കോവളം: കോവളത്തെ വിവിധ സ്പാകളിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ ഇനിയും അറസ്റ്റിലാവാൻ സാധ്യത. കേസിൽ പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച റെയ്ഡ് നടത്തി. കോവളം, പൂവാർ, ചൊവ്വര, ചപ്പാത്ത് അടക്കമുള്ള മേഖലകളിലെ സ്പാകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും എസ്ഐടി പിടിച്ചെടുത്തു. നിലവിൽ രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാരും രണ്ട് സ്പാ നടത്തിപ്പുകാരും കുട്ടിയെ ബംഗളൂരുവിൽനിന്ന് കോവളത്ത് എത്തിക്കാൻ സഹായിച്ച ഇടനിലക്കാരിയും കുട്ടിയുടെ അമ്മയുടെ ഇളയ സഹോദരിയും അവരുടെ ഭർത്താവും ഉൾപ്പെട്ട ഏഴുപേരാണ് അറസ്റ്റിലായത്. ഇവരിൽ രണ്ടാം പ്രതിയായ തെലങ്കാന സ്വദേശി ജെല്ലാ ഗോപിയെയാണ് (42) കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി കോവളത്തും ചൊവ്വര ചപ്പാത്തിലുമുള്ള സ്പാകളിലെത്തിച്ച് തെളിവെടുത്തത്.
കുട്ടിയെ പീഡിപ്പിച്ച കേസിൽ കോവളം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്. ഈ കേസിലെ ബാക്കി പ്രതികളെ നവംബർ അഞ്ചിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. തുടർന്നാവും തമിഴ്നാട്ടിലെ വണ്ടല്ലൂർ പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിൽ അറസ്റ്റിലായ ഒന്നും രണ്ടും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനും അസിസ്റ്റന്റ് കമ്മിഷണറുമായ എസ്. ചന്ദ്രകുമാർ പറഞ്ഞു.
Tags : Spa rape case Investigation inspection Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash