കോസ്റ്റ സെറീനയ്ക്കു നല്കിയ സ്വീകരണത്തില്‍ നഗോയ ഒമോടേനാഷി ബുഷോട്ടായി പരമ്പരാഗത സമുറായ് വേഷമണിഞ്ഞവർ.
ഐച്ചി-നഗോയ: 2026 ഏഷ്യന്‍ ഗെയിംസിലേക്കുള്ള അകലം വെറും രണ്ടുദിനമായി ചുരുങ്ങിയിരിക്കേ, ഗെയിംസ് നഗരങ്ങളിലൊന്നായ നഗോയയുടെ തീരത്ത് കോസ്റ്റ സെറീന എത്തി. ഏകദേശം 300 മീറ്റര്‍ നീളമുള്ള, 1,500 കാബിനുകളുള്ള, ഒരു ലക്ഷം ടണ്‍ ഭാരമുള്ള, ഏകദേശം 4,000 ആളുകള്‍ക്കു താമസിക്കാവുന്ന കൂറ്റന്‍ വിനോദസഞ്ചാര കപ്പലാണ് കോസ്റ്റ സെറീന.
2026 ഏഷ്യന്‍ ഗെയിംസിനായി എത്തുന്ന കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കോസ്റ്റ സെറീനയിലാണ് താമസമൊരുക്കിയിരിക്കുന്നത്. 19ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസില്‍ കായിക താരങ്ങളും ഒഫീഷ്യല്സുകളുമടക്കം ഏകദേശം 17,000 പേര് എത്തുമെന്നാണ് കണക്ക്.
ഏഷ്യന്‍ ഗെയിംസിന് എത്തിയ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും മതിയായ താമസസൗകര്യം ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് കോസ്റ്റ സെറീന നഗോയ തീരത്തെത്തിയത്. മതിയായ താമസസൗകര്യമില്ലെന്നും ചരിത്രത്തിലെ ഏറ്റവും ദയനീയ ഏഷ്യന്‍ ഗെയിംസ് ഒരുക്കമാണിവിടുള്ളതെന്നുമുള്ള ആക്ഷേപം ഉന്നയിച്ചത് ദക്ഷിണകൊറിയന്‍ ഒഫീഷ്യല്‍സാണ്. ഷിപ്പിംഗ് കണ്ടെയ്നര്‍ സ്റ്റൈലിലുള്ള ബെഡുകള്‍ക്ക് ആവശ്യത്തിനു വലുപ്പമില്ലെന്നും അതില്‍ കിടക്കാന്‍ കായികതാരങ്ങള്‍ കഷ്ടപ്പെടുകയാണെന്നും ദക്ഷിണകൊറിയന്‍ ഒഫീഷ്യല്‍സ് ആരോപിച്ചു.
ഒളിമ്പിക്സിലും കൂടുതല്‍
കായികതാരങ്ങളും ഒഫീഷ്യല്‍സും ചേര്‍ന്നുള്ള അംഗസംഖ്യ ക്രമാതീതമായി വര്‍ധിച്ചതാണ് ആതിഥേയരെ വലച്ചത്. താമസസൗകര്യം സ്വമേധയാ കണ്ടെത്തണമെന്ന് ഗെയിംസ് അധികൃതര്‍ അറിയിക്കുകയും ചെയ്തു. 2026 ഏഷ്യന്‍ ഗെയിംസില്‍ താരങ്ങളും ഒഫീഷ്യല്‍സും അടക്കം ഏകദേശം 15,000 പേര് എത്തുമെന്നായിരുന്നു ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (ഒസിഎ) ആദ്യം അറിയിച്ചത്.
എന്നാല്‍, കഴിഞ്ഞ ആഴ്ച ഈ സംഖ്യ 17,000ത്തിലേക്ക് ഉയര്‍ന്നു. 11,000 താരങ്ങളും 6,000 ഒഫീഷ്യല്‍സും അടക്കമാണിത്. ഇതോടെയാണ് താമസസൗകര്യം സ്വമേധയാ കണ്ടെത്തണമെന്നു സംഘാടകര്‍ നിര്ദേശിച്ചതെന്നതാണ് യാഥാര്‍ഥ്യം. ഗെയിംസിനായി പ്രത്യേക ഗെയിംസ് വില്ലേജ് ഇല്ല. കോസ്റ്റ സെറീന അടക്കമുള്ള സൗകര്യങ്ങളാണ് അധികൃതര്‍ ഒരുക്കിയത്. ഒളിമ്പിക്സിനുള്ളതിനേക്കാൾ താരങ്ങളും ഒഫീഷ്യലുകളും ഇത്തവണ ഗെയിംസിനെത്തുന്നു.
ചരിത്രത്തില്‍ ആദ്യം
ഏഷ്യന്‍ ഗെയിംസ് പോലൊരു പ്രമുഖ കായികപോരാട്ടത്തില്‍ താമസസൗകര്യത്തിനായി വിനോദസഞ്ചാര കപ്പല്‍ ഉപയോഗിക്കുന്നത് ചരിത്രത്തില്‍ ഇതാദ്യം. ഒരു രാജ്യാന്തര കായിക ഇവന്റില്‍ ഇത്തരത്തിലൊരു വ്യത്യസ്ത താമസസൗകര്യം ഒരുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംഘാടക സമിതി പ്രസിഡന്റ് ഹിഡേകി ഒമൗര വ്യക്തമാക്കി.
ഇന്നലെ കോസ്റ്റ സെറീന നഗോയ തീരത്ത് നങ്കൂരമിട്ടപ്പോള്‍ നല്കിയ സ്വീകരണത്തിനിടെയാണ് ഒമൗരയുടെ പ്രതികരണം. കോസ്റ്റ സെറീനയ്ക്കു നല്കിയ സ്വീകരണത്തില്‍ നഗോയ ഒമോടേനാഷി ബുഷോട്ടായി പരമ്പരാഗത സമുറായ് പ്രകടനങ്ങളടക്കം അരങ്ങേറി.
ഇറ്റലിയിലെ ജെനോവയില്നിന്നുള്ളതാണ് കോസ്റ്റ സെറീന വിനോദസഞ്ചാര കപ്പല്‍. 2007 മുതല്‍ വിനോദസഞ്ചാരങ്ങള്ക്കായി ഉപയോഗിക്കുന്നു. 3,700 സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളാണുള്ളത്. 1,100 ക്രൂ മെംബേഴ്സ് ഉണ്ട്.
ബാല്‍ക്കണി ക്യാബിന്‍സ് മാത്രം 557 എണ്ണമുണ്ട്. എട്ട് സ്വിമ്മിംഗ് പൂള്സ് & ഹോട്ട് ടബ്സ്, എട്ട് റെസ്റ്റോറന്റുകള്‍ സ്നാക്ക് ബാറുകള്‍, 10 ബാറുകള്‍ ലോഞ്ചുകള്‍, തിയേറ്ററുകള്‍, സ്പാ എന്നിങ്ങനെയുള്ള ആഡംബരങ്ങളാണ് കോസ്റ്റ സെറീനയിലുള്ളത്.
Tags : CostaSerena Reached Shore Sports