പ്രതി ദാരാ സിംഗും (ഇടത്ത്) ഗ്രഹാം സ്റ്റെയിൻസും കുടുംബവും (വലത്ത്)
ന്യൂഡൽഹി: ക്രൈസ്തവ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് മക്കളുടെയും കൊലപാതക കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി ദാരാ സിംഗിന്റെ ജയിൽ മോചന അപേക്ഷ തള്ളി ഒഡീഷ സർക്കാർ.
പ്രതിയുടെ മോചനം സാമൂഹിക പ്രത്യാഘാതങ്ങൾക്കും വർഗീയ സംഘർഷങ്ങൾക്കും കാരണമായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ശിക്ഷ അവലോകന ബോർഡ് അപേക്ഷ തള്ളിയത്. ദാരാ സിംഗിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തീരുമാനം.
അപേക്ഷ സംബന്ധിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ മാസം 31നാണ് സംസ്ഥാന ശിക്ഷ അവലോകന ബോർഡ് പരിശോധിച്ചത്. പ്രതിയെ പാർപ്പിച്ചിരിക്കുന്ന കിയോഞ്ജർ ജില്ലാ ജയിലിന് പുറത്ത് ഓഗസ്റ്റ് 15ന് ദാരാ സിംഗിന്റെ മോചനത്തിന് ഇരുനൂറോളം പേർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായി ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തീരുമാനം ഒഡീഷ സർക്കാർ നാളെ സുപ്രീംകോടതിയെ അറിയിക്കും.
2016, 2019, 2020, 2022, 2023 തുടങ്ങിയ വർഷങ്ങളിലും വർഗീയ പ്രശ്ങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ദാരാ സിംഗിന്റെ മോചന അപേക്ഷ സംസ്ഥാന ശിക്ഷ അവലോകന ബോർഡ് തള്ളിയിരുന്നു.
തുടർന്നാണ് കഴിഞ്ഞ 25 വർഷമായി താൻ ജയിൽവാസം അനുഭവിക്കുകയാണെന്നും അതിനാൽ മോചനം വേണമെന്നും ആവശ്യപ്പെട്ട് ദാരാ സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ മനോജ് മിശ്ര. വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Tags : DaraSingh Release Prison OdishaGovernment Rejects Application Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash