ഡീൻ കുര്യാക്കോസ് എംപി.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് ഉയർത്തിക്കാട്ടി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമർശനവുമായി ഡീൻ കുര്യാക്കോസ് എംപി. കെപിസിസി അധ്യക്ഷനെ തീരുമാനിക്കേണ്ടത് പാർട്ടിയുടെ ഉന്നത നേതൃത്വമാണെന്നും ഈ സ്ഥാനത്തേക്ക് താൻ അൺഫിറ്റാണെന്നാണ് വ്യക്തിപരമായ വിലയിരുത്തലെന്നും ഡീൻ വ്യക്തമാക്കി.
തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അർഹതയില്ലാതെ ഒരു സ്ഥാനവും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയുമില്ല. ആഗ്രഹിച്ച സ്ഥാനങ്ങളിലെല്ലാം എത്താൻ ദൈവാനുഗ്രഹവും സ്വന്തം അധ്വാനവും നേതാക്കളുടെ പിന്തുണയും സഹായിച്ചിട്ടുണ്ട്. തന്നെ തിരിച്ചറിഞ്ഞ് അവസരങ്ങൾ നൽകിയ നേതാക്കളോട് എന്നും കടപ്പാടുണ്ടായിരിക്കും.
അർഹതയില്ലാത്ത ഒരു സ്ഥാനവും തേടിപ്പോയിട്ടില്ല. വാട്സാപ്പിലും ഫേസ്ബുക്കിലും നടക്കുന്ന പ്രചാരണയുദ്ധങ്ങളിലൂടെയല്ല പാർട്ടിയിലെ സ്ഥാനങ്ങൾ തീരുമാനിക്കുന്നത്. പാർട്ടി നൽകിയ എല്ലാ സ്ഥാനങ്ങളിലും താൻ സംതൃപ്തനാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ വ്യക്തിയെ ഹൈക്കമാൻഡ് കണ്ടെത്തുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ഇടുക്കി എംപി വ്യക്തമാക്കി.
Tags : KpccPresident DeanKuriakose Congress KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash