കൊച്ചി: സൈബര്‍ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്താനും ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പിന്റെ നേതൃത്വത്തില്‍ പൊലിസ് നടപ്പാക്കുന്ന ക്ലിക്ക് (കമ്മ്യൂണിറ്റി ലെഡ് ഇനീഷ്യേറ്റീവ് ഫോര്‍ സൈബര്‍ റെസിലിയന്റ് കേരളം) പ്രചാരണത്തിന് ഇന്നു തുടക്കമാകും. 2027ഓടെ സമ്പൂര്‍ണ സൈബര്‍ റെസിലിയന്റ് കേരളം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നടന് മമ്മൂട്ടിയും കാന്പയിനിന്റെ ഭാഗമാകും.
രാവിലെ 10.30ന് കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിക്കും. നടന് മമ്മൂട്ടി, ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, സോഹോ കോര്പറേഷന് സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, സംസ്ഥാന പൊലിസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന് തുടങ്ങിയവര്‍ പങ്കെടുക്കും. സൈബര്‍ സേഫ് വില്ലേജ്, സൈബര്‍ റെസിലിയന്റ് സെന്ററുകള്‍, സൈബര്‍ ക്യാപ്റ്റന്മാര്, സൈബര്‍ ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്നിവയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.
സൈബര്‍ ആക്രമണങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും ആക്രമണങ്ങള്‍ ഉണ്ടായാല്‍ വേഗത്തില്‍ അതിജീവിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാനുമുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും ശേഷിയാണ് സൈബര്‍ റെസിലിയന്‍സ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, വ്യവസായമേഖല, സാമൂഹിക സംഘടനകള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഒരുമിപ്പിച്ച് സൈബര്‍സുരക്ഷയെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയാണ് ക്ലിക്ക് വിഭാവനം ചെയ്യുന്നത്.
Tags : cyber resilient Kerala Click Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash