വി.എസ്.ബാബു
ചെന്നൈ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയ വി.എസ്.ബാബു (75) എംഎൽഎ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. തമിഴക വെട്രി കഴകം എംഎൽഎയാണ് വി.എസ്.ബാബു.
ഡിഎംകെയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്ന ബാബു 2006 ൽ പുരസൈവാക്കം മണ്ഡലത്തിൽനിന്ന് ഡിഎംകെ ടിക്കറ്റിൽ നിയമസഭയിലെത്തിയിരുന്നു. 2011-ൽ കൊളത്തൂരിൽ എം.കെ. സ്റ്റാലിൻ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്നതും ബാബുവായിരുന്നു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതിനെത്തുടർന്ന് പാർട്ടിയിൽ ബാബു തഴയപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
പിന്നീട് 2016ൽ അണ്ണാഡിഎംകെയിൽ ചേർന്ന് പ്രവർത്തനം തുടർന്നു. 2026 ഫെബ്രുവരിയിലാണ് വിജയ്യുടെ ടിവികെയിൽ ചേർന്നത്. തുടർന്നാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂരിൽനിന്ന് വിജയിച്ച് എംഎൽഎയായത്. ബാബുവിന്റെ മരണത്തോടെ തമിഴ്നാട്ടിൽ ഒഴിവുവന്ന നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ആറായി.
Tags : TamilagaVetriKazhagam V.S.Babu KolathurMla Tvk TamilNaduPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash