanamthitta HeadClerk Investigation CaseFile FIR